News >> നിയമലംഘനം നടത്തുന്ന പാറമടകള്‍ നാടിന് ആപത്ത്: മാര്‍ ആലഞ്ചേരി
കൊച്ചി: സര്‍ക്കാര്‍ നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്നു ചിലേടങ്ങളില്‍ പാറമടകള്‍ പ്രവര്‍ത്തിക്കുന്നതു പരിസ്ഥിതിക്കു വലിയ ആപത്താണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏതാണ്ട് 3,500 പാറമടകളാണു പ്രവര്‍ത്തിക്കുന്നത്. ഇതിലേറെയും നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ജലലഭ്യത, മണ്ണിന്റെ സംരക്ഷണം, ജനവാസമേഖലയിലെ സമാധാനം എന്നിവയെ അനിയന്ത്രിതമായ പാറമടകള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിലവിലുള്ള നിയമങ്ങളും പാറമടകളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്െടന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ രംഗത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ ഫലപ്രദമാകുന്നില്ല. പാറമട മേഖലയിലെ നിയമലംഘനവുമായി ബന്ധപ്പെട്ട അഴിമതി മൂലം ജനജീവിതം ദുസ്സഹമാകുന്ന മേഖലകളുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം.
സമുദായങ്ങള്‍ തമ്മില്‍ ചേരിതിരിവുണ്ടാക്കുന്ന കര്‍ക്കശ നിലപാട് അവതരിപ്പിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നീടു തിരുത്തി മടങ്ങിയെത്തും. ഇതര സമുദായങ്ങളെ വേദനിപ്പിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. പക്വതയുള്ള തീരുമാനത്തിലേക്ക് അവരെല്ലാം തിരിച്ചുവരുമെന്നു തന്നെയാണു പ്രതീക്ഷ. ഇല്ലെങ്കില്‍ സമൂഹം അവര്‍ക്കു വിവേകത്തോടെ മറുപടി നല്‍കും. തെരഞ്ഞെടുപ്പുകളിലും ഈ വിവേകം പ്രതിഫലിക്കുമെന്നതു സ്വാഭാവികം. ജനം പ്രബുദ്ധരാണ്. എല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും ഒരു സമുദായത്തെ അവഹേളിച്ചു മുന്നോട്ടുനീങ്ങുന്നതിനു നീതീകരണമില്ല.
ക്രൈസ്തവ സഭ നിശബ്ദമായി ഈ രാജ്യത്തും സമൂഹം മുഴുവനിലും സേവനം ചെയ്യുന്നവരാണ്. ഈ മതവിഭാഗം കൂടുതല്‍ അവകാശങ്ങള്‍ സ്വന്തമാക്കുന്നുവെന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല.
സഭയുടെ ജീവകാരുണ്യ സ്ഥാപനങ്ങള്‍ എല്ലാ വിഭാഗത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം സര്‍ക്കാരുകളും സമൂഹവും നല്‍കുകയാണു വേണ്ടത്. അധ്യാപക പാക്കേജിന്റെ കാര്യത്തിലുണ്ടായ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണു പ്രതീക്ഷ. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുകയാണു വേണ്ടതെന്നും കര്‍ദിനാള്‍ പറഞ്ഞു.
Source: Deepika