News >> മദ്യത്തില്‍ മുങ്ങിയ കേരളത്തിന് സുപ്രീംകോടതി വിധി പ്രത്യാശജനകം

മദ്യനിരോധനം നടപ്പിലാക്കുവാനുള്ള സുപ്രീംകോടതിയുടെ വിധി കേരളത്തിന്‍റെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തുമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മദ്യവിരുദ്ധ കമ്മിഷന്‍ ചെയര്‍മാന്‍, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ പ്രസ്താവിച്ചു.

സംസ്ഥാനത്തെ മദ്യലഭ്യത നിയന്ത്രിക്കുവാനും പടിപടിയായി നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍വരുത്തുവാനുമുള്ള കേരളസര്‍ക്കാരിന്‍റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് ‍ഡിസംബര്‍ 29-ന് ചൊവ്വാഴ്ച സുപ്രിംകോടതി നടത്തിയ വിധിപ്രഖ്യാപനത്തോട് അനുകൂലിച്ചുകൊണ്ട് കൊച്ചിയിലെ പിഒസി സഭാആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ കൂടിയായ മാര്‍ റെമീജിയൂസ് ഇങ്ങനെ പ്രതികരിച്ചത്.

മദ്യത്തില്‍ മുങ്ങിയ കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും സമൂഹത്തെയും കുടുംബങ്ങളെയും ധാര്‍മ്മികമായി സമുദ്ധരിക്കുവാനും, നാട്ടില്‍ കൂടുതല്‍ ക്രമസമാധാനം യാഥാര്‍ത്ഥ്യമാക്കുവാനും, റോഡപകടങ്ങള്‍ ഒഴിവാക്കുവാനും  സുപ്രീംകോടതിയുടെ വിധി സഹായകമാണ്. സര്‍ക്കാര്‍ മുന്നോട്ടുവച്ച അഭ്യര്‍ത്ഥനയിന്മേല്‍ കോടതി നടത്തിയ വിധിപ്രഖ്യാപനം നീതിനിഷ്ഠവും പ്രത്യാശ പകരുന്നതുമാണെന്നും ബിഷപ്പ് മാര്‍ റെമീജിയൂസ് കൊച്ചിയില്‍ ചൊവ്വാഴ്ച (29-12-2015) വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രായോഗികമായ മദ്യനിയന്ത്രണ നയം ശരിവച്ച സുപ്രിംകോടതിയുടെ വിധിപ്രസ്താവം മലയാളക്കരയ്ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് മാര്‍ റെമീജിയൂസ് വിശേഷിപ്പിച്ചു.  കോടതിയുടെ പിന്‍തുണയോടെ ജനനന്മയ്ക്കായുള്ള ഈ സര്‍ക്കാര്‍നീക്കം കേരളജനത സ്വാഗതം ചെയ്യുന്നതായും, മദ്യത്തിന്‍റെ അതിപ്രസരത്തില്‍ തകരുന്ന കുടുംബങ്ങളെയും സ്ത്രീജനങ്ങളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാന്‍ ധാര്‍മ്മികതയുടെയും സത്യത്തിന്‍റെയും ഈ നീക്കത്തിന് കരുത്തുണ്ടെന്നും മാര്‍ റെമീജിയൂസ് വ്യക്തമാക്കി.

മദ്യനിരോധനം നടപ്പിലാക്കുവാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങളുമായി പൂര്‍ണ്ണമായി സഹകരിച്ചും, അതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ ബലപ്പെടുത്തിയും സഭയും സഭാപ്രസ്ഥാനങ്ങളും സര്‍ക്കാരിനോട് കൈകോര്‍ത്തു മുന്നേറുമെന്ന്  മദ്യവിരുദ്ധസമിതി യോഗവും പ്രസ്താവിച്ചു.  കെ.സി.ബി.സി.-യുടെ മദ്യവിരുദ്ധ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ടി. ജെ. ആന്‍റെണി, സംസ്ഥാന ഭാരവാഹികളായ സ്റ്റെലാ ജോസി, ആനിസ് തോട്ടാപ്പിള്ളി, അ‍ഡ്വക്കേറ്റ് ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, പൗലോസ് കണ്ടത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   

Source: Vatican Radio