News >> പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്ന സഹപാഠികളുടെ നവപൂജാര്‍പ്പണം 30 ന്
തൊടുപുഴ : പിച്ചവച്ച് നടന്ന നേഴ്‌സറി സ്‌കൂള്‍ മുതലുള്ള സ്‌നേഹബന്ധത്തിന്റെ മാതൃകയായി മാറിയ നാല് ഡീക്കന്മാര്‍ ദൈവാഭിഷേകത്താല്‍ പ്രഥമ ബലി അര്‍പ്പിച്ച് വൈദിക ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്നു.വിശ്വാസ പുണ്യത്തിന്റെ 200 വര്‍ഷങ്ങള്‍ പിന്നിട്ട നെയ്യശ്ശേരി ഇടവക ദൈവത്തിന്റെ സ്വന്തം നാടായി മാറുകയാണ്. ഒട്ടേറെ വൈദികരേയും സന്യസ്‌തരേയും അല്‍മായരേയും നെയ്യശ്ശേരി ഇടവക സഭയിലൂടെ ലോകത്തിന് പ്രധാനം ചെയ്‌തിട്ടുണ്ട്. ഇത്തവണ 4 ഡീക്കന്മാരാണ് വൈദികരായി അഭിഷിക്‌തരാകുന്നത്.
നഴ്‌സറി സ്‌കൂള്‍ മുതല്‍ കളിച്ചും ചിരിച്ചും തമാശയുമൊക്കെ പറഞ്ഞ് ഒരേ ക്ലാസ്സില്‍ പഠിച്ച് വന്നവര്‍. ഒരു പക്ഷെ അന്നേ ഈ ദൈവവിളി ഇവര്‍ മനസ്സിലാക്കുകയും ഈ ധന്യനിമിഷങ്ങള്‍ സ്വപ്‌നം കാണുകയും ചെയ്‌തിരിക്കാം. അതു കൊണ്ടുതന്നെ ഈ സ്‌നേഹബന്ധം അകന്നുപോകാതെ ധന്യ മുഹൂര്‍ത്തത്തിലും ഒരുമിച്ചിരിക്കാന്‍ ദൈവം ഇവരെ അനുഗ്രഹിച്ചത്.
എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ചോദിക്കുന്നതിനോടൊപ്പം ഈ അസുലഭ നിമിഷങ്ങളെയോര്‍ത്ത് എല്ലാവരോടും നന്ദിപറയുകയുമാണ് ഇവര്‍.
- മുണ്ടയ്‌ക്കല്‍ റോമി-കാതറിന്‍ ദമ്പതികളുടെ മകന്‍
റ്റോബിന്‍ മുണ്ടയ്‌ക്കല്‍,
- താന്നിക്കല്‍ ബേബി-ഗ്രേസി ദമ്പതികളുടെ മകന്‍
ബിബിന്‍ താന്നിക്കല്‍,
- പടിഞ്ഞാറേക്കൂറ്റ് അഗസ്റ്റ്യന്‍-ഫിലോമിന ദമ്പതികളുടെ മകന്‍
ആല്‍വിന്‍ പടിഞ്ഞാറേക്കൂറ്റ്,
- വട്ടക്കുന്നേല്‍ ജോസഫ്-മേരി ദമ്പതികളുടെ മകന്‍
നോബിള്‍ വട്ടക്കുന്നേല്‍ എന്നിവരാണ് ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച് നവ പൂജാര്‍പ്പണം നടത്തുന്നത്.
റ്റോബിനും ബിബിനും കോതമംഗലം രൂപതാ വൈദികരും ആല്‍വിനും നോബിളും സി എസ് റ്റി സഭാ വൈദികരുമാണ്.
ഡിസംബര്‍ 30 ന് രാവിലെ 9 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലില്‍ നിന്നുമാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
Source: Timely News