News >> കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കുക
നമ്മുടെ കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കണമെന്ന് വത്തിക്കാന്‍ ജോലിക്കാരുമായി ഡിസംബര്‍ 21, ഉച്ചയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു. എല്ലാവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പാപ്പാ വത്തിക്കാനില്‍ വളരെക്കാലമായി ഒരേ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം എടുത്തുപറയുകയും എല്ലാ ദിവസവും ജോലിസ്ഥലങ്ങളിലെ ഏറ്റവും സാധാരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.കൃതജ്ഞതയര്‍പ്പിക്കുന്നതോടൊപ്പം വത്തിക്കാനിലുണ്ടായ അപവാദങ്ങള്‍ക്കെല്ലാം മാപ്പു ചോദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ തനിക്കും അവര്‍ക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ മനോഭാവമാണ് വേണ്ടതെന്നും അങ്ങനെ തെറ്റു ചെയ്തവര്‍ പശ്ചാത്തപിച്ച് നേരായ വഴിയിലേയ്ക്ക് മടങ്ങിവരട്ടെയെന്നും പാപ്പാ സൂചിപ്പിച്ചു. മറ്റൊരു പ്രധാന കാര്യം പാപ്പാ ചൂണ്ടിക്കാട്ടിയത് അവരുടെ വിവാഹജീവിതത്തെയും കുട്ടികളെയും സംബന്ധിച്ച കരുതലുകളെക്കുറിച്ചായിരുന്നു. വിവാഹജീവിതം ഒരു ചെടിപോലെ ജീവനുള്ളതാണെന്നും അവഗണിക്കാതെ എന്നും നട്ടു നനച്ച് വളര്‍ത്തേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.കുട്ടികള്‍ക്ക് മറ്റെന്തിനേക്കാളും വിലയേറിയത് മാതാപിതാക്കളുടെ പരസ്പര സ്നേഹവും, അവരോടുള്ള കരുതലുമാണ്. അതിനാല്‍ വിവാഹജീവിതമെന്ന ചെടിയെ പരിപോഷിപ്പിക്കണമെന്നും, വസ്തുക്കളെക്കാളുപരിയായി മനുഷ്യബന്ധങ്ങളെ കണക്കിലെടുക്കണമെന്നും, കുടുംബബന്ധങ്ങളില്‍ കരുണയോടെ പരസ്പരം വിശ്വസിച്ച് ആശ്രയിക്കണമെന്നും പാപ്പാ പറഞ്ഞു . ഈ ജൂബിലി വര്‍ഷം -വലിയ സംഭവങ്ങളില്‍ മാത്രമുള്ളതല്ല, കുടുംബത്തില്‍ ജീവിക്കേണ്ട ഒന്നാണെന്നും -ദൈനംദിന സാഹചര്യങ്ങളില്‍ അനുകമ്പ കാണിക്കുന്നവരെ ദൈവം സ്നേഹിക്കുന്നുവെന്നും- കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കേണ്ടത് സ്വഭവനത്തില്‍നിന്നായിരിക്കണം എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.Source: Vatican Radio