News >> പൊറുക്കല്‍ വെറും സല്‍പ്രവൃത്തി മാത്രമോ അതോ ഫലദായകമോ?


പൊറുക്കുകയെന്നത് വെറും സല്‍പ്രവൃത്തി മാത്രമോ അതോ ഫലദായകമോ എന്ന ചോദ്യത്തിനുത്തരം വിശുദ്ധ സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തില്‍ കണ്ടെത്താനാകുമെന്ന് മാര്‍പ്പാപ്പാ.

     വിശുദ്ധ സ്റ്റീഫന്‍റെ തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (26/12/15) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുമ്പ് വിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     ക്രിസ്തുവിനെ പ്രഘോഷിച്ച തന്നെ കല്ലെറിഞ്ഞു വധിക്കുന്ന വേളയില്‍ സ്തേഫാനോസ് മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിക്കുന്ന, "കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ", എന്ന വാക്കുകള്‍ അനുസ്മരിച്ച പാപ്പാ അദ്ദേഹം ആര്‍ക്കുവേണ്ടിയാണൊ മാപ്പപേക്ഷിച്ചത് അവരില്‍ ഒരാള്‍ യുവാവായ സാവൂള്‍ ആയിരുന്നുവെന്നും ഈ സാവൂളാണ് കുറച്ചു നാളുകള്‍ക്കു ശേഷം വിജാതീയരുടെ അപ്പസ്തോലനായി മാറിയ മഹാവിശുദ്ധനായ പൗലോസെന്നും പാപ്പാ  വിശദീകരിച്ചു. പൗലോസിന്‍റെ ജന്മം ദൈവത്തിന്‍റെ കൃപയാലും സ്തേഫാനോസിന്‍റെ മാപ്പേകലില്‍നിന്നുമാണ് എന്നു പറയാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

   യേശു ചെയ്തതു പോലെതന്നെയാണ് സ്തേഫാനോസ് പ്രവർത്തിച്ചത്; പ്രാര്‍ത്ഥിക്കുകയും, സ്നേഹിക്കുകയും, ആത്മദാനമാകുകയും, സര്‍വ്വോപരി പൊറുക്കുകയും ചെയ്തു, പാപ്പാ പറഞ്ഞു.

     ദൈവം മാപ്പേകുകവഴിയാണ് നമ്മള്‍ ജനിച്ചതെന്നും, മാമ്മോദീസായില്‍ മാത്രമല്ല, ഓരോ പ്രാവശ്യവും നമുക്കു മാപ്പുലഭിക്കുമ്പോള്‍ നമ്മുടെ ഹൃദയം പുനര്‍ജനിക്കുന്നുവെന്നും, നമുക്കു വിശ്വാസത്തില്‍ മുന്നേറാന്‍ കഴിയണമെങ്കില്‍, സര്‍വ്വോപരി, ദൈവത്തിന്‍റെ മാപ്പു നമുക്ക് ലഭിക്കേണ്ടതുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

     മാപ്പേകുകയെന്ന ഏറെ ആയസകാരമായ പ്രവൃത്തി നാം അനുദിനം അഭ്യസിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പ ചൂണ്ടിക്കാട്ടുകയും ചെയ്തു.

     വിശുദ്ധ സ്തേഫാനോസിനെപ്പോലെ പീഢിപ്പിക്കപ്പെടുന്നവര്‍, ദൗര്‍ഭാഗ്യവശാല്‍ നിരവധിയാണെന്നും, അവരെ നമുക്ക് പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കാമെന്നും അവള്‍ നമ്മുടെ പ്രാര്‍ത്ഥനയെ മാപ്പേകാനും മാപ്പു സ്വീകരിക്കാനും ഉന്മുഖമാക്കട്ടെയെന്നും പാപ്പാ പറഞ്ഞു.

     തനിക്ക് തിരുപ്പിറവിത്തിരുന്നാള്‍ മംഗളാശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി പറയാനും പാപ്പാ ശനിയാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ മറന്നില്ല.    

Source: Vatican Radio