News >> പ്രകൃതിദുരന്ത ബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുക


അമേരിക്കൻ ഭൂഖണ്ഡത്തിലും ബ്രിട്ടനിലും പ്രകൃതിദുരന്തങ്ങള്‍ക്കിരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

    ബുധനാഴ്ച (30/12/15) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതു കൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ക്ഷണമേകിയത്.

    അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടന്‍, തെക്കെ അമേരിക്ക, വിശിഷ്യ പരഗ്വായ്, എന്നിവിടങ്ങളില്‍, ദൗര്‍ഭാഗ്യവശാല്‍, മരണം വിതയ്ക്കുകയും അനേകരെ ഭവനരഹിതരാക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത ദുരന്തങ്ങള്‍മൂലം യാതനകളനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദൈവം സാന്ത്വനമേകുന്നതിനും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സാഹോദര്യ-ഐക്യദാര്‍ഢ്യ ചൈതന്യത്തോടുകൂടി സഹായഹസ്തം നീട്ടാന്‍ എല്ലാവര്‍ക്കും കഴിയുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.

തെക്കെ അമേരിക്കയില്‍ പരഗ്വായ്ക്കു പുറമെ, ബ്രസീല്‍, ഉറുഗ്വായ്,  പാപ്പായുടെ ജന്മനാടായ അര്‍ജന്തീന എന്നീ നാടുകളിലും പേമാരിയും ജലപ്രളയവും ദുരന്തം വിതച്ചിരിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും, ബ്രിട്ടനില്‍ ഫ്രാങ്ക് എന്ന പേരിലുള്ള ചുഴലിക്കാറ്റും പേമാരിയും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കയാണ്. 

Source: Vatican Radio