News >> പാപ്പാ ഫ്രാന്‍സിസിന് കാര്‍ളൊമാന്‍ പുരസ്ക്കാരം


വിശ്വാസാഹോദര്യത്തിനും സമാധാനത്തിനും, മാവികതയുടെ ഐക്യദാര്‍ഢ്യത്തിനുമായി പാപ്പാ ഫ്രാന്‍സിസ് നല്കിക്കൊണ്ടിരിക്കുന്ന സാമൂഹികവും ധാര്‍മ്മികവുമായ സേവനങ്ങളെ പരിഗണിച്ചുകൊണ്ട് 2016-ലെ 'കാര്‍ളൊമാന്‍ പുരസ്ക്കാരം' ഡിസംബര്‍ 23-ാം തിയതി ബുധനാഴ്ച, അതിന്‍റെ പ്രായോജകരായ ജര്‍മ്മനിയിലെ ആഹെന്‍ നഗരസഭ പാപ്പാ ഫ്രാന്‍സിസിന് നല്‍കുന്നതായി പ്രഖ്യാപിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കുന്ന വിശ്വസാഹോദര്യവും ശ്രദ്ധേയവും കാലികവുമാണെന്ന് ജൂറി വിലയിരുത്തി. യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും, ന്യൂയോര്‍ക്കിലെ യൂ.എന്‍. ആസ്ഥാനത്തും പാപ്പാ നടത്തിയ പ്രഭാഷണങ്ങള്‍ ലോകത്തെ സകല രാഷ്ട്രനേതാക്കളെയും ചിന്തിപ്പിക്കുന്നതായിരുന്നുവെന്നും പുരസ്ക്കാരക്കമ്മിറ്റി നിരീക്ഷിച്ചു.

അവികസിത രാജ്യങ്ങളിലേയ്ക്കും, സങ്കീര്‍ണ്ണമായ പ്രതിസന്ധികളുള്ള നാടുകളിലേയ്ക്കും നീളുന്ന പാപ്പായുടെ അപ്പസ്തോലിക യാത്രകളും ലോകസമാധാന പാതയില്‍ അമൂല്യമാണെന്നും ആഹെന്‍ അധികൃതര്‍ പ്രസ്താവിച്ചു. പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷവും അനുരജ്ഞനത്തിലൂടെ സമാധാനത്തിന്‍റെ നൂതന കവാടങ്ങള്‍ തുറക്കുവാന്‍ പര്യാപ്തമാണെന്നും പുരസ്ക്കാരത്തിന്‍റെ പ്രായോക്താക്കള്‍ ചൂണ്ടിക്കാട്ടി.

തന്‍റെ എളിയ പരിശ്രമങ്ങള്‍ ഇനിയും ആഗോളതലത്തില്‍ ലോകസമാധാനത്തിനും മാനവികതയുടെ നന്മയ്ക്കുമായി പ്രവര്‍ത്തിക്കുന്ന അനേകര്‍ക്ക് പ്രചോദനമാകുമെന്ന പ്രത്യാശയില്‍ 'കാര്‍ളൊമാന്‍ പുരസ്ക്കാരം' പാപ്പാ ഫ്രാ‍ന്‍സിസ് സ്വീകരിച്ചെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാനവികതയുടെ ഐക്യദാര്‍ഢ്യ ശ്രമങ്ങള്‍ക്കും സേവനത്തിനും ജര്‍മ്മനിയിലെ ആഹെന്‍ നഗരം നല്ക്കുന്ന യൂറോപ്പിന്‍റെ പ്രശസ്തമായ പുസ്ക്കാരമാണ് 'ചാള്‍സ് മാഞ്ഞെ'.

യൂറോപ്പിന്‍റെ ഏകീകരണവും സമാധാനപൂര്‍ണ്ണമായ വികസനവും സ്വപ്നംകണ്ട മഹാനായ ചക്രവര്‍ത്തിയായിരുന്നു 8-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഫ്രാന്‍സ്-ജര്‍മ്മന്‍ പ്രവിശ്യകള്‍ ഭരിച്ച ചാള്‍സ് ഒന്നാമന്‍. അദ്ദേഹത്തിന്‍റെ പാശ്ചാത്യ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു ഇന്ന് ജര്‍മ്മനിയുടെ ഭാഗമായിരിക്കുന്ന ആഹെന്‍നഗരം.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആഹെന്‍ നഗരസഭ പ്രഖ്യപിക്കുന്ന ഈ അത്യപൂര്‍വ്വവും ശ്രേഷ്ഠവുമായ പുരസ്ക്കാരത്തിന് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം അര്‍ഹനാകുന്ന ലോകത്തെ ആത്മീയനേതാവാണ് പാപ്പാ ഫ്രാന്‍സിസ്.

Source: Vatican Radio