News >> നയ്റോബി പ്രഖ്യാപനങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്നത്: ഇന്‍ഫാം

കോട്ടയം: ലോക വ്യാപാര സംഘടനയുടെ ഡിസംബര്‍ 19ന് സമാപിച്ച നയ്റോബി മന്ത്രിതല സമ്മേളനത്തിലെ കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ വികസ്വര രാജ്യങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുന്നതും ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും പ്രശ്നസങ്കീര്‍ണമാക്കുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍. 

വികസിത രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ക്കു മുട്ടുമടക്കേണ്ടി വന്നത് കാര്‍ഷിക മേഖലയില്‍ നാളുകളേറെയായി തുടരുന്ന പ്രതിസന്ധികളുടെ ആക്കം വര്‍ധിപ്പിക്കും. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സബ്സിഡികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണമായും എടുത്തുകളയേണ്ടിവരുന്ന അവസ്ഥ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഡിസംബര്‍ 15 മുതല്‍ 18 വരെയുണ്ടായിരുന്ന ഡബ്ള്യുടിഒ മന്ത്രിതല സമ്മേളനം കാര്‍ഷിക സബ്സിഡികള്‍ നിര്‍ത്തലാക്കുന്ന വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ധാരണയുണ്ടാക്കുവാനാണ് ഒരുദിവസംകൂടി നീട്ടിയത്. എങ്കിലും സബ്സിഡികള്‍ പിന്‍വലിക്കണമെന്ന വികസിത രാജ്യങ്ങളുടെ തീരുമാനമാണ് അവസാനം നടപ്പിലായത്. 

പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്താനോ റബറിനെ കാര്‍ഷികോത്പന്നമായി പ്രഖ്യാപിക്കാനോ കേന്ദ്രസര്‍ക്കാര്‍ നയ്റോബി മന്ത്രിതല സമ്മേളനത്തില്‍ ഒരു ശ്രമവും നടത്തിയില്ലെന്നുള്ളതു റബര്‍കര്‍ഷകരെ നിരാശപ്പെടുത്തുന്നു. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യമെന്ന നിലയില്‍ മുമ്പ് ഇന്ത്യ നിര്‍ദേശിച്ചതും മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതുമാണ് റബറിന്റെ 25 ശതമാനം ഇറക്കുമതിത്തീരുവ. ഇതു വര്‍ധിപ്പിക്കണമെങ്കില്‍ നയ്റോബി സമ്മേളനത്തില്‍ റബര്‍ ഇറക്കുമതിമൂലമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടേണ്ടിയിരുന്നു. അതുണ്ടാകാത്ത സ്ഥിതിക്ക് 2017 ഡിസംബറില്‍ അടുത്ത ഡബ്യുടിഒ മന്ത്രിതല സമ്മേളനം നടക്കുന്നതുവരെ റബറിന്റെ ഇറക്കുമതി ച്ചുങ്കം വര്‍ധിപ്പിക്കാനോ കാര്‍ഷികോത്പന്നമായി റബറിനെ മാറ്റാനോ സാധിക്കില്ല.
Source: Deepika