News >> മനുഷ്യാവകാശ സംരക്ഷണത്തിനു മദ്യനിരോധനം വേണമെന്നു ജസ്റീസ് സിറിയക് ജോസഫ്
ആലപ്പുഴ: മനുഷ്യാവകാശ സംരക്ഷണമുറപ്പിക്കാന്‍ സര്‍ക്കാര്‍ മദ്യനിരോധനം നടപ്പിലാക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ്. ഭരണഘടനയുടെ 47-ാം വകുപ്പനുസരിച്ച് മാര്‍ഗനിര്‍ദേശക തത്വങ്ങളിലൊന്നാണ് മദ്യനിരോധനം. അതുകൊണ്ടുതന്നെ ഭരണഘടനയിലെ വകുപ്പിലുള്‍പ്പെട്ട കാര്യം നടപ്പിലാക്കണമെന്നതാണ് മദ്യനിരോധനം നടപ്പിലാക്കണമെന്നു പറയുന്നതിലുള്ളതും. കെസിബിസി മദ്യവിരുദ്ധസമിതി 17-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മളനം ആലപ്പുഴ ലിയോതേര്‍ട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ പോലും മദ്യരാജാക്കന്‍മാര്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്ന അവസ്ഥയാണ് നിലവില്‍. മദ്യത്തിനെതിരേ നി ലകൊള്ളുന്നവരെ ആക്ഷേപിക്കാന്‍ ചില മാധ്യമങ്ങളടക്കം രംഗത്തും വരുന്നു. മദ്യപാനം തടയുകയെന്ന ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്. മിക്ക മനുഷ്യാവകാ ശ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അഴിമതികളുടെയും പ്രേരകശക്തി തന്നെ മദ്യമാണ്. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാ ക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണ്. സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മദ്യപാനം ആവശ്യമേയല്ല. സര്‍ക്കാരിനു മദ്യത്തില്‍നിന്നും നികുതിയിനത്തില്‍ കിട്ടുന്ന തുക മദ്യം മൂലമുണ്ടാകുന്ന കൃത്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ പോലും തി കയുന്നില്ലെന്നതാണ് യാഥാര്‍ഥ്യ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നിലവിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചതിനൊപ്പം വരുന്ന തെരഞ്ഞെടുപ്പിലെ പ്രകടനപത്രികകളില്‍ മദ്യനിരോധനം എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കേരള ജനത പ്രതികരിക്കുമെന്ന മുന്നറിയിപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനും താമരശേരി രൂപതാധ്യക്ഷനുമായ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മുഖ്യപ്രഭാഷകനായ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഫോണിലൂടെയാണ് തന്റെ സന്ദേശം യോഗത്തെ അറിയിച്ചത്. സര്‍ക്കാരിന്റെ മദ്യനയം മൂലം മദ്യവില്പനയില്‍ ഗണ്യമായ കുറവുണ്ടായതായി പറഞ്ഞ സുധീരന്‍ ബിയര്‍-വൈന്‍ വില്പനയില്‍ ഉയര്‍ച്ചയുണ്ടാകുന്നതില്‍ ആശങ്കയും പ്രകടിപ്പിച്ചു.
ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍, മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മദ്യവി രുദ്ധസമിതി വൈസ്ചെയര്‍മാനും കോട്ടപ്പുറം ബിഷപ്പുമായ ഡോ. ജോസഫ് കാരിക്കശേരി, ആലപ്പുഴ രൂപത വികാരിജനറാള്‍ മോണ്‍. ജെയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. അഡ്വ. ചാര്‍ലിപോള്‍, പ്രസാദ് കുരുവിള, എഫ്.എം. ലാസര്‍, യോഹന്നാന്‍ ആന്റണി, ഫാ. ജേക്കബ് തൈത്തോട്ടം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പള്ളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ഫാ. ടി.ജെ. ആന്റണി സ്വാഗതവും ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറഞ്ഞു. രാവിലെ പ്രതിനിധി സമ്മേളനവും പഠനസെമിനാറുമുണ്ടായിരുന്നു.
Source: Deepika