News >> വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍
റോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍, പ്രസ്തുത രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പാ ഞായറാഴ്ച (13/12/15) തുറക്കും. രാവിലെ പ്രാദേശികസമയം 09.30 ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്) ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് ആരംഭിക്കും. വിശുദ്ധ വാതില്‍ തുറക്കുന്ന പാപ്പാ അതിലൂടെ കടക്കുന്നതിനെ തുടര്‍ന്ന് റോം രൂപതയുടെ വികാരി കര്‍ദ്ദിനാള്‍ അഗൊസ്തീനൊ വല്ലീനി, സഹായമെത്രാന്മാര്‍, റോം രൂപതയിലെ 6 വൈദികര്‍, 1 ശെമ്മാശന്‍, 15 അല്മായവിശ്വാസികള്‍ എന്നിവര്‍ ഈ വാതിലിലൂടെ ദേവാലയത്തിലേക്ക് പ്രവേശിക്കും. വിശുദ്ധകവാടം തുറക്കല്‍ കര്‍മ്മാനന്തരം ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലിയര്‍പ്പിക്കപ്പെടും. വിശുദ്ധ ജോണ്‍ ലാറ്റെറന്‍ ബസിലിക്കയിലെ വിശുദ്ധ വാതില്‍ ഇറ്റലി സ്വദേശിയായ ഫ്ലൊറിയാനൊ ബൊദീനി എന്ന ശില്പിയുടെ കരവേലയാണ്. 1998-ലാരംഭിച്ച ഈ വെങ്കലവാതില്‍ നിര്‍മ്മാണം രണ്ടായിരാമാണ്ടിന്‍റെ അവസാനമാണ് തീര്‍ന്നത്. 2001 ജനുവരി 5 നാണ് ഈ വിശുദ്ധ വാതില്‍, അന്ന് പാപ്പായുടെ റോം രൂപതയ്ക്ക് വേണ്ടിയുള്ള വികാരിയായിരുന്ന കര്‍ദ്ദിനാള്‍ കമീല്ലൊ റുയീനി അടച്ചത്. 12 അടി (3.60 മീറ്റര്‍) ഉയരവും 6 അടി 10 സെന്‍റീമീറ്റര്‍ (1.90 മീറ്റര്‍) വീതിയുമുള്ളതാണ് ഈ വാതില്‍. റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയിലെ വിശുദ്ധ വാതിലും കരുണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ച് ഈ ഞായറാഴ്ച തുറക്കപ്പെടും. പാപ്പാ പ്രത്യേകം നിയോഗിച്ചിരിക്കുന്ന കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വ്വെ ആയിരിക്കും ഈ വിശുദ്ധ വാതില്‍ തുറക്കുക. ഇറാക്ക്, സിറിയ, വിശുദ്ധനാട്, ലെബനന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, ബള്‍ഗറിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഈ ഞായറാഴ്ച വിശുദ്ധ വാതിലുകള്‍ തുറക്കപ്പെടും. അമലോത്ഭവനാഥയുടെ തിരുന്നാള്‍ ദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ കരുണയുടെ വിശുദ്ധ വര്‍ഷം ഉദ്ഘാടനം ചെയ്തത്.Source: Vatican Radio