News >> രക്ഷ സൗജന്യമാണ്, വാങ്ങിക്കാനുള്ളതല്ല
യേശുവാണ് വാതില്‍. യേശു സൗജന്യമാണ്, അതുപോലെ രക്ഷയും. അത് വാങ്ങിക്കാനുള്ളതല്ല എന്ന് ഡിസംബര്‍ 16-ലെ പൊതുകൂടിക്കാഴ്ച സന്ദേശത്തില്‍ പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി. പാപ്പായുടെ സന്ദേശ സംഗ്രഹം താഴെ ചേര്‍ക്കുന്നു:കരുണയുടെ ജൂബിലിവര്‍ഷം, സാര്‍വത്രികസഭയിലെ കൂട്ടായ്മയുടെ കാണപ്പെടുന്ന ഒരു പ്രകടനമെന്നവണ്ണം റോമില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള രൂപതകളിലെ വിശുദ്ധകവാടങ്ങള്‍ തുറന്നുകൊണ്ട് ആരംഭിച്ചുവല്ലോ. ക്ഷമയുടെയും കരുണയുടെയും മുഖമുള്ള ദൈവസ്നേഹം അനന്തമാണ്. നാം ഓരോരുത്തരും സഹാനുഭൂതിയും കരുണയും ക്ഷമയും പ്രാവര്‍ത്തികമാക്കിക്കൊണ്ട് ദൈവസ്നേഹത്തിന്‍റെ ശക്തമായ പ്രതീകമാകുന്നതുവഴി, ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അങ്ങനെ സമാധാനവും അനുരഞ്ജനവും നമ്മുടെ ഇടയില്‍ വളര്‍ത്തിയെടുക്കുവാനും സാധിക്കും.കരുണയും ക്ഷമയും മനോഹരമായ വാക്കുകളില്‍ മാത്രം നിലകൊള്ളേണ്ട ഒന്നല്ല, ദൈനംദിന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടവയാണ്. വിശ്വാസം നമ്മെ മാനസാന്തരപ്പെടുത്തുന്നുവെന്നതിന്‍റെ വ്യക്തമായ, ദൃശ്യമായ തെളിവാണ് സ്നേഹവും ക്ഷമയും. അത് നമ്മിലെ ദൈവികസാന്നിദ്ധ്യത്തെയാണ് പ്രകടമാക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുകയും മാപ്പുതരുകയും ചെയ്യുന്നതുപോലെ നാമും സ്നേഹിക്കുകയും ക്ഷമിക്കുകയും വേണം. ഒരു ഒഴിവുകഴിവുമില്ലാത്ത, തടസ്സമില്ലാത്ത ജീവിത കാര്യക്രമമാണത്.ക്രൈസ്തവജീവിതത്തിന്‍റെ ഈ വലിയ അടയാളം ജൂബിലിവര്‍ഷത്തിലെ സവിശേഷമായ പല അടയാളങ്ങളിലേയ്ക്കും നമ്മുടെ ശ്രദ്ധ തിരിക്കുന്നു. കരുണയുടെ വിശുദ്ധവാതിലിലൂടെ പ്രവേശിക്കുന്നതുവഴി നാം പ്രകടമാക്കുന്നത് ക്രിസ്തുവിന്‍റെ രക്ഷാകര സ്നേഹത്തിന്‍റെ ദിവ്യരഹസ്യത്തിലേയ്ക്ക് പ്രവേശിക്കാനുള്ള നമ്മുടെ ആഴമായ തീക്ഷണതയാണ്, ആഗ്രഹമാണ്. വി. യോഹന്നാന്‍ 10:9-ല്‍ യേശു തന്നെയാണ് നിത്യജീവന്‍റെ വാതിലെന്ന് അവന്‍ നമ്മോട് പറയുന്നതായി നാം വായിക്കുന്നുണ്ട്. വിധിയാളനായല്ല, രക്ഷകനായി വന്ന യേശുക്രിസ്തുവില്‍ ശരണപ്പെടുന്നതിന്‍റെ അടയാളവുമാണ് വിശുദ്ധവാതിലിലൂടെയുള്ള പ്രവേശനം. യേശുവാണ് വാതില്‍, യേശു സൗജന്യമാണ്, അതുപോലെ രക്ഷയും. അത് വാങ്ങിക്കാനുള്ളതല്ല. വിശുദ്ധവാതിലിന്‍റെ പേരില്‍ കാപട്യം കാണിക്കുന്നവരെ ശ്രദ്ധിക്കുകായെന്ന് പാപ്പാ മുന്നറിയിപ്പു നല്‍കുന്നു. അതോടൊപ്പം യഥാര്‍ത്ഥ മാനസാന്തരത്തിലൂടെ ദൈവത്തോടും സഹോദരങ്ങളോടുമുള്ള സത്യസന്ധമായ സ്നേഹത്തിലേയ്ക്ക് നമ്മുടെ ഹൃദയവാതിലുകള്‍ തുറക്കുവാനായി യേശു നമ്മോട് ആവശ്യപ്പെടുന്നുമുണ്ട്. ദൈവം എല്ലാവരെയും സ്വീകരിക്കുന്നതിന്‍റെ അടയാളമായി വിശുദ്ധവാതില്‍ തുറന്നിട്ടിരിക്കുന്നതുപോലെ ആരെയും ഒഴിവാക്കാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ ഹൃദയങ്ങളും വിശാലമായ തുറവിയുള്ളതാകട്ടെ.ഈ ജൂബിലിവര്‍ഷത്തിലെ അനുഗ്രഹത്തിന്‍റെ പ്രത്യേക പ്രതീകമാണ്, അടയാളമാണ് അനുരഞ്ജനകൂദാശ. അതിലൂടെ നമ്മുടെ പാപാവസ്ഥയെ ഏറ്റുപറയുവാനും ദൈവികകരുണ അനുഭവിക്കുവാനും ഈ ലോകത്തെ അനുരഞ്ജിപ്പിക്കുന്ന സ്നേഹത്തിനു കൂടുതല്‍ ഫലപ്രദമായ അടയാളങ്ങളാകുവാനുള്ള അനുഗ്രഹം പ്രാപിക്കുവാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.നാം ക്ഷമ ചോദിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷമാണ്. ചിലരൊക്കെ പലതവണ പറയുന്നത് കേട്ടിട്ടുണ്ട്, ഫാദര്‍, എനിക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല, നമുക്ക് ക്ഷമിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എങ്ങനെയാണ് നമ്മോട് ക്ഷമിക്കാന്‍ ദൈവത്തോട് പറയുകയെന്ന് ചോദിക്കുന്നു പാപ്പാ. തീര്‍ച്ചയായും ക്ഷമിക്കുകയെന്നത് എളുപ്പമല്ല. നമ്മുടെ ഹൃദയം ബലഹീനമാണ്, ദൈവത്തിന്‍റെ ശക്തിയില്ലാതെ നമുക്കതിന് കഴിയില്ല. എന്നാല്‍ ദൈവികകരുണ സ്വീകരിക്കാന്‍ നാം തുറവിയുള്ളവരാകുമ്പോള്‍ നമ്മള്‍ ക്ഷമിക്കുവാന്‍ പ്രാപ്‌തിയുള്ളവരാകുന്നു. ചില വ്യക്തികളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയാത്തവിധം അത്രയധികം വെറുപ്പാണെങ്കിലും ഞാന്‍ ക്ഷമിക്കുന്നുവെന്ന് ചിലര്‍ പറയാറുണ്ട്. എല്ലാ ദിവസവും നമുക്കെല്ലാം അങ്ങനെ ചെയ്യാന്‍ കഴിയണം. അതിനാല്‍ ധൈര്യം സംഭരിക്കുക. ആ വലിയ സ്നേഹത്തിന്‍റെ ശക്തമായ അടയാളമായി ഈ ജൂബിലിവര്‍ഷം ജീവിക്കാനാരംഭിക്കാം. നമ്മുടെ ജീവിതത്തിന് അത്യാവശ്യമായ മറ്റു പല അടയാളങ്ങളിലേയ്ക്കും നയിക്കാന്‍ ദൈവം നമ്മോടു കൂടെയുണ്ട്. അതുകൊണ്ട്, സധൈര്യം മുന്നോട്ടുപോകുകയെന്ന പ്രോത്സാഹനത്തോടെയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.Source: Vatican Radio