News >> തൊഴില്‍ എല്ലാവരുടെയും അവകാശം


നിര്‍ദ്ദേശിക്കപ്പെട്ട കുറച്ചുപേര്‍ക്കു മാത്രം ഉദാരമായി ലഭിക്കുന്ന ദാനമല്ല തൊഴില്‍, എല്ലാവരുടെയും അവകാശമാണ് തൊഴിലെന്ന് ഊന്നിപ്പറയുന്നു പാപ്പാ.

ഇറ്റലിയിലെ മെത്രാന്‍സമിതിയുടെ "പോളിക്കോറോ പ്രൊജക്ടി"ല്‍ പങ്കെടുക്കുന്നവരുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചാവേളയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ  ഇപ്രകാരം ചൂണ്ടിക്കാട്ടിയത്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്‌മാപ്രശ്നങ്ങളെ നേരിടുന്നതിനായി 20 വര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ പദ്ധതി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സംരംഭമാണെന്നും,  മനുഷ്യജീവിതത്തിന്‍റെ മാഹാത്മ്യത്തെ സ്ഥിരീകരിക്കേണ്ട ഇന്നിന്‍റെ ആവശ്യകതയെ ഈ പദ്ധതി മറക്കരുതെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

എത്രയോ യുവജനങ്ങളാണ് തൊഴിലില്ലായ്മയ്ക്ക് ഇരയാകുന്നതെന്നും, യോഗ്യരായവരോടു പോലുമുള്ള സമൂഹത്തിന്‍റെ തിരസ്കരണവും നിസ്സംഗതയുംകാരണം എത്രയധികം പേരാണ് തൊഴില്‍ അന്വേഷിക്കുന്നതുതന്നെ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഓരോ ജോലിക്കാരനും തൊഴിലാളിക്കും തങ്ങളുടെ മാഹാത്മ്യത്തെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് അവരുടെ പ്രയത്നങ്ങളും ഊര്‍ജ്ജസ്വലതയും നിക്ഷേപങ്ങളും ഉപയോഗപ്രദമാണെന്ന ആത്മവിശ്വാസം വളര്‍ത്തുവാന്‍ കഴിയണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന് അവരെ ഭരമേല്‍പ്പിക്കുന്നുവെന്നും, തിരുക്കുടുംബത്തെ പ്രകാശിപ്പിച്ച ദൈവികകരുണയുടെ മുഖം അവരുടെ പാതകളെ പ്രകാശിപ്പിക്കട്ടെയെന്നും, ക്രിയാത്മകതയുടെയും പ്രതീക്ഷയുടെയും വഴികള്‍ ദൈവം അവര്‍ക്ക് ചൂണ്ടിക്കാണിക്കട്ടെയന്നും പാപ്പാ ആശംസിക്കുകയും ചെയ്തു. 

Source: Vatican Radio