News >> കുട്ടികളുടെ രാജ്യാന്തര ഗായകസംഘം വത്തിക്കാനില്‍
ഗായകരായ കുട്ടികളുടെ രാജ്യാന്തരസമ്മേളനം റോമില്‍ ആരംഭിച്ചു. സമ്മേളനത്തിനെത്തിയ വിവിധ രാജ്യക്കാരായ കുട്ടികള്‍ ഡിസംബര്‍ 30-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കെടുക്കുവാനും എത്തിയിരുന്നു. തങ്ങളുടെ ആലാപനം പാപ്പായെ കേള്‍പ്പിക്കുവാനും അവരില്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. കുട്ടികളുടെ ശ്രുതിമധുരമായ ആലപനത്തോടു പാപ്പാ സസന്തോഷം പ്രത്യുത്തരിച്ചു.ഗായകരായ കുട്ടികളുടെ
Pueri Cantores എന്ന രാജ്യാന്തര സംഘടനയാണ് അതിന്‍റെ 40-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് റോമില്‍ സംഗമിച്ചത്. "പാടുന്നത് സമുന്നതമായ ദൈവസ്തുതിപ്പാ"ണെന്ന സഭയുടെ അടിസ്ഥാനപ്രബോധനത്തെ ആധാരമാക്കി 20-ാം നൂറ്റാണ്ടില്‍ തുടക്കമിട്ടതാണ്
Pueri Cantores ("ഗായകരായ കുട്ടികള്‍") എന്നു ലത്തീന്‍ ഭാഷയില്‍ നാമകരണംചെയ്തിരിക്കുന്ന ഈ സംഘടന.ഡിസംബര്‍ 28-ാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ച സമ്മേളനം 2016 ജനുവരി ഒന്നാം തിയതിവരെ നീണ്ടുനില്ക്കും. പുതുവത്സര നാളില്‍ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍
Pueri Cantores ഗീതങ്ങള്‍ ആലപിക്കുമെന്ന് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ സംഘടനയുടെ വക്താവ് വെളിപ്പെടുത്തി.സംഗീതജ്ഞാനമുള്ള, 10-നും 18-നും വയസ്സ് പ്രായപരിധിയിലുള്ള, 6000-ത്തോളം കുട്ടികള്‍, 20 രാജ്യങ്ങളില്‍നിന്നുമാണ് ഇക്കുറി റോമില്‍ സമ്മേളിച്ചിരിക്കുന്നത്. 1ഇംഗ്ലണ്ട്, 2ഫ്രാന്‍സ്, 3ജര്‍മ്മനി, 4ഇറ്റലി, 5സ്പെയിന്‍, 6കത്തലാനാ, 7പോളണ്ട്, 8ഓസ്ട്രിയ, 9ബെല്‍ജിയം, 10ബ്രസീല്‍, 11കോംങ്കോ, 12അയര്‍ലണ്ട്, 13ജപ്പാന്‍, 14ലത്വിയ, 15മെക്സിക്കോ, 16പോര്‍ച്ചുഗല്‍, 17തെക്കന്‍ കൊറിയ, 18സ്വീഡന്‍, 19സ്വിറ്റ്സര്‍ലണ്ട്, 20അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഗായകരായ ഈ കുട്ടികള്‍.
Cantate spem vestram...' പ്രത്യാശയോടെ ദൈവത്തെ സ്തുതിക്കുക...!' എന്നതാണ് സംഘടയുടെ ആപ്തവാക്യം. ആരാധനക്രമത്തിലെ 'അല്ലേലൂയ' പ്രഘോഷണംപോലെയാണ് കുട്ടികളുടെ ഈ ഗായകസംഘമെന്ന് 1964-ല്‍
Pueri Cantores-നെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ വിശേഷിപ്പിച്ചിട്ടുണ്ട്. ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ കാര്യാലയവും ദേശീയ-പ്രാദേശിക സഭാ സംവിധാനങ്ങളുമാണ് ആഗോളസഭയ്ക്ക് അഭിമാനമാകുന്ന 'പൂവെരി കന്തോരെസി'ന്‍റെ പ്രായോക്താക്കള്‍.Source: Vatican Radio