News >> വൈചിത്ര്യങ്ങളുമായി കടന്നുപോകുന്ന മറ്റൊരു വര്‍ഷം 2015
അപ്രതീക്ഷിതമായ വൈചിത്ര്യങ്ങളുമായി 2015-ാമാണ്ട് കടന്നുപോകുന്നു. പരിചയസമ്പന്നനായ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍, ആഞ്ചെലോ പാവ്ലൂസ്സി വിലയിരുത്തി. അനുവര്‍ഷം ലോക ഗതിവിഗതികളുടെ സംഭവബഹുലതകളെ വിലയിരുത്തുന്ന ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമാണ് ആഞ്ചെലോ പാവ്ലൂസ്സി. വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യുടെ വാരാന്ത്യപ്പതിപ്പില്‍ വര്‍ഷാവസാനത്തോടനുബന്ധച്ച് പ്രസിദ്ധപ്പെടുത്തിയ വിലയിരുത്തലിലാണ് പാവ്ലൂസ്സി ഇങ്ങനെ അഭിപ്രായപ്പെട്ടത്.മനുഷ്യര്‍ ചെയ്യുന്ന പ്രകൃതിയുടെ ക്രൂരമായ ചൂഷണം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ഇസ്ലാമിക സാമ്രാജ്യമോഹവുമായി മൗലികവാദികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നീ കയ്പ്പേറിയ രണ്ടു യാഥാര്‍ത്ഥ്യങ്ങളില്‍ കെട്ടുപിണഞ്ഞതായിരുന്നു 2015-ാമാണ്ടെന്ന് പാവ്ലൂസ്സി പൊതുവായി നിരീക്ഷിച്ചു.പാപ്പ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം 'ലൗദാത്തോ സി'-യും, ലോക രാഷ്ട്രനേതാക്കളുടെ 'Cop21 പാരീസ് സമ്മേളന'വും പരിസ്ഥിതി സംബന്ധിച്ച് മനുഷ്യജീവനെ മാനിക്കുന്ന വിധത്തില്‍ ക്രിയാത്മകവും പ്രത്യാശയുളവാക്കുന്നതുമായ തീരുമാനങ്ങളിയേക്ക് നീങ്ങിയത് പ്രത്യാശാജനകമാണ്.മദ്ധ്യപൂര്‍വ്വദേശത്തുനിന്നും പാരീസിലേക്കും, ബെല്‍ജിയത്തേക്കും, ആഫ്രിക്കയിലേക്കും, അമേരിക്കയിലേക്കുമെല്ലാം ചിറകുവിരിച്ചിരിക്കുന്ന ഭീകരത ഇനിയും ലോകരാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കും ഭീതിയുണര്‍ത്തുന്ന യുക്തിയില്ലാത്ത മനുഷ്യത്വത്തിന്‍റെ കിരാതമുഖമാണ് തെളിയിക്കുന്നത്. വിശുദ്ധനാട്ടില്‍ നിരന്തരമായി തലപൊക്കുന്ന കലാപത്തിന്‍റെയും കൂട്ടക്കുരുതിയുടെയും അറുതിയില്ലാത്ത സംഘര്‍ഷാവസ്ഥ ഇസ്രായേല്‍ - പാലസ്തീന്‍ ജനതയ്ക്കു മാത്രമല്ല മദ്ധ്യപൂര്‍വ്വദേശത്തിനാകമാനം പേടിസ്വപ്നമായി ഇനിയും നിലനിലക്കുന്നു.മദ്ധ്യധരണിയാഴിയിലൂടെയും ആഫ്രിക്കന്‍ തീരങ്ങളിലൂടെയും സഹാറാ കടന്നുമുള്ള ആഫ്രിക്കയില്‍നിന്നും മദ്ധ്യപൂര്‍വ്വദേശത്തുനിന്നും ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ജനലക്ഷങ്ങളുടെ സാഹസികവും നിരന്തരവുമായ അനധികൃത കുടിയേറ്റം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് താങ്ങാനാവാത്ത ജനപ്പെരുപ്പത്തിന്‍റെ ഭീമന്‍ സംഖ്യയിലേയ്ക്ക് കുതിച്ചെത്തിയിട്ടുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും, പ്രായപൂര്‍ത്തിയാകാത്തവരും വയോവൃദ്ധരും രോഗികളും അടങ്ങുന്ന ജനസഞ്ചയത്തിന്‍റെ സമ്മിശ്രമായ കുടിയേറ്റം രാഷ്ട്രങ്ങളുടെ സാമൂഹ്യ സാമ്പത്തിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതോടൊപ്പം, മനുഷ്യക്കടത്ത്, അടിമത്വം, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത്, ആയുധവിപണനം, ഭീകരരുടെ നുഴഞ്ഞുകയറ്റം എന്നീ ഭീതിദമാകുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും വഴിതെളിക്കുന്നുണ്ട്.മാനവികതയുടെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതി, പാവങ്ങളുടെ പരിരക്ഷണം, ജോലിചെയ്തു ജീവിക്കുവാനുള്ള അവകാശം എന്നിങ്ങനെയുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ സന്ദേശവുമായി പാപ്പാ ഫ്രാന്‍സിസ് ലോകമനസ്സാക്ഷിയെ തട്ടിയുണര്‍ത്തിയ വര്‍ഷമാണ് 2015 .ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായവരെ ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതിയുടെ സന്ദേശവുമായി ലാറ്റിനമേരിക്ക, ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവടങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ സമാധാനത്തിന്‍റെ പ്രേഷിതയാത്രകള്‍ 2015-ലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ജനതകള്‍ക്ക് പ്രത്യാശ പകരുന്ന ചരിത്രസംഭവങ്ങളാണ്, പാവ്ലൂസ്സി വിലയിരുത്തി.ഈ വര്‍ഷാന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷവും ലോകമെമ്പാടും തുറന്നിരിക്കുന്ന കാരുണ്യകവാടങ്ങളും ക്രൈസ്തവരെ മാത്രമല്ല, മാനവരാശിയെ മുഴുവനും അനുരജ്ഞനത്തിലൂടെ വിശ്വാസാഹോദര്യത്തിലേയ്ക്ക് മാടിവിളിക്കുകയാണ്. എന്നാല്‍ ആരെയും അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ് പലപ്പോഴും ഭാവിയുടെ വൈചിത്ര്യങ്ങള്‍ എന്ന താക്കീതുമായിട്ടാണ് പാവ്ലൂസ്സി തന്‍റെ വിലയിരുത്തല്‍ ഉപസംഹരിച്ചത്.Source: Vatican Radio