News >> ക്യൂബന്‍ അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കണം: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: കോസ്റോറിക്ക, നിക്കരാഗ്വ അതിര്‍ത്തിയില്‍ കുടുങ്ങിയിട്ടുള്ള ആയിരക്കണക്കിന് ക്യൂബന്‍ അഭയാര്‍ഥികളുടെ പുനരധിവാസ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
അയ്യായിരത്തോളം ക്യൂബന്‍ അഭയാര്‍ഥികളാണ് യുഎസില്‍ എത്താനായി തിരിച്ചിട്ടുള്ളത്. ഇവരെ കടത്തിവിടാന്‍ നിക്കരാഗ്വ വിസമ്മതിക്കുകയാണ്.അഭയാര്‍ഥികള്‍ നിക്കരാഗ്വ-കോസ്റോറിക്ക അതിര്‍ത്തിയില്‍ കഴിയുകയാണ്.
പ്രശ്ന പരിഹാരത്തിനു മേഖലയിലെ സര്‍ക്കാരുകള്‍ സത്വരശ്രദ്ധ ചെലുത്തണമെന്ന് ഇന്നലെ ത്രികാലജപ പ്രാര്‍ഥനാവേളയില്‍ മാര്‍പാപ്പ നിര്‍ദേശിച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാളായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുടുംബങ്ങള്‍ക്കു വേണ്ടി പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു.
ഒരു പൊതുലക്ഷ്യത്തിലേക്ക് കുടുംബാംഗങ്ങള്‍ ഒന്നിച്ചു നടത്തുന്ന ദൈനംദിന തീര്‍ഥാടനമാണു കുടുംബജീവിതമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിക്കാനുള്ള സ്ഥലംകൂടിയാണിത്.
Source: Deepika