News >> പുല്‍ക്കൂട് :- പാപ്പായുടെ ചിന്താശകലം


വത്തിക്കാനിലെ മനോഹരമായ പുല്‍ക്കൂടിന്‍റെയും ഭീമന്‍ ക്രിസ്തുമസ് മരത്തിന്‍റെയും നിര്‍മ്മാതാക്കളെയും കലാകാരന്‍മാരെയും സംവിധായകരെയും ഉപകാരികളെയും ഡിസംബര്‍ 18-ാം തിയതി വെള്ളിയാഴ്ച രാവിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു പാപ്പാ നന്ദി പറഞ്ഞു. 300-ഓളം പേരാണ് കൂടിക്കാഴ്ചയ്ക്കെത്തിയത്. അതില്‍ കലാകാരന്മാരായ കുട്ടികളും ഉണ്ടായിരുന്നു.

മനുഷ്യന്‍ കുനിഞ്ഞ് മറ്റൊരാളെ സഹായിക്കുന്ന രംഗം പുല്‍ക്കൂടിന്‍റെ ചിത്രീകരണത്തിലുള്ളതു മനസ്സില്‍ ഉള്‍ക്കൊണ്ട പാപ്പാ, കാരുണ്യത്തിന്‍റെ ആ പ്രവൃത്തി ദൈവം മനുഷ്യരോടു കാണിച്ച വലിയ കാരുണ്യത്തിന്‍റെ, ദൈവം മനുഷ്യനായതിന്‍റെ ദൃശ്യാവിഷ്ക്കരണമാണെന്ന് വ്യാഖ്യാനിച്ചു.

ദൈവം താഴ്മയില്‍ നമ്മിലേയ്ക്ക് ഇറങ്ങിവന്നതിന്‍റെയും, ഇന്നും എന്നും മനുഷ്യരോടുത്തു വസിക്കുവാനുള്ള അവിടുത്തെ അഭിവാഞ്ഛയുടെയും പ്രതീകമാണ് പുല്‍ത്തൊട്ടിയില്‍ വിനയാന്വിതനായി കിടക്കുന്ന ശിശുവെന്നും പാപ്പാ വ്യാഖ്യാനിച്ചു.

ദൈവം മനുഷ്യരൂപമെടുത്ത അത്ഭുതമല്ല പുല്‍ക്കൂടു വെളിപ്പെടുത്തുന്നത്; മറിച്ച് ദൈവം നമ്മിലേയ്ക്കു വന്നതില്‍ പ്രകടമാക്കപ്പെടുന്ന ലാളിത്യവും എളിമയും കാരുണ്യവുമാണ് ക്രിബ്ബിന്‍റെ കാതലായ സന്ദേശമെന്ന് പാപ്പാ വിവരിച്ചു. "ദൈവം നമ്മോടു കൂടെ", (ഇമ്മാനുവേല്‍...); ദൈവമായ ക്രിസ്തു മഹിമവെടിഞ്ഞ് മനുജരൊടൊത്തു വസിച്ചു: അതാണ് ക്രിസ്തുമസ് (യോഹ. 1, 14). ക്രിസ്തു കുറച്ചു കാലമേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനിയും ചിരകാലം ദൈവമായ അവിടുന്ന് നമ്മോടുകൂടെ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ക്രിസ്തുമസും പുല്‍ക്കൂടും നമ്മെ ഓര്‍പ്പിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

Source: Vatican Radio