News >> ഭാരതത്തിലെ ജലപ്രളയ ബാധിതര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന
തമിഴ്നാട്ടില്‍ ഈയിടെയുണ്ടായ ജലപ്രളയ ദുരന്തത്തിനിരകളായവര്‍ക്കു വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.ഞായറാഴ്ച (20/12/15) ത്രികാലപ്രാര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സിസ് പാപ്പാ പ്രളയബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചത്. പാപ്പായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:
അടുത്തയിടെ വന്‍ ജലപ്രളയദുരന്തത്തിനിരകളായ ഭാരതത്തിലെ പ്രിയപ്പെട്ട ജനതയെ ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഈ ദുരന്തംമൂലം ക്ലേശിക്കുന്ന ഈ സഹോദരീസഹോദരന്മാര്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യാം. ഇന്ത്യയിലെ ഈ സഹോദരങ്ങള്‍ക്കുവേണ്ടി, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് , നമുക്ക് ദൈവമാതാവിനോട് അപേക്ഷിക്കാം.ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായും ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിശ്വാസികളും, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു. തമിഴ്നാട്ടില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റം ശക്തമായ പേമാരിയാണ് ചെന്നൈ നഗരത്തെ ജലത്തിലാഴ്ത്തിയത്. പ്രളയബാധിതരെ സഹായിക്കുന്നതിന് ഭാരതത്തിലെ സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളും സഭാസമൂഹങ്ങളും കൈകോര്‍ത്തു നീങ്ങുന്നു. Source: Vatican Radio