News >> നിസ്സംഗ ഭാവം വെടിഞ്ഞാല്‍ ലോകത്ത് സമാധാനം കൈവരിക്കാം
നിസ്സംഗത വെടിഞ്ഞാല്‍ ലോകത്ത് സമാധാനം കൈവരിക്കാമെന്ന് വത്തിക്കാനിലേയ്ക്കുള്ള പുതിയ അംബാസിഡര്‍മാരെ പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ ഇന്ത്യ, ബഹറീന്‍, ഗ്വീനിയ, ലാത്വിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കു പുതിയ രാഷ്ട്രപ്രതിനിധികളെ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് ലോകസമാധാനത്തിന്‍റെ ചിന്തകള്‍ പാപ്പാ പങ്കുവച്ചത്.ആഗോളവത്ക്കരണത്തിന്‍റെ നവമായ പ്രതിഭാസം ലോകത്ത് ഐക്യത്തിനും കൂട്ടായ്മയ്ക്കും പകരം നിഷേധാത്മകമായ സ്വാര്‍ത്ഥതയുടെയും നിസ്സംഗതയുടെയും സംസ്ക്കാരമാണ് നിര്‍ഭാഗ്യവശാല്‍ വളര്‍ത്തിയിരിക്കുന്നതെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. താന്‍ പരാമര്‍ശിക്കുന്ന നിസ്സംഗതയുടെ പ്രത്യക്ഷരൂപം മനുഷ്യന്‍ ദൈവത്തെ മറന്നു ജീവിക്കുന്ന സന്തുലിതമല്ലാത്തൊരു മാനവികതയാണ്. അതുവഴി മനുഷ്യന്‍ ഭൗതിക ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന ബിംബവത്ക്കരണത്തിലേയ്ക്കു വീഴുന്നു. മനുഷ്യര്‍ അതിന് അടിമകളായിത്തീരുകയും ചെയ്യുന്നു.അനുഭവേദ്യമാകുന്നതും നിഷേധാത്മകവുമായ, സന്തുലിതമല്ലാത്ത മാനവികതയുടെ പ്രത്യാഘാതമാണ് ഇന്നിന്‍റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. (LS 115, 121). ദൈവത്തോടുള്ള മനുഷ്യന്‍റെ നിസ്സംഗതയുടെ പ്രത്യാഘാതങ്ങളാണ് ഇന്നിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ സംഘര്‍ഷങ്ങളെന്ന് പാപ്പാ കൃത്യമായി വിവരിച്ചു. അതിനാല്‍ പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും ഒരു സംസ്കൃതി ഇനിയും ലോകത്ത് പുനര്‍സ്ഥാപിക്കുന്നതിന് രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടുംകൂടെ പരിശ്രമിക്കണമെന്ന് പാപ്പാ അംബാസിഡര്‍മാരെ അനുസ്മരിപ്പിച്ചു.വ്യക്തിപരവും സമൂഹികവുമായ ഐക്യദാര്‍ഢ്യത്തിന്‍റെ മനഃസ്ഥിതി വളര്‍ത്തിയെടുക്കാന്‍ രാഷ്ട്രങ്ങളും രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവരും നിരന്തരമായി പരിശ്രമിക്കണമെന്ന് അനുസ്മരിപ്പിച്ച പാപ്പാ, ആഗോളസഭ ആചരിക്കുന്ന കാരുണ്യവര്‍ഷത്തെക്കുറിച്ചും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവര്‍ത്തികളിലൂടെ ലോകത്ത് നീതിയും സമാധാനവും ഐക്യവും ഐക്യദാര്‍ഢ്യവും വളര്‍ത്തുവാനുള്ള സഭയുടെ എളിയ പരിശ്രമത്തിന്‍റെ ഭാഗമാണ് താന്‍ പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവത്സരമെന്നു പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.Source: Vatican Radio