News >> കുടുംബജീവിത കൌണ്‍സലിംഗ്: കത്തോലിക്ക- യാക്കോബായ സംയുക്ത മാര്‍ഗരേഖയ്ക്കു സമിതി
പുത്തന്‍കുരിശ്: യുവതീയുവാക്കള്‍ക്കു കുടുംബജീവിതത്തെകുറിച്ചു ശരിയായ കാഴ്ചപ്പാടുകള്‍ നല്‍കാനും വിവാഹജീവിതത്തിനു മുമ്പും ശേഷവും ഫാമിലി കൌണ്‍സലിംഗ് കാര്യങ്ങള്‍ക്ക് വൈദികരെ സജ്ജമാക്കാനും സംയുക്ത മാര്‍ഗരേഖ തയാറാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ കത്തോലിക്ക, യാക്കോബായ സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതി സമ്മേളനം തീരുമാനിച്ചു.
പുതിയ കാലഘട്ടത്തില്‍ വിവാഹബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചയും കുടുംബപ്രശ്നങ്ങളും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സമ്മേളനം ചര്‍ച്ച ചെയതു. ഇരു സഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള സാധ്യതകളും സമ്മേളനം വിലയിരുത്തി. കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഇരുസഭകളും സംയുക്തമായി നിലകൊള്ളാനും സമ്മേളനത്തില്‍ തീരുമാനമായി.
പരസ്പരം അംഗീകരിച്ച സഹകരണത്തിന്റെ മേഖലകള്‍ ഇരുസഭകളുടെയും സമസ്ത മേഖലകളെയും ആശ്ളേഷിക്കുന്നതാണെന്നും അത് കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. 25 വര്‍ഷമായി നടന്നുവരുന്ന ചര്‍ച്ചകളുടെ ഫലമായി പരസ്പരം കൂദാശകള്‍ അംഗീകരിക്കാനും പ്രത്യേക സാഹചര്യങ്ങളില്‍ കുമ്പസാരം, കുര്‍ബാന, തൈലാഭിഷേകം എന്നീ കൂദാശകള്‍ പങ്കുവയ്ക്കാനും ഇരു സഭകളിലെയും വിശ്വാസികള്‍ക്ക് തടസം കൂടാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കാനും ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സമ്മേളനം സംതൃപ്തി പ്രകടിപ്പിച്ചു. പത്രോസിന്റെ പ്രഥമ സ്ഥാനീയതയെകുറിച്ച് രൂപപ്പെടുത്തിയ പൊതുപ്രഖ്യാപനം ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ പാതയില്‍ വലിയൊരു മുന്നേറ്റമായിരിക്കുമെന്ന് സമ്മേളനം വിലയിരുത്തി. മധ്യപൂര്‍വ ദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അവിടെ നിന്നു പലായനം ചെയ്യുന്ന അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രയത്നിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.
കമ്മീഷന്റെ കോ-ചെയര്‍മാന്‍മാരായ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ.ബ്രയല്‍ ഫാരല്‍, യാക്കോബായ സഭയുടെ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മോണ്‍. ഗബ്രിയേല്‍ ക്വിക്ക്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ. ഡോ. അഗസ്റിന്‍ കാടാപറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്കോപ്പ, ഫാ. ഷിബു ചെറിയാന്‍, ഫാ. പ്രിന്‍സ് പൌലോസ്, ഫാ. അജി ജോര്‍ജ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Source: Deepika