News >> ജീവന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മയാണ് കുടുംബം
ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച. തിരുക്കുടുംബത്തിന്‍റെ മഹോത്സവം. ശൈത്യകാലമെങ്കിലും നല്ല തെളിവുള്ള ദിവസമായിരുന്നു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരമായതിനാല്‍ റോമില്‍നിന്നു മാത്രമല്ല, യൂറോപ്പിന്‍റെയും ലോകത്തിന്‍റെയും വിവിധ രാജ്യങ്ങളില്‍നിന്നും ആയിരങ്ങള്‍ വത്തിക്കാനില്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള വിശാലമായ ചത്വരത്തിലെ മനോഹരമായ പുല്‍ക്കൂടും, പടുകൂറ്റന്‍ ക്രിസ്തുമസ്മരവും ഉത്സവപ്രതീതി ഉണര്‍ത്തി. കുട്ടികളുടെ കൈകളിലെ ബലൂണുകളും വര്‍ണ്ണക്കൊടികളും, പ്രസ്ഥാനങ്ങളുടെയും സംഘടകളുടെയും ബാനറുകളും പതാകകളും തിരുക്കുടുംബോത്സവത്തിന്‍റെ അരങ്ങും ആവേശവും വര്‍ദ്ധിപ്പിച്ചു. കുട്ടികള്‍ സംഘംചേര്‍ന്ന് ത്രികാലപ്രാര്‍ത്ഥനാവേദിയുടെ മുന്നില്‍നിന്ന് കരോള്‍ ഗീതിങ്ങള്‍ ആലപിച്ചതും അന്തരീക്ഷത്തിന് ഉത്സവപ്രതീതിയുണര്‍ത്തി.ത്രികാലപ്രാര്‍ത്ഥനയ്ക്ക് സമയമായി... അപ്പസ്തോലിക അരമനയുടെ അഞ്ചാംനിലയുടെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷനായി. രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ ആചരിച്ചുകൊണ്ട് കുടുംബങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍ച്ചു വചനസന്ദേശം നല്കിയശേഷമാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയത്. യാതൊരു ക്ഷീണവുമില്ലാതെ... മന്ദസ്മിതത്തോടെ.. കരങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്തു ചിന്തകള്‍ പങ്കുവച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണത്തിന്‍റെ പരിഭാഷ:ക്രിസ്തുമസ്നാളിന്‍റെ സന്തോഷത്തില്‍ ഈ ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ മഹോത്സവം നാം കൊണ്ടാടുകയാണ്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അമേരിക്കൻ അപ്പസ്തോലികയാത്രയുടെ ഭാഗമായി ഫിലാഡെല്‍ഫിയയില്‍ നടന്ന ആഗോളകുടുംബ സംഗമത്തില്‍ പങ്കെടുത്തത് ഓര്‍മ്മയില്‍ അയവിറക്കി. ആ കുടുംബങ്ങളെയെല്ലാം, അകലെയാണെങ്കിലും ഓര്‍ക്കുകയും നന്ദിയോടെ അവര്‍ക്ക് തിരുനാളിന്‍റെ ആശംസകള്‍ അര്‍പ്പിക്കുകയുംചെയ്തു. കുടുംബങ്ങള്‍ ഏറെ തെറ്റിദ്ധാരണകളിലൂടെയും, എല്ലാത്തരം പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണല്ലോ ഇതെന്നും പാപ്പാ സൂചിപ്പിച്ചു.നസ്രത്തിലെ കൊച്ചുകുടുംബത്തിലേയ്ക്കാണ് ഇന്നത്തെ സുവിശേഷഭാഗം വെളിച്ചം വീശുന്നത്. ക്രിസ്തുവിന്‍റെ കുട്ടിക്കാലം കഴിഞ്ഞത് അവിടെയാണല്ലോ. 'യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു,' എന്ന ഒറ്റവചനത്തില്‍ ലൂക്കാ സുവിശേഷകന്‍ യേശുവിന്‍റെ ബാല്യം മനോഹരമായി സംഗ്രഹിക്കുന്നു (ലൂക്കാ 2, 52). യേശുവിന്‍റെയും ജോസഫിന്‍റെയും മേരിയുടെയും കുടുംബം - തിരുക്കുടുംബം - വിശ്വാസികള്‍ക്ക്, വിശിഷ്യാ കുടുംബങ്ങള്‍ക്ക് '
സുവിശേഷത്തിന്‍റെ പള്ളിക്കൂട'മാണ്. കുടുംബത്തെ ജീവന്‍റെയും സ്നേഹത്തിന്‍റെയും ശ്രേഷ്ഠമായ കൂട്ടായ്മയാക്കുന്ന ദൈവികപദ്ധതിയുടെ പൂര്‍ണ്ണിമയെ നാം അംഗീകരിക്കേണ്ടതും നന്ദിയോടെ അനുസ്മരിക്കേണ്ടതുമാണ്. ഓരോ ക്രൈസ്തവ കുടുംബവും സുവിശേഷപുണ്യങ്ങളുടെ സ്നേഹപ്രകാശം പ്രസരിപ്പിക്കുവാനും, സമൂഹത്തില്‍ നന്മയുടെ പുളിമാവാകുവാനും വിളിക്കപ്പെട്ട 'ഗാര്‍ഹിക സഭ'യാണെന്നു തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നു. ധ്യാനാത്മകമായ ജീവിതവും പ്രാര്‍ത്ഥനയും, പരസ്പര ധാരണയും ആദരവും, കഠിനാദ്ധ്വാനവും ഐക്യദാര്‍ഢ്യവും, നമുക്ക് മാതൃകയാക്കാവുന്ന തിരുക്കുടുംബത്തിന്‍റെ മറ്റു പ്രത്യേക ഗുണഗണങ്ങളാണ്, പുണ്യങ്ങളാണ്.ജീവനും ജീവനോപായത്തിനുമുള്ള ശൈലിയും രീതികളും തിരുക്കുടുംബത്തില്‍നിന്നും നമുക്ക് സ്വീകരിക്കാവുന്നതാണ്. അതുപോലെ അനുദിന ജീവിതയാത്ര മുന്നോട്ടു നയിക്കുന്നതിനുള്ള ശക്തിയും വിവേകവും നമുക്ക് നസ്രത്തിലെ കുടുംബത്തില്‍നിന്നും ഉള്‍ക്കൊള്ളാവുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്കി, അവരെ പഠിപ്പിച്ച്, വളര്‍ത്തി, ലോകത്തിനു നല്കുമ്പോള്‍ ഓരോ കുഞ്ഞിന്‍റെയും പുഞ്ചിരിയില്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ സ്നേഹവും ലാളിത്യവുമാണ് പ്രതിഫലിക്കുന്നത്. കൂട്ടായ്മയുള്ള കുടുംബങ്ങളിലാണ് കുഞ്ഞുങ്ങള്‍ക്ക് ജീവനും വളര്‍ച്ചയും അസ്തിത്വവും ലഭിക്കുന്നത്. അങ്ങനെ അര്‍ത്ഥവത്തായ ജീവിതാനുഭവങ്ങളുള്ള കുടുംബങ്ങളില്‍നിന്നുമാണ് ഫലവത്തായ അല്ലെങ്കില്‍ ശരിയായ സ്വാതന്ത്ര്യവും ലളിത്യവും പരസ്പരധാരണയും ബഹുമാനവും, കരുണയും സന്തോഷവും ലോകത്തിന് ലഭ്യമാകുന്നത്.ഈ ദിവസം ജീവിതാനന്ദത്തെക്കുറിച്ചു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. കുടുംബങ്ങളിലെ സന്തോഷം ആകസ്മികമോ അവിചാരിതമോ അല്ല. ജീവിതയാത്രയില്‍ പരസ്പരം ആദരിച്ചും പിന്‍തുണച്ചും പങ്കുവച്ചും കൂട്ടുചേര്‍ന്നും ജീവിക്കുന്നതിന്‍റെ ഫലമായി ലഭിക്കുന്നതാണ് യഥാര്‍ത്ഥവും ആഴമുള്ളതുമായ ജീവിതാനന്ദം! കുടുംബസന്തോഷം!! കൂടുമ്പോള്‍ ഇമ്പമുള്ളിടമാണ് കുടുംബം, എന്നും നാം പറയാറില്ലേ! കുടുംബങ്ങളുടെ സ്ഥായീഭാവമുള്ള ആനന്ദം ദൈവികസാന്നിദ്ധ്യത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും അടയാളമാണ്. സകലരെയും ആശ്ലേഷിക്കുന്ന, മനുഷ്യരോട് അനന്തമായി ക്ഷമിക്കുന്ന, ദൈവസ്നേഹമാണ് കുടുംബങ്ങളെ ഐക്യത്തില്‍ നിലനിര്‍ത്തുന്നത്. സ്വാര്‍ത്ഥതയില്‍ വ്യക്തിമാഹാത്മ്യവാദം വളരുമ്പോള്‍ കുടുംബങ്ങളിലെ കൂട്ടായ്മ ഇല്ലാതാകുന്നു; സന്തോഷം കെട്ടുപോകുന്നു. എന്നാല്‍ സ്നേഹത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ സമൂഹത്തില്‍ ജീവനും വിശ്വാസത്തിനും വേണ്ട ആനന്ദം സ്വമേധയാ സംവേദനം ചെയ്തുകൊണ്ട് സമൂഹത്തില്‍ നന്മയുടെ പ്രകാശവും, ഉപ്പും ഉറയുമായി മാറുന്നു.ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും യേശുവും, കന്യകാമറിയവും, യൗസേപ്പിതാവും - തിരുക്കുടുംബം - സംരക്ഷിക്കട്ടെ, കാത്തുപാലിക്കട്ടെ! മാനവകുലത്തിന് ക്രിസ്തു ദാനമായി നല്കാന്‍ വന്ന ശാന്തിയും സന്തോഷവും, നീതിയും സമാധാനവുമെല്ലാം അവരിലുണ്ട്; തിരുക്കുടുംബത്തില്‍ സമൃദ്ധമായുണ്ട്. അങ്ങനെ ലോകത്തുള്ള കുടുംബങ്ങള്‍ക്കെല്ലാം നസ്രത്തിലെ എളിയ കുടുംബത്തിന്‍റെ ലാളിത്യവും സമര്‍പ്പണവും മാതൃകയായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.Source: Vatican Radio