News >> ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയില്‍

സെബി മാളിയേക്കല്‍

തൃശൂര്‍: തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ (CHF) സഹസ്ഥാപകനും അവിഭക്ത തൃശൂര്‍ രൂപതാംഗവുമായ ദൈവദാസന്‍ ജോസഫ് വിതയത്തിലച്ചന്‍ ധന്യപദവിയില്‍. വിതയത്തിലച്ചനെ ഇന്നലെ (15-12-2015) ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യനാക്കി ഉയര്‍ത്തി. വിതയത്തിലച്ചന്റെ ജീവിതവും പുണ്യങ്ങളും പഠിച്ച ദൈവശാസ്ത്ര സംഘവും കര്‍ദിനാള്‍ - ബിഷപ് സംഘവും, ദൈവിക പുണ്യങ്ങളും സാന്മാര്‍ഗിക പുണ്യങ്ങളും അദ്ദേഹം വീരോചിതമായി അഭ്യസിച്ച് ജീവിച്ചിരുന്നുവെന്നുള്ള നിഗമനത്തില്‍ ഐകകണ്ഠ്യേന എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ധന്യനാക്കി ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ നടപടി. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളില്‍ സുപ്രധാനമായ രണ്ടാംഘട്ടമാണിത്. തുടര്‍ന്നു മധ്യസ്ഥതയാലുള്ള അത്ഭുതങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് വാഴ്ത്തപ്പെട്ടവനും പിന്നീട് വിശുദ്ധനും ആയി പ്രഖ്യാപിക്കുക.

2004 ജൂണ്‍ ഏഴിനാണ് വിതയത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2013 ല്‍ ജീവിതവും പുണ്യങ്ങളും അടങ്ങുന്ന രേഖ റോമില്‍ സമര്‍പ്പിച്ചു. റവ. ഡോ. ബെനഡിക്ട് വടക്കേക്കര പോസ്റുലേറ്ററും സിസ്റര്‍ ഡോ. റോസ്മിന്‍ മാത്യു സിഎച്ച് എഫ് വൈസ് പോസ്റുലേറ്ററുമായിരുന്നു. 
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവായിരുന്നു ജോസഫ് വിതയത്തിലച്ചന്‍. വരാപ്പുഴ പുത്തന്‍പള്ളി വിതയത്തില്‍ ലോനക്കുഞ്ഞിന്റെയും മൂഴിക്കുളത്ത് പാനികുളം താണ്ടയുടെയും രണ്ടാമത്തെ മകനായി 1865 ജൂലൈ 23നാണ് ജോസഫ് വിതയത്തില്‍ ജനിച്ചത്. 1894 മാര്‍ച്ച് 11ന് തൃശൂര്‍ വികാരിയാത്തിനായി ഒല്ലൂരില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു. എട്ടുവര്‍ഷത്തോളം പല ഇടവകകളില്‍ അജപാലന ശുശ്രൂഷ നടത്തിയ ശേഷം 1902 ല്‍ പുത്തന്‍ചിറ വികാരിയായി. 1914 ല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ തിരുക്കുടുംബ സന്യാസിനി സമൂഹം സ്ഥാപിച്ചപ്പോള്‍ സഹസ്ഥാപകനായി.1922 ല്‍ കുഴിക്കാട്ടുശേരി ഹോളി ഫാമിലി മഠം ആരംഭിച്ചപ്പോള്‍ അന്നുമുതല്‍ മഠത്തിന്റെ കപ്ളോനായിരുന്നു. ജീവിതാവസാനം വരെ അവിടെ തുടര്‍ന്നു. 70 വര്‍ഷത്തെ പൌരോഹിത്യ ജീവിതത്തില്‍ 62 വര്‍ഷവും ഇപ്പോഴത്തെ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറ, കുഴിക്കാട്ടുശേരി ഭാഗമായിരുന്നു കര്‍മമണ്ഡലം. ആര്‍ഭാടങ്ങളില്‍ നിന്നകന്ന് ലളിതജീവിതം നയിച്ചിരുന്ന ഋഷിതുല്യനായ സമര്‍പ്പിതനായിരുന്നു മണിക്കൂറുകളോളം ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിച്ചിരുന്ന ഇദ്ദേഹം.
Source: Deepika