News >> അനാഥര്‍ക്കും രോഗികള്‍ക്കും സ്നേഹത്തിന്റെ മധുരം വിളമ്പി മാര്‍ ആലഞ്ചേരി

കോട്ടയം: അനാഥര്‍ക്കും വേദനിക്കുന്നവര്‍ക്കും പ്രത്യാശയുടെ ക്രിസ്മസ് സന്ദേശവും സമ്മാനവുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍പ്പൂക്കര നവജീവന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുമൊപ്പം അദ്ദേഹം ഇന്നലത്തെ പകല്‍ ചെലവഴിച്ചു. രാവിലെ 10.30നു നവജീവനിലെത്തിയ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നവജീവന്‍ ട്രസ്റി പി.യു. തോമസും ശുശ്രൂഷകരും അന്തേവാസികളും മാലയിട്ടു സ്വീകരിച്ചു. ചായസല്‍ക്കാരത്തിനു ശേഷം ഇവിടെ കിടപ്പുരോഗികളായ അന്തേവാസികളെ സന്ദര്‍ശിച്ച് സാന്ത്വനം അറിയിച്ചും സ്നേഹസമ്മാനം നല്‍കിയും സന്തോഷം പങ്കുവച്ചു.

നവജീവന്‍ തുടങ്ങിയ കാലത്തെ അന്തേവാസിയായ രാജസ്ഥാന്‍ സ്വദേശിനി മനു ഭായിയോടു ഹിന്ദിയില്‍ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ കര്‍ദിനാള്‍ സ്ത്രീകളുടെ വാര്‍ഡിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സരസമ്മയോടും വിവരങ്ങള്‍ ആരാഞ്ഞു. ചിലരോടു തമിഴില്‍ സംസാരിച്ചു. അന്തേവാസികളുടെയും തലയില്‍കൈവച്ചു പ്രാര്‍ഥിക്കാനും വിശേഷങ്ങള്‍ അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. മനസിനു സമനില തെറ്റിയ അന്തേവാസികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. നവജീവനിലും വിവിധ ആശുപത്രികളിലുമായി ദിവസം അയ്യായിരം പേര്‍ക്കു സൌജന്യമായ ഭക്ഷണം തയാറാക്കുന്ന അടുക്കളയിലേക്കാണ് അദ്ദേഹം പിന്നീടു കടന്നുചെന്നത്. പാചകപ്പുരയിലെ ശുശ്രൂഷകര്‍ക്കൊപ്പം പിതാവ് പാചകത്തിലും സഹകാരിയായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കി. 

പരിപൂര്‍ണമായ സമത്വമാണ് നമുക്കിടയില്‍ വേണ്ടത്. എല്ലാവരും ദൈവത്തിനു മുന്നില്‍ വിലപ്പെട്ടവരാണ്. എല്ലാവരും ഹൃദയം തുറന്നുപരസ്പരം സ്നേഹിക്കണം. കാരുണ്യം എന്നു പറയുന്നതു കരകാണാക്കടലാണ്. ദൈവത്തിന്റെ കാരുണ്യം ഉള്‍കൊണ്ടു കഴിയുമ്പോഴാണു നമുക്കതു കൂടുതല്‍ അനുഭവമാകുന്നത്- കര്‍ദിനാള്‍ പറഞ്ഞു.

ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍, ഫാ. മാത്യു വടക്കേടം, ഫാ.മാത്യു കല്ലുകുളം, ജോസഫ് ചാവറ, നവജീവന്‍ ട്രസ്റ്രി പി.യു. തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കര്‍ദിനാള്‍ ക്രിസമസ് കേക്ക് മുറിച്ചു അന്തേവാസികള്‍ക്കു വിതരണംചെയ്തു. 

അന്തേവാസികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഭക്ഷണശാലയിലേക്കു പോയ കര്‍ദിനാള്‍ അന്തേവാസികള്‍ക്കു ഭക്ഷണം വിളമ്പി നല്‍കി. ഭക്ഷണം വിളമ്പികൊടുത്തതിനുശേഷം അദ്ദേഹം അന്തേവാസികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണവും കഴിച്ചു. 

1.30ന് പി.യു തോമസിനൊപ്പം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കു പോയ കര്‍ദിനാള്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഭക്ഷണം വിളമ്പി നല്‍കി. രോഗികള്‍ക്കു ക്രിസ്മസ് കേക്കും സമ്മാനിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കേക്ക് സമ്മാനിച്ചു.
Source: Deepika