News >> ജന്മനാളില്‍ പാപ്പായോടു കൂട്ടുചേര്‍ന്ന ഇറ്റലിയുടെ യുവജന പ്രതിനിധികള്‍


നന്മയുടെ വഴിയെ നടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍‍  ഇറ്റലിയിലെ യുവജന പ്രസ്ഥാനം Catholic Action-ന്‍റെ  ദേശീയ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചത്.

'ക്രിസ്തുവിലേയ്ക്കുള്ള യാത്ര!' (The Journey to Christ) എന്ന വ്രതം  സംഘടനയില്‍നിന്നും സ്വീകരിച്ചിട്ടുള്ള യുവജനങ്ങള്‍ തിന്മയുടെയല്ല നന്മയുടെ വഴിയെ നടക്കേണ്ടവരാണെന്ന്  പാപ്പാ അനുസ്മരിപ്പിച്ചു.  പകയുടെയല്ല ക്ഷമയുടെയും, കലാപത്തിന്‍റെയല്ല സമാധാനത്തിന്‍റെയും, സ്വാര്‍ത്ഥതയുടെതല്ല  കൂട്ടായ്മയുടെയും പാത സ്വീകരിക്കുന്നതാണ് "നന്മയുടെ പാത"കൊണ്ട്  താന്‍ ഉദ്ദേശിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.

Catholic Action എന്ന ഇറ്റലിയുടെ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായ നിങ്ങളോരോരുത്തരുമായി പഠനസ്ഥലത്തും കളിസ്ഥലത്തും വീടുകളിലും ബന്ധപ്പെടുന്നവര്‍ നിങ്ങളിലുള്ള ക്രിസ്തുവിനെ തിരിച്ചറിയുന്നുണ്ട്. അങ്ങനെ ധാരാളം യുവജനങ്ങള്‍ നിങ്ങളിലൂടെ  ക്രിസ്തുവിലേയ്ക്കും അവിടുത്തെ നന്മയിലേയ്ക്കും സ്നേഹത്തിലേയ്ക്കും കടന്നുവരുവാന്‍ ഇടയാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.

കത്തോലിക്കാ യുവജനങ്ങളിലൂടെ ക്രിസ്തുസാന്നിദ്ധ്യം അറിയുന്നവര്‍, അങ്ങനെ ദൈവികസാന്നിദ്ധ്യത്തിലും അതിന്‍റെ സന്തോഷത്തിലും ആയിരിക്കുവാന്‍  ഇടയാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  അതിന്‍റെ തുടര്‍ച്ചായി, യുവജനങ്ങള്‍ ബൈബിള്‍ വായിക്കുകയും, ക്രിസ്തുവിനെ അടുത്തറിയുകയും, അവിടുത്തെ മിഷണറിമാരായി തീരുകയും ചെയ്യും.  അങ്ങനെ അവരും മറ്റുള്ളവരെ ക്രിസ്തുവിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുവാന്‍  പരിശ്രമിക്കുമെന്നും പാപ്പാ  ഉദ്ബോധിപ്പിച്ചു.

സിസിലിയുടെ തീരപ്രദേശത്ത് മദ്ധ്യധരണി ആഴിയെ മുട്ടിക്കിടക്കുന്നതും, ഏറെ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യമുള്ളതുമായ അഗ്രിജേന്തോ അതിരൂപതയെ വിവിധ തരത്തില്‍, പണംകൊണ്ടും ശ്രമംകൊണ്ടും തുണയ്ക്കുവാനുള്ള സംഘടനയുടെയും അതിലെ ഓരോ ​അംഗങ്ങളുടെയും പരിശ്രമങ്ങളെ ശ്ലാഘിച്ച പാപ്പാ യുവജനങ്ങള്‍ക്കും അവരുടെ കുടുംബങ്ങളിലുള്ള എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.

ബെത്ലഹേമില്‍ ജാതനായ ക്രിസ്തു നിങ്ങളെ നയിക്കട്ടെ!  അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാനാഥ നിങ്ങളെ കാത്തുപാലിക്കട്ടെ!  തനിക്കുവേണ്ടി  പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് യുവജനങ്ങളെ സ്നേഹത്തോടെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

സന്ദേശത്തെ തുടര്‍ന്ന് Catholic Action സംഘടനാപ്രതിനിധികള്‍ പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേരുവാനും മറന്നില്ല.

Source: Vatican Radio