News >> ക്രിസ്മസ് പ്രപഞ്ചസംരക്ഷണത്തിനുള്ള ഓര്‍മപ്പെടുത്തല്‍: മാര്‍ ആലഞ്ചേരി

കൊച്ചി: പ്രപഞ്ചത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും താളലയം സംരക്ഷിക്കാനുള്ള ഓര്‍മപ്പെടുത്തലാണു ക്രിസ്മസ് നല്‍കുന്നതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രകൃതിയിലും മനുഷ്യമനസുകളിലും പടരുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശബ്ദമായി നാം ഓരോരുത്തരും മാറേണ്ടതുണ്െടന്നും കര്‍ദിനാള്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. 

വിഭാഗീയതയുടെ സംഘര്‍ഷങ്ങള്‍ സമൂഹത്തെയും മനുഷ്യമനസുകളെയും ഇന്ന് ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും നിലപാടുകളുടെയും പേരില്‍ അതിര്‍വരമ്പുകള്‍ നിര്‍മിക്കപ്പെടുന്നത് അപകടകരമായ പ്രവണതയാണ്. രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ അസഹിഷ്ണുത മാരകരോഗം പോലെ പടരുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. മറ്റുള്ളവരെ അസഹിഷ്ണുതയോടെ കാണുന്നതു മനുഷ്യത്വപരമല്ല. ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നാം പരസ്പര സഹവാസത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാവുകയാണു ചെയ്യുന്നത്. കേവലം ബാഹ്യമായ ആഘോഷങ്ങളുടെ ഉത്സവവേളയായി ക്രിസ്മസ് മാറരുത്. 

പ്രകൃതി വലിയ തോതില്‍ മലിനമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതു ഭാവിയെ സംബന്ധിച്ചു ഭീതി ഉണര്‍ത്തുന്നു. നല്ല പ്രകൃതിയും നല്ല കാലാവസ്ഥയും സംരക്ഷിക്കപ്പെടണം. അന്തരീക്ഷ താപനില നിയന്ത്രിക്കപ്പെടണം. മലിനമാക്കപ്പെടുന്ന പുഴയും വായുവും സംരക്ഷിക്കപ്പെടണം. ഇക്കാര്യങ്ങളില്‍ മനുഷ്യന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ അനിവാര്യമാണ്. 

എറണാകുളം ജില്ലയില്‍ മാത്രം 1.36 ലക്ഷം വൃക്കരോഗികളുണ്െടന്ന കണക്ക് അന്തരീക്ഷം മലിനമാക്കപ്പെടുന്നതിന്റെയും ജീവിതശൈലി മാറുന്നതിന്റെയും കൂടി സൂചനയായി കാണണം. പെരിയാറിലേക്കു വന്‍ തോതില്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നതു നിയന്ത്രിക്കപ്പെടണം.

നമ്മുടെ സമൂഹത്തിന്റെ ഭാഗമായ ആദിവാസി ജനതയുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ വീണ്ടും കണ്ണടയ്ക്കുന്നതു ഖേദകരമാണ്. നില്‍പ്പുസമരം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ അവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്നതു നീതികരിക്കാനാവില്ല. ചില തത്പരകക്ഷികള്‍ ഇതിനു തടസമായി നില്‍ക്കുന്നുവെന്നാണു മനസിലാക്കുന്നത്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നതു പ്രതിഷേധാര്‍ഹമാണ്. ആദിവാസി സമൂഹത്തോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. കേരളസഭ അവര്‍ക്ക് ഇതുവരെ നല്‍കിവന്ന പിന്തുണ തുടരും. 

എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന ഭരണ സംവിധാനമാണു രാജ്യത്തുണ്ടാവേണ്ടത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവു മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം സര്‍ക്കാരും പൊതുസമൂഹവും ഉള്‍ക്കൊള്ളണം. കര്‍ഷക ആത്മഹത്യ കൂടിവരുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ ദുഃസ്ഥിതിക്കു മാറ്റം വരണം. ജീവനു നേരേ വെല്ലുവിളികള്‍ ഉയരുന്നതു ജാഗ്രതയോടെ കാണണം. ഗര്‍ഭസ്ഥശിശുക്കളും പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെടുന്ന സാഹചര്യം ഭീതികരമാണ്. കാന്‍സര്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം സജീവമാക്കണം. 

വലിയവനെന്നും ചെറിയവനെന്നുമുള്ള വ്യത്യാസങ്ങള്‍ പൂര്‍ണമായി മാറേണ്ടതുണ്ട്. സാമൂഹ്യപ്രവര്‍ത്തകയായ ദയാബായിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവം ലജ്ജാകരമാണ്. എല്ലാവരെയും ഒരുപോലെ കരുതിയ യേശുവിന്റെ സന്ദേശമാണു ക്രിസ്മസില്‍ ഉയരുന്നതെന്നും കര്‍ദിനാള്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
Source: Deepika