News >> വര്‍ഗീയ വിഭജനം: സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കാത്തലിക് ഫെഡറേഷന്‍

കൊച്ചി: കേരളസമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ ആഹ്വാനംചെയ്തു. ഒഴിവാക്കല്‍ രാഷ്ട്രീയവും അസാന്നിധ്യം ഉറപ്പാക്കലും അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെതന്നെ ഭാഗമാണ്. 

കേരളസമൂഹത്തെ വര്‍ഗീയമായി വിഭജിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ബഹുസ്വരതയുടെ സാമുദായിക സന്തുലനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താന്‍ ജനാധിപത്യ മതേതരവിശ്വാസികള്‍ ജാതിമതഭേദമില്ലാതെ പ്രവര്‍ത്തിക്കണമെന്നും പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍ നേതൃയോഗം വിലയിരുത്തി. 

ഫെബ്രുവരി അഞ്ചു മുതല്‍ നടത്തുന്ന കേരള പഠനശിബിരത്തിന്റെ ഓഫീസ് ഉദ്ഘാടനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് നിര്‍വഹിച്ചു. പ്രസിഡന്റ് ഷാജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മോന്‍സണ്‍ കെ. മാത്യു, പ്രഫ.ജോസ്കുട്ടി ജെ. ഒഴുകയില്‍, സെലിന്‍ സിജോ മുണ്ടമറ്റം, മൈക്കിള്‍ വിജോണ്‍, അഡ്വ.ഷെറി ജെ. തോമസ്, സെബാസ്റ്യന്‍ വടശേരി, എന്‍.ഐ. ജേക്കബ്, എഡിസണ്‍ പി. വര്‍ഗീസ്, നെല്‍സണ്‍ കോച്ചേരി, അഡ്വ.ജോസി സേവ്യര്‍, കെ.ഡി. ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika