News >> കുഞ്ഞുങ്ങളില്‍നിന്ന് ഏറെ പഠിക്കാനുണ്ട്
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (30/12/15) വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. ഈ ആണ്ടിലെ അവസാനത്തേതായിരുന്ന ഈ പൊതുദര്‍ശന പരിപാടിയില്‍ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ ആയിരങ്ങള്‍ പങ്കുകൊണ്ടു. തദ്ദവസരത്തില്‍ പാപ്പാ നടത്തിയ വിചിന്തനത്തിന്‍റെ സംഗ്രഹം:തിരുപ്പിറവിയുടേതായ ഈ ദിവസങ്ങളില്‍ നാം ഉണ്ണിയേശുവിന്‍റെ മുന്നിലാണ്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി തുടങ്ങിവച്ച പാരമ്പര്യം പിന്‍ചെന്നുകൊണ്ട് ഇന്നും അനേകം കുടുംബങ്ങള്‍ വീടുകളില്‍ പുല്‍ക്കൂടു നിര്‍മ്മിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. മനുഷ്യനായിത്തീരുന്ന ദൈവത്തിന്‍റെ രഹസ്യം നമ്മുടെ ഹൃദയങ്ങളില്‍ സജീവമാക്കി നിറുത്തുന്നതാണീ പുല്‍ക്കൂട്. ഉണ്ണീശോയോടുള്ള ഭക്തി പ്രചുരപ്രസരിതമാണ്. തങ്ങളുടെ അനുദിന പ്രാര്‍ത്ഥനയില്‍ അനേകം വിശുദ്ധർ ഈ ഭക്തി വളര്‍ത്തിയെടുക്കുകയും തങ്ങളുടെ ജീവിതം ഉണ്ണിയേശുവിന്‍റെ ജീവിതമാതൃകയില്‍ വാര്‍ത്തെടുക്കാന്‍ അഭിലഷിക്കുകയും ചെയ്തിട്ടുണ്ട്. ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്. കര്‍മ്മലീത്താ സന്യാസിനിയായ അവള്‍ ഉണ്ണിയേശുവിന്‍റെയും തിരുവദനത്തിന്‍റെയും നാമം പേറി. സഭാപാരംഗതയുമായ അവള്‍ക്ക് ആ "
ആദ്ധ്യാത്മിക ബാല്യം" ജീവിക്കാനും അതിന് സാക്ഷ്യമേകാനും അറിയാമായിരുന്നു. നമുക്കുവേണ്ടി ചെറുതായിത്തീര്‍ന്ന ദൈവത്തിന്‍റെ എളിമയെ, പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ധ്യാനിച്ചു കൊണ്ടാണ് ആ ആദ്ധ്യാത്മികത നാം സ്വായത്തമാക്കുക. ദൈവം ചെറുതായിത്തീര്‍ന്നത് ഒരു മഹാരഹസ്യമാണ്. അവിടന്ന് എളിമയുള്ളവനാണ്; നാമാകട്ടെ അഹംഭാവികളും, പൊങ്ങച്ചക്കാരും ആണ്. നാം വലിയ സംഭവമാണെന്ന് നാം സ്വയം കരുതുന്നു. എന്നാല്‍ നാം ഒന്നുമല്ല. വലിയവനായ അവിടന്ന് എളിയവനാകുന്നു, ഒരു ശിശുവായിത്തീരുന്നു. ഇതാണ് യഥാര്‍ത്ഥ രഹസ്യം. ദൈവം എളിമയുള്ളവന്‍! എത്ര മനോഹരം!! ദൈവവും മനുഷ്യനുമായ ക്രിസ്തുവില്‍ ദൈവം ശിശുവായ ഒരു സമയം സംജാതമായി. നമ്മുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. രക്ഷാകരസ്നേഹത്തിന്‍റെ പരമാവിഷ്ക്കാരം തീര്‍ച്ചയായും അവിടത്തെ കുരിശുമരണത്തിലും ഉത്ഥാനത്തിലും ആണ് എന്നത് ശരിതന്നെ. എന്നാല്‍ അവിടത്തെ ഭൗമിക ജീവിതം മുഴുവനും വെളിപാടും പ്രബോധനവും ആണ് എന്നത് നാം മറക്കരുത്. തിരുപ്പിറവിക്കാലത്തില്‍ നാം അവിടത്തെ ശൈശവം അനുസ്മരിക്കുന്നു. വിശ്വാസത്തില്‍ വളരണമെങ്കില്‍ നമ്മള്‍ തുടരെതുടരെ ഉണ്ണി യേശുവിനെ ധ്യാനിക്കേണ്ടത് ആവശ്യമാണ്. ഉണ്ണിയേശുവിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമെ നമുക്കറിവുള്ളു. എന്നാല്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്കൊന്നു നോക്കിയാല്‍ നമുക്ക് ഏറെ പഠിക്കാന്‍ കഴിയും. പൈതങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും നോക്കിയിരിക്കുന്ന ഒരു പതിവുണ്ടല്ലോ. അത് സുന്ദരമാണ്. കുഞ്ഞുങ്ങള്‍, സര്‍വ്വോപരി,നമ്മുടെ ശ്രദ്ധയാഗ്രഹിക്കുന്നു. അവര്‍ക്ക് കേന്ദ്രസ്ഥാനത്തു നില്ക്കണം. അതെന്തുകൊണ്ട്? അത് അവര്‍ക്ക് ധാര്‍ഷ്ട്യമുള്ളതു കൊണ്ടാണോ? അല്ല. തങ്ങള്‍ സംരക്ഷിതാരാണെന്ന ബോധ്യം അവര്‍ക്ക് വേണം. നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തും യേശുവിനെ നാം പ്രതിഷ്ഠിക്കേണ്ടത് ആവശ്യമാണ്. ഒരുപക്ഷേ വൈരുദ്ധ്യമെന്നു തോന്നാമെങ്കിലും നാമറിയണം, അവിടത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. നമ്മുടെ കരങ്ങളിലായിരിക്കാനും, നമ്മുടെ പരിലാളനയിലായിരിക്കാനും, നമ്മുടെ നയനങ്ങളില്‍ നോക്കിക്കിടക്കാനും അവിടന്നാഗ്രഹിക്കുന്നു. കുഞ്ഞുങ്ങള്‍ കളിക്കാനിഷ്ടപ്പെടുന്നു. ഒരു കുഞ്ഞിനെ കളിപ്പിക്കുകയെന്നാല്‍ നമ്മുടെ യുക്തി വെടിഞ്ഞ് ആ ശിശുവിന്‍റെ യുക്തിയിലേക്കു കടക്കുകയെന്നാണര്‍ത്ഥം. ആ കുഞ്ഞ് സന്തോഷിക്കണമെങ്കില്‍ അതിനിഷ്ടമുള്ളതെന്തെന്ന് നാം മനസ്സിലാക്കേണ്ടതാവശ്യമാണ്. സ്വാര്‍ത്ഥരാകരുത്. നമുക്കിഷ്ടമുള്ളത് ആ കുഞ്ഞിനെക്കൊണ്ട് ചെയ്യിക്കാന്‍ മുതിരരുത്. ഇത് നമുക്കൊരു പാഠമാണ്.
നാം സ്വയംപര്യാപ്താരാണെന്ന ഭാവം യേശുവിന്‍റെ മുന്നില്‍ വെടിയാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കാതലായ പ്രശ്നം. ആ പൈതല്‍, ദൈവസൂനു, വരുന്നത് നമ്മെ രക്ഷിക്കാനാണ്. സനേഹത്താലും കാരുണ്യത്താലും സമ്പന്നനായ പിതാവിന്‍റെ മുഖം നമുക്കു കാണിച്ചുതരാനാണ് അവിടന്ന് നമ്മുടെ ഇടയിലേക്കു വന്നത്. ആകയാല്‍ ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങള്‍ക്കുള്ളില്‍ കരുതലോടെ പിടിക്കാം, അവിടത്തെ ശുശ്രൂഷിക്കാം. അവിടന്നാണ് സ്നേഹത്തിന്‍റെയും സ്വച്ഛതയുടെയും സ്രോതസ്സ്. ഇന്ന് വീട്ടില്‍ തിരിച്ചെത്തി പുല്‍ക്കൂടിനടുത്തുചെന്ന് ഉണ്ണിയേശുവിനെ ഉമ്മവച്ചുകൊണ്ട്, "യേശുവേ, നിന്നെപ്പോലെ എളിമയുള്ളവനാകാന്‍, ദൈവത്തെപ്പോലെ എളിമയുള്ളവനാകാന്‍ ഞാന്‍ അഭിലഷിക്കുന്നു" എന്ന് പറയുകയും ഈ അനുഗ്രഹം അവിടത്തോട് അപേക്ഷിക്കുകയും ചെയ്താല്‍ അത് നല്ല കാര്യമായിരിക്കും. Source: Vatican Radio