News >> തിരുപ്പിറവിയുടെ മൂന്നു വിസ്മയങ്ങള്‍
ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച(20/12/15) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പ് നടത്തിയ ലഘു വിചിന്തനം:ആഗമനകാലത്തിലെ ഈ ഞായറാഴ്ചത്തെ സുവിശേഷം മറിയത്തിന് ഊന്നല്‍ നല്കിയിരിക്കുന്നു. വിശ്വാസം വഴിയായി ദൈവസൂനൂവിനെ ഗര്‍ഭംധരിച്ച ഉടനെ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനുമായി ഗലീലീയായിലെ നസ്രത്തില്‍ നിന്ന് യുദയായിലെ മലമ്പ്രദേശത്തേക്ക് ഒരു നീണ്ടയാത്ര ചെയ്യുന്നതായി നാം കാണുന്നു. മറിയത്തിന്‍റെ ചാര്‍ച്ചക്കാരിയും സന്താനരഹിതവൃദ്ധയും ആയ എലിസബത്ത് ആറുമാസം ഗര്‍ഭിണിയാണെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഒരു മഹാദാനത്തിന്‍റെയും രഹസ്യത്തിന്‍റെയും സംവാഹകയായ ദൈവമാതാവ് എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നതും അവളോടൊപ്പം 3 മാസം ചിലവഴിക്കുന്നതും. രണ്ടു സ്ത്രീകള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍, ഒന്നു ചിന്തിച്ചു നോക്കൂ, ഒരാള്‍ വൃദ്ധ, മറ്റെയാള്‍ യുവതി, യുവതിയായ മറിയം ആദ്യം അഭിവാദ്യം ചെയ്യുന്നു. സുവിശേഷം പറയുന്നതിങ്ങനെ:
അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദ്യം ചെയ്തു. (ലൂക്കാ 1,40). ആ അഭിവാദനത്തിനു ശേഷം എലിസബത്ത് ഒരു മഹാവിസ്മയത്താല്‍ വലയിതയായി. "വിസ്മയ"മെന്ന പദം നിങ്ങള്‍ മറക്കരുത്. അവള്‍ക്കനുഭവപ്പെട്ട ഈ വലിയ വിസ്മയം അവളുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു:
എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?, വാക്യം 43. അവര്‍ സന്തോഷഭരിതരായി ആലിംഗനം ചെയ്യുന്നു, ചുംബിക്കുന്നു. രണ്ടു മഹിളകള്‍, വൃദ്ധയും യുവതിയും, രണ്ടു പേരും ഗര്‍ഭിണികള്‍.തിരുപ്പിറവി ഫലപ്രദമായ രീതിയില്‍ ആഘോഷിക്കുന്നതിന് നമ്മള്‍ "
വിസ്മയ"ത്തിന്‍റെ വേദികളില്‍ നില്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അനുദിനജീവിതത്തില്‍ ഈ വിസ്മയവേദികള്‍ ഏവയാണ്? ഇവയില്‍ ഒന്നാമത്തെ ഇടം
അപരനാണ്. അപരനില്‍ നമ്മള്‍ സഹോദരനെ കാണണം. കാരണം യേശുവിന്‍റെ തിരുജനനത്തോടെ ഓരോ വദനവും ദൈവസൂനുവിന്‍റെ സാദൃശ്യങ്ങള്‍ പേറുന്നതായിത്തീര്‍ന്നിരിക്കുന്നു. പ്രത്യേകിച്ച് ദരിദ്രന്‍റെ വദനം. എന്തെന്നാല്‍ ദൈവം ദരിദ്രനായി ലോകത്തില്‍ പ്രവേശിച്ചു. പ്രഥമതഃ പാവപ്പെട്ടവര്‍ക്കാണ് അവിടന്ന് സമീപസ്ഥനായത്.വിസ്മയത്തിന്‍റെ മറ്റൊരിടം, രണ്ടാമത്തെ വേദി,
ചരിത്രമാണ്. അതില്‍ നാം വിശ്വാസത്തിന്‍റെ നയനങ്ങളിലൂടെ നോക്കുകയാണെങ്കില്‍ അത്ഭുതംതന്നെ ദര്‍ശിക്കും. നാം ശരിയായരീതിയിലാണ് അതു കാണുന്നതെന്ന് പലപ്പോഴും വിശ്വസിക്കും. എന്നാല്‍ നാം അതിനെ തെറ്റായ രീതിയില്‍ വായിക്കുന്ന അപകടമുണ്ട്. (ഉദാഹരണമായി, കമ്പോള സമ്പദ്ഘടനയാണ് അതിനെ നിര്‍ണ്ണയിക്കുന്നതും; പണമിടപാടുകളും വ്യവസാ യവുമാണ് അതിനെ നിയന്ത്രിക്കുന്നതും; മാറിമാറിവരുന്ന ശക്തികളാണ് അതിന്‍റെമേല്‍ ആധിപത്യം പുലര്‍ത്തുന്നതുമെന്ന് നമുക്കു തോന്നുമ്പോള്‍ അതു സംഭവിക്കുന്നു.) എന്നാല്‍ തിരുപ്പിറവിയുടെ ദൈവം
തകടംമറിക്കുന്നദൈവമാണ്. അവിടത്തേക്കതിഷ്ടമാണ്. മറിയം സ്തോത്രഗീതത്തില്‍ ആലപിക്കുന്നതുപോലെ,
കര്‍ത്താവ് ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിടുകയും എളിയവരെ ഉയര്‍ത്തുകയും വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കുകയും സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയക്കുകയും ചെയ്യുന്നു.( ലൂക്കാ 1,52-53) ഇതാണ് രണ്ടാമത്തെ വിസ്മയം, ചരിത്രത്തിന്‍റെ വിസ്മയം.വിസ്മയത്തിന്‍റെ മൂന്നാമത്തെ ഇടം
സഭയാണ്. വിശ്വാസവിസ്മയത്തോടെ അവളെ നോക്കുകയെന്നാല്‍, ഒരു മതസ്ഥാപനം മത്രമായി അവളെ കാണുന്നതില്‍ ഒതുങ്ങരുതെന്നര്‍ത്ഥം. അവള്‍ അതാണ്. എന്നാല്‍ സഭയെ, കറകളും ചുളിവുകളും ഏറെയുണ്ടെന്നിരിക്കിലും, കര്‍ത്താവായ ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്ത മണവാട്ടിയുടെ രൂപം ദൃശ്യമാക്കിത്തീർക്കുന്ന അമ്മയായി കാണണം. ദൈവം തനിക്ക് നിരന്തരം അയക്കുന്ന വിശ്വസ്ത സ്നേഹത്തിന്‍റെ നിരവധിയായ അടയാളങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തയാണ് സഭ. തനിക്കായി മാത്രം കാത്തുസൂക്ഷിക്കേണ്ടുന്ന സമ്പത്താണ് യേശുവെന്നു കരുതാത്ത ഒരു സഭ. മറിച്ച് അങ്ങനെ കരുതുന്നവര്‍ക്ക് തെറ്റു പറ്റുന്നു. എന്നും അവളെ കാണാന്‍ എത്തുന്നവനാണ് യേശു. ലോകത്തിന്‍റെ പ്രത്യാശകള്‍ക്ക് ശബ്ദമേകിക്കൊണ്ട് വിശ്വാസത്തോടും ആനന്ദത്തോടും കൂടെ അവടത്തെ പാര്‍ത്തിരിക്കാന്‍ അവള്‍ക്കറിയാം. സഭ കര്‍ത്താവിനെ വിളിക്കുന്നു: "കര്‍ത്താവായ യേശുവേ, വന്നാലും". സകലരേയും സ്വാഗതം ചെയ്യുന്നതിന് അമ്മയായ സഭ എന്നും വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് കൈകള്‍ വിരിച്ചു നില്ക്കുന്നു. അതിലുപരി സഭാംബ, അകന്നിരിക്കുന്നവരെ ദൈവത്തിന്‍റെ കാരുണ്യത്തിലേക്ക് കൊണ്ടുവരുന്നതിനായി അവരെ തേടി പുഞ്ചിരിയോടെ സ്വന്തം വാതിലിനു പുറത്തേക്കിറങ്ങുന്നു. ഇതാണ് തിരുപ്പിറവിയുടെ വിസ്മയം!തിരുപ്പിറവിയില്‍ ദൈവം അവിടത്തെ സകല സന്തോഷവുമായ എകജാതനായ പുത്രനെ നല്കിക്കൊണ്ട് നമുക്ക് ആത്മദാനമായിത്തീരുന്നു. അത്യുന്നതസൂനുവിന്‍റെ അമ്മയായിത്തീര്‍ന്ന നിര്‍ധനയും എളിയവളുമായ സിയോന്‍ പുത്രിയായ മറിയത്തിന്‍റേതു പോലുള്ള ഹൃദയമുള്ളവര്‍ക്കു മാത്രമെ, ദൈവത്തിന്‍റെ ഈ മഹാദാനത്തെയും അവിടത്തെ പ്രവചനാതീതമായ വിസ്മയത്തെയുംപ്രതി ആനന്ദിച്ചുല്ലസിക്കാന്‍ കഴിയു കയുള്ളു. ഈ വിസ്മയം, അപരന്‍, ചരിത്രം, സഭ എന്നീ മൂന്നു വിസ്മയങ്ങള്‍, മനസ്സിലാക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. നാം അര്‍ഹിക്കാത്തതായ, ദാനങ്ങളുടെ ദാനമായ യേശുവിന്‍റെ പിറവി നമുക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. യേശുവുമായുള്ള കൂടിക്കാഴ്ച നമ്മിലും ഈ മഹാവിസ്മയത്തിന്‍റെ അനുഭവം ഉളവാക്കും. എന്നാല്‍ മറ്റുള്ളവരിലും ചരിത്രത്തിലും സഭയിലും യേശുവിനെ കണ്ടുമുട്ടാന്‍ നമുക്കായില്ലെങ്കില്‍ ഈ വിസ്മയം നമുക്കുണ്ടാകില്ല.Source: Vatican Radio