News >> പുല്‍ക്കൂട്ടിലെ ദിവ്യജ്യോതിസ്സാല്‍ പ്രകാശിതരായി ജീവിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്
ഈ രാത്രിയില്‍ 'ഒരു മഹാജ്യോതിസ്സു' പ്രകാശിക്കും (ഏശയ്യാ 9, 1). നമുക്കു ചുറ്റും പ്രഭചൊരിയുന്നത് ക്രിസ്തുവിന്‍റെ ജനനത്തില്‍ വിരിഞ്ഞ ദിവ്യതേജസ്സാണ്. നാം ശ്രവിച്ച എശയ്യായുടെ പ്രവാചക വാക്യം എത്രയേറെ സത്യമുള്ളതും കാലികവുമാണ്. 'അങ്ങ് ജനതകള്‍ക്ക് സന്തോഷാധിക്യവും വലിയ ആനന്ദവും നല്‍കിയിരിക്കുന്നു' (9, 2)! ഈ നിമിഷത്തിനായി കാത്തിരുന്ന ഹൃദയങ്ങളില്‍ സന്തോഷമുണ്ടായി. എന്നാല്‍ പ്രവചനങ്ങള്‍ തീര്‍പ്പിലെത്തുന്ന വേളയില്‍ ആ സന്തോഷം വീണ്ടും നമ്മില്‍ നിറയുകയും നിറഞ്ഞുകവിയുകയുമാണ്. ഈ രാത്രിയിലെ ദിവ്യരഹസ്യങ്ങള്‍ സത്യമായും ദൈവികമാണെന്നതിന്‍റെ അടയാളമാണ് നമുക്ക് അനുഭവേദ്യമാകുന്ന ഈ ആനന്ദം. അതില്‍ സംശയത്തിനിടമില്ല. യുക്തിയെ മാത്രം ആശ്രയിക്കുന്ന അജ്ഞേയവാദികള്‍ എന്നും സംശയിക്കും. അവര്‍ ഒരിക്കലും സത്യം കണ്ടെത്തുകയുമില്ല. എന്നാല്‍ സ്നേഹത്തില്‍ നഷ്ടപ്പെടലുണ്ട് എന്നു ചിന്തിച്ചു സ്വാര്‍ത്ഥതയില്‍ കഴിയുന്നവര്‍ നിസ്സംഗത വെടിയേണ്ടിയിരിക്കുന്നു. അതിനാല്‍ എല്ലാ ഹൃദയവ്യഥകളും മാഞ്ഞുപോകട്ടെ! എന്തെന്നാല്‍ സകലര്‍ക്കും യഥാര്‍ത്ഥമായ സമാശ്വാസം ഇന്നാളില്‍ ഉണ്ണിയേശു നല്കുന്നു.ഇന്നാണല്ലോ ദൈവപുത്രന്‍ ഭൂജാതനായത്. അതോടെ എല്ലാം രൂപാന്തരപ്പെട്ടിരിക്കുന്നു. നമ്മുടെ മനുഷ്യപ്രകൃതിയില്‍ പങ്കുചേരുവാനാണ് ലോകരക്ഷകന്‍ ആഗതനായത്. അതിനാല്‍ നാം പരിത്യക്തരോ ഏകാകികളോ അല്ല. കന്യകാനാഥ തന്‍റെ തിരുക്കുമാരനെ ജീവിത നവീകരണത്തിനായി നമുക്കായി നല്‍കുന്നു. പലപ്പോഴും പാപപങ്കിലമായ നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാനുള്ള യഥാര്‍ത്ഥ വെളിച്ചമാണ് ക്രിസ്തു. അതിനാല്‍ നമുക്കിന്നൊരു ആത്മശോധന നടത്താം!ക്രിസ്തുമസ് രാത്രിയില്‍ നാം ഒരാത്മീയ യാത്രയുടെ അന്ത്യത്തില്‍ എത്തിച്ചേരുകയാണ്. ക്രിസ്തു പിറന്ന ബെതലഹേം പുല്‍ക്കുടിലിലേയ്ക്കുള്ള മാര്‍ഗ്ഗം തെളിഞ്ഞിരിക്കുന്നതിനാല്‍ ഹൃദയത്തിലെ ഭീതിയും ആശങ്കയുമെല്ലാം നാം പാടേ ഉപേക്ഷിക്കണം. നമുക്കിനി അലസരായിരിക്കാനാവില്ല. പുല്‍ത്തൊട്ടിയിലെ ഉണ്ണിയെ കാണാന്‍ നാം ഉടനെ പുറപ്പെടണം. നമ്മുടെ സന്തോഷത്തിന്‍റെ കാരണമിതാണ് : 'നമുക്കായി രക്ഷകന്‍ പിറന്നിരിക്കുന്നു!' (9, 5)ഈ തിരുപ്പിറവിയുടെ ആനന്ദദായകമായ സദ്വാര്‍ത്ത ജനതകളുമായി പങ്കുവയ്ക്കാന്‍ രണ്ടായിരം വര്‍ഷങ്ങളായി ലോകമെമ്പാടും സഞ്ചരിച്ചവര്‍ക്ക് ഇനിയും ആ 'സമാധാനരാജനെ' അറിയിക്കുവാനും, അങ്ങനെ സമൂഹത്തില്‍ അവിടുത്തെ ഫലവത്തായ ശുശ്രൂഷയുടെ ദാസരാകുവാനുമുള്ള ദൗത്യം തുടരുകയാണ്. അതിനാല്‍ ക്രിസ്തുമസ്നാളില്‍ നമ്മോടു മന്ത്രിക്കുന്ന ദിവ്യഉണ്ണിയെ നിശ്ശബ്ദരായിരുന്നുകൊണ്ട് ശ്രവിക്കാം. ആ ദിവ്യ വദനത്തില്‍നിന്നു ഉതിരുന്ന വചനത്തിന്‍റെ ധ്യാനം നമ്മുടെ ഹൃദയതലങ്ങളെ സ്പര്‍ശിക്കട്ടെ! ജീവിതത്തില്‍ നിലയ്ക്കാത്ത സമാധനം നല്കി നമ്മെ നന്മയില്‍ പ്രകാശിപ്പിക്കാന്‍ ബെതലഹേമില്‍ പിറന്ന ദിവ്യശിശുവിനു കരുത്തുണ്ട്. ഈ ലോകത്തിന്‍റെ ഇല്ലായ്മയിലേയ്ക്കു പിറന്നു വീണവനാണ് അവിടുന്ന്. അവിടുത്തെ കുടുംബത്തിന് പാര്‍ക്കാന്‍ എവിടെയും ഇടം കിട്ടിയില്ല, ഒരു സത്രം പോലും...! അവസാനം തൊഴുത്തിലാണവര്‍ അഭയം തേടിയത്. കാലികള്‍ക്കിടയിലാണ് അവിടുന്നു പിറന്നത്. എന്നിട്ടും ഇല്ലായ്മയിലും ലാളിത്യത്തിലും അവിടുത്തെ ദൈവമഹത്വം തെളിഞ്ഞു പ്രകാശിക്കുന്നു... ഇന്നും... എപ്പോഴും!ഹൃദയലാളിത്യമുള്ളവര്‍ക്ക് അതിനാല്‍ ഇന്നുമുതല്‍ അവിടുത്തെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെയും നിത്യമായ രക്ഷയുടെയും കവാടം തുറന്നുകിട്ടും. പിതാവായ ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും പ്രസരിപ്പിക്കുന്ന ഈ ദിവ്യഉണ്ണിയുടെ വദനം, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നതുപോലെ, 'നിര്‍മതത്വവും മതനിരപേക്ഷതയും ലൗകികമോഹങ്ങളും വെടിഞ്ഞ് സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിച്ച് ഈ ലോകത്ത് അവിടുത്തെ ശിഷ്യരാകുവാന്‍ നമ്മെ വിളിക്കുന്നു' (തീത്തൂസ് 2, 12).ഉപഭോഗസംസ്ക്കാരവും സുഖഭോഗവും, സമ്പത്തിന്‍റെ ധൂര്‍ത്തും ധാരാളിത്തവും, പൊങ്ങച്ചവും പൊള്ളത്തരവുംകൊണ്ടു മത്തുപിടിച്ച ഇന്നിന്‍റെ സമൂഹത്തില്‍ ദിവ്യഉണ്ണി നമ്മെ മിതത്വത്തിലേയ്ക്കും സൗമ്യഭാവത്തിലേയ്ക്കും ക്ഷണിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പുല്‍ക്കൂട്ടിലെ സന്തുലിതവും ലളിതവും സ്ഥായീഭാവമുള്ളതും അനിവാര്യവുമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള കാഴ്ചപ്പാടു ഉണ്ണിയേശു നമുക്കു നല്‍കുന്നു. അതിനാല്‍, പാപത്തോടു ദാക്ഷിണ്യവും, എന്നാല്‍ പാപിയോടു നിര്‍ദാക്ഷിണ്യവും കാണിക്കുന്ന ഇന്നത്തെ ലോകത്ത് ശക്തമായ നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുള്ള കരുത്തും നാം ആര്‍ജ്ജിക്കേണ്ടതാണെന്ന് ഈ ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.നിസ്സംഗഭാവമുള്ളതും എപ്പോഴും കലുഷിതവും സംഘര്‍ഷപൂര്‍ണ്ണവുമായിക്കൊണ്ടുമിരിക്കുന്ന ലോകത്ത് സഹാനുഭാവവും, കാരുണ്യവും, സഹാനുഭൂതിയും, അനുദിനം പ്രാര്‍ത്ഥനയില്‍നിന്നും ആര്‍ജ്ജിച്ചെടുക്കുന്ന നവ്യമായൊരു ജീവിതശൈലി കെട്ടിപ്പടുക്കുവാന്‍ ഈ മഹോത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ! ബെതലഹേമിലെ ആട്ടിടയന്മാരെപ്പോലെ ആശ്ചര്യത്തോടും ഒപ്പം സന്തോഷത്തോടുംകൂടെ നമുക്ക് ദൈവപുത്രനായ ദിവ്യഉണ്ണിയില്‍ ദൃഷ്ടി പതിപ്പിക്കാം. എന്നിട്ട് അവിടുത്തെ മുന്നില്‍ ഹൃദയംതുറന്ന് പ്രാര്‍ത്ഥിക്കാം, "കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ, അവിടുത്തെ രക്ഷ ഞങ്ങള്‍ക്കു തരണമേ!" (സങ്കീര്‍ത്തനം 85, 8).Source: Vatican Radio