News >> ചാക്രികലേഖനം വത്തിക്കാന്‍ പ്രകാശനം ചെയ്തു.
ജൂണ്‍ 18-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍റെ സിനഡു ഹാളില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണിന്‍റെ അദ്ധ്യക്ഷതയിലാണ് പ്രകാശനകര്‍മ്മം നടന്നത്.കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍റെ പ്രതിനിധി, മെത്രാപ്പോലീത്തന്‍ ജോണ്‍ സിസോലസും, പോട്സ്ടാമിലെ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍, പ്രഫസര്‍ ഷെലന്‍ഹ്യൂബറും പരിശുദ്ധ സിംഹാസത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി എന്നിവരും പ്രകാശനവേദിയില്‍ ചാക്രികലേഖനത്തെ വിലിയിരുത്തി സംസാരിച്ചു.അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭൂമിഗീതത്തില്‍നിന്നും (Canticle of the Earth) പ്രചോദനം ഉള്‍ക്കൊണ്ടാണ് ചാക്രിക ലേഖനത്തിന് അങ്ങേയ്ക്ക് സ്തുതി!' Laudato Si' എന്ന ശീര്‍ഷകം നല്കിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ് വിവരിച്ചു. ഗീതത്തില്‍ ഭൂമിയെ മനുഷ്യകുലത്തിന്‍റെ പൊതുഭവനം' എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടെ പാര്‍ക്കുന്ന സഹോദരിയും, ഓമനിച്ച് ആശ്ലേഷിക്കുന്ന സ്നേഹമുള്ള അമ്മയും പോലെയാണ് ഭൂമിയെന്ന് സിദ്ധന്‍ തന്‍റെ വിശ്വത്തര പ്രാര്‍ത്ഥന, ഭൂമിസ്തവത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ധ്യാനം സ്വാംശീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ സമകാലീന വീക്ഷണത്തിലേയ്ക്കും വിമര്‍ശനത്തിലേയ്ക്കും - ആമുഖത്തിലൂടെയും, ആറ് അദ്ധ്യായങ്ങളിലൂടെയും തന്‍റെ ചാക്രിക ലേഖനം തീര്‍ത്തിരിക്കുന്നത്. മാനവികതയ്ക്ക് ഉപകാരപ്രദമായ ഈ പഠനം ക്രൈസ്തവ ലോകത്തിനു മാത്രമല്ല, ആധുനിക സമൂഹത്തിനും, സന്മനസ്സുള്ള സകലര്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് സമര്‍പ്പിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ വ്യക്തമാക്കി.ഇന്ന് ഏറെ മലീമസമാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുള്ള ഭൂമിയമ്മ കേഴുകയാണെന്നും, ലോകത്തുള്ള പാവങ്ങളും പരിത്യക്തരുമായവരുടെ കൂട്ടത്തിലേയ്ക്ക് പുറംതള്ളപ്പെടുകയാണെന്നും പാപ്പാ ആമുഖമായി പ്രസ്താവിക്കുന്നു. അതിനാല്‍ വ്യക്തികളെയും, കുടുംബങ്ങളെയും, ദേശീയ പ്രാദേശിക സമൂഹങ്ങളെയും, അന്താരാഷ്ട്ര സമൂഹത്തെയും പാരിസ്ഥിതികമായ പരിവര്‍ത്തനത്തിനായി പാപ്പാ ഫ്രാന്‍സിസ് ക്ഷണിക്കുകയാണെനന്ന്, ഉള്ളടക്കത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രസ്താവിച്ചു.മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കും ഭദ്രതയ്ക്കുമായി നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് അതിന്‍റെ മനോഹാരിതയും ഉഭയസാധ്യതകളും കെട്ടുപോകാതെ സംരക്ഷിക്കത്തക്ക വിധത്തില്‍ ജീവിതരീതിയില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പാപ്പാ അഭ്യര്‍ത്ഥിക്കുന്നതെന്ന്, ചാക്രിക ലേഖനത്തിന്‍റെ ആദ്യ അദ്ധ്യായത്തിലെ ഭാഗം ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. (William Nellikkal)