News >> ദൈവിക കരുണയില്‍ പ്രതീക്ഷയര്‍പ്പിക്കുകയെന്നത് മനോഹരമാണ്
ദൈവിക കരുണയില്‍ പ്രതീക്ഷയര്‍പ്പിക്കുകയെന്നത് മനോഹരമാണെന്ന് പാപ്പാ ഫ്രാന്‍സിസ്, തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പുരോഹിതരുടെ വിട്ടുവീഴ്ചയില്ലായ്മ ഹൃദയങ്ങളെ അടയ്ക്കുന്നതും വേദനിപ്പിക്കുന്നതുമായിരിക്കേ, ദൈവിക കാരുണ്യത്തിലുള്ള പ്രത്യാശ വിജ്ഞാനമണ്ഡലങ്ങളെ തുറക്കുന്നതും നമ്മെ സ്വതന്ത്രമാക്കുന്നതുമാണെന്ന് പാപ്പാ വ്യക്തമാക്കി.നാമെല്ലാം പാപികളാണെങ്കിലും ഭയപ്പെടേണ്ടെന്നും നമ്മുടെ തെറ്റുകളെക്കാള്‍ വലിയവനാണ് ദൈവമെന്നും അന്നത്തെ വിശുദ്ധഗ്രന്ധ വായനയിലെ ബാലാമിനെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ദൈവം എല്ലായ്പ്പോഴും സത്യം ദര്‍ശിക്കുന്നുവെന്നും സത്യമാണ് പ്രത്യാശ പകരുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പ്രത്യാശയെന്നത് ക്രിസ്തീയ സത്ഗുണമാണെന്നും ദൈവിക മനോഹാരിതയെ കാണുന്നതിനും, നമ്മുടെ വേദനകള്‍ക്കും പ്രശ്നങ്ങള്‍ക്കും തെറ്റുകള്‍ക്കുമപ്പുറത്തേയ്ക്ക് കാണുന്നതിനും കഴിയുന്ന ദൈവദാനമാണതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഈ കരുണയുടെ വിശുദ്ധ വര്‍ഷത്തില്‍ ദൈവിക കരുണയിലും എല്ലാം പൊറുക്കുന്ന ദൈവപിതാവിലും പ്രതീക്ഷയര്‍പ്പിക്കാമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.Source: Vatican Radio