News >> ദൈവസുതന്‍റെ പിറവി പുതുയുഗത്തിന് തുടക്കം കുറിക്കുന്നു
ദൈവമാതൃത്വത്തിരുന്നാളില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ നടത്തിയ വചനവിശകലനം:
"കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു, അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി "(ഗലാ.4:4
). ജനുവരി ഒന്നിന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ആരംഭിച്ചത്.
കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ യേശു ജാതനായി എന്നതിന്‍റെ പൊരുളെന്താണ്? നമ്മുടെ നോട്ടം ചരിത്ര നിമിഷത്തിലേക്കാണെങ്കില്‍ നാം നിരാശരാകും. അന്ന് 'ലോക'മായി അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്‍റെ ഭൂരിഭാഗവും സൈനികശക്തിയാല്‍ റോമിന്‍റെ അധീനതയിലായിരുന്നു. അഞ്ച് ആഭ്യന്തര യുദ്ധങ്ങള്‍ക്കു ശേഷം അധികാരത്തിലേറിയ ചക്രവര്‍ത്തിയാണ് അഗസ്റ്റസ്. ഇസ്രായേലും റോമാ സാമ്രാജ്യത്തിന്‍റെ ആധിപത്യത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ആ ജനത്തിന് അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആകയാല്‍ യേശുവിന്‍റെ സമകാലീനരെ സംബന്ധിച്ചിടത്തോ
ളം ആ കാലഘട്ടം മെച്ചപ്പെട്ടതായിരുന്നില്ല. ആകയാല്‍ 'കാലത്തികവി'നെ നിര്‍വ്വചിക്കാന്‍ നോക്കേണ്ടത് ഭൂ-രാഷ്ട്രതന്ത്ര-മണ്ഡലത്തിലേക്കല്ല.
ആയതിനാല്‍, ആ 'കാലത്തികവി'നെ ദൈവത്തിന്‍റെ നയനങ്ങളിലൂടെ നോക്കിക്കാണുന്ന മറ്റൊരു വ്യാഖ്യാനം ആവശ്യമാണ്. വാഗ്ദാനം നിറവേറ്റുന്നതിനുള്ള സമയമായി എന്ന് ദൈവം തീരുമാനിച്ച നിമിഷം നരകുലത്തിന് കാലസമ്പൂര്‍ണ്ണതയായി. അതുകൊണ്ടുതന്നെ ചരിത്രമല്ല ക്രിസ്തുവിന്‍റെ ജനനം നിര്‍ണ്ണയിക്കുന്നത്; മറിച്ച് ലോകത്തിലേക്കുള്ള അവിടത്തെ ആഗമനമാണ് പൂര്‍ണ്ണത നേടാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നത്. ഇക്കാരണത്താലാണ് ദൈവസുതന്‍റെ പിറവിയാല്‍ പുതുയുഗത്തിന് - പഴയനിയമ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്ന ഒരു യുഗത്തിന് - തുടക്കം കുറിക്കപ്പെടുന്നത്. ഹെബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ കര്‍ത്താവ് ഇപ്രകാരം കുറിച്ചിരിക്കുന്നു:
പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്‍റെ പുത്രന്‍ വഴി അവിടന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടന്ന് സകലത്തിന്‍റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു. അവന്‍ അവിടത്തെ മഹത്വത്തിന്‍റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്‍റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങി നിറുത്തുന്നു.(ഹെബ്രായര്‍ 1:1-3
) ആകയാല്‍, 'കാലത്തികവ്' എന്നാല്‍ ചരിത്രത്തില്‍ ദൈവത്തിന്‍റെ നേരിട്ടുള്ള സാന്നിധ്യമാണ്. ഒരു കാലിത്തൊഴുത്തിലെ ദാരിദ്ര്യത്തില്‍ അവിടത്തെ മഹത്വം വിളങ്ങുന്നതായി നമുക്കിപ്പോള്‍ കാണാം. ഒരു പൈതലില്‍ ചെറുതായിത്തീര്‍ന്ന ദൈവവചനത്താല്‍ നാം പ്രചോദിതരും താങ്ങിനിറുത്തപ്പെട്ടവരുമായിത്തീരുന്നു. അവിടത്തെ ശക്തിയാല്‍ നമ്മുടെ സമയത്തിനും അതിന്‍റെ പൂര്‍ണ്ണത പ്രാപിക്കാനാകും. മനുഷ്യനായിത്തീര്‍ന്ന ദൈവമായ യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ നമ്മുടെയും വൈക്തിക സമയം അതിന്‍റെ പൂര്‍ണ്ണത പ്രാപിക്കും.
എന്തൊക്കെത്തന്നെയായാലും, ഈ രഹസ്യം ചരിത്രപരമായ നാടകീയവസ്ഥകളുമായി നിരന്തര സംഘര്‍ഷത്തിലാണ്. ഓരോ ദിവസവും ദൈവികസാന്നിധ്യത്താല്‍ താങ്ങിനിറുത്തപ്പെടാന്‍ നാം അഭിലഷിക്കുമ്പോള്‍, പ്രസ്തുത സാന്നിധ്യം ഇല്ല എന്നു തോന്നിക്കുന്നതായ വിപരീതവും നിഷേധാത്മകവുമായ അടയാളങ്ങളെ നേരിടേണ്ടിവരുന്നു. ദിനംപ്രതി നരകുലത്തെ മുറിപ്പെടുത്തുന്ന അനീതിയുടെയും അക്രമങ്ങളുടെയും എണ്ണമറ്റ രൂപങ്ങള്‍ക്കു മുന്നില്‍ കാലത്തിന്‍റെ പൂര്‍ണ്ണത ശകലിതമാകുന്നതായി തോന്നാം. ചിലപ്പോള്‍ നാം സ്വയം ചോദിച്ചുപോകുന്നു: മനുഷ്യന്‍ മനുഷ്യനെ അടിച്ചമര്‍ത്തുന്നതു തുടരുന്നതെങ്ങിനെ? കൂടുതല്‍ ശക്തനായവന്‍റെ ഔദ്ധത്യം കൂടുതല്‍ ബലഹീനനനായവനെ ലോകത്തിന്‍റെ ഏറ്റം മലിനമായ പ്രാന്തങ്ങളിലേക്കു തള്ളിക്കൊണ്ട് നിരന്തരം അവമതിക്കുന്നതെങ്ങിനെ? മനുഷ്യന്‍റെ
ധാർഷ്ട്യം ഭൂമിയില്‍ എത്രനാള്‍ നിരപരാധികളെ ഇരകളാക്കിത്തീര്‍ക്കുന്ന അക്രമവും വിദ്വേഷവും വിതയ്ക്കും? സ്ത്രീപുരുഷന്മാരും കുട്ടികളുമടങ്ങുന്ന ജനസഞ്ചയം യുദ്ധം, പട്ടിണി, പീഢനം എന്നിവയില്‍നിന്ന് പലായനം ചെയ്യുകയും, തങ്ങളുടെ മൗലികാവകാശങ്ങള്‍ ആദരിക്കപ്പെട്ടു കാണാന്‍ ജീവന്‍ അപകടപ്പെടുത്താന്‍ പോലും സന്നദ്ധരാവുകയും ചെയ്യുന്നതിന് നാം സാക്ഷികളാകുമ്പോള്‍ എങ്ങനെ കാലത്തിന്‍റെ 'സമ്പൂര്‍ണ്ണത' സാക്ഷാത്കൃതമാകും? പാപത്താല്‍ പോഷിതമായ ദുരിതത്തിന്‍റെ നദീപ്രവാഹം ക്രിസ്തു സാക്ഷാത്ക്കരിച്ച കാലത്തിന്‍റെ പൂര്‍ണ്ണതയെ ഖണ്ഡിക്കുന്ന ഒരു പ്രതീതി!
എന്നിരുന്നാലും, നിറഞ്ഞൊഴുകുന്ന ഈ പുഴയ്ക്ക് ന
മ്മുടെ ലോകത്തെ ആമഗ്നമാക്കുന്ന കാരുണ്യസാഗരത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. ഐക്യദാര്‍ഢ്യത്തിന് പ്രതിബന്ധമാകുന്ന നിസ്സംഗതയെ ജിയിക്കാനും, പങ്കുവയ്ക്കലിന് തടസ്സം സൃഷ്ടിക്കുന്ന കപട നിഷ്പക്ഷതയില്‍നിന്നു പുറത്തുകടക്കാനും ഈ കാരുണ്യക്കടലില്‍ മുങ്ങി പുനര്‍ജനിക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. പരിത്രാണത്തിനായുള്ള കാത്തിരിപ്പിനെ പൂര്‍ത്തിയാക്കുന്ന ക്രിസ്തുവിന്‍റെ കൃപ, ഉപരിനീതിയും സാഹോദര്യവും വാഴുന്ന ഒരു ലോകത്തിന്‍റെ - ഓരോ വ്യക്തിക്കും സകല ജീവികള്‍ക്കും ശാന്തിയിലും ദൈവ ത്തിന്‍റെ യഥാര്‍ത്ഥ സൃഷ്ടിയുടെ ഏകതാനതയിലും ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തിന്‍റെ - നിര്‍മ്മിതിയില്‍ അവിടത്തെ സഹകാരികളാകാന്‍ നമുക്ക് പ്രചോദനം പകരുന്നു.
പുത്തനാണ്ടിന്‍റെ തുടക്കത്തില്‍ സഭ സമാധാനത്തിന്‍റെ രൂപമായ മറിയത്തിന്‍റെ ദൈവിക മാതൃത്വത്തെക്കുറിച്ച് മനനം ചെയ്യാന്‍ നമ്മെ ക്ഷണിക്കുന്നു. പഴയനിയമ വാഗ്ദാനം അവളില്‍ പൂര്‍ത്തിയാക്കപ്പെടുന്നു. ദൈവദൂതന്‍റെ വാക്കുകള്‍ വിശ്വസിച്ച അവള്‍ ഒരു പുത്രനെ ഗര്‍ഭംധരിക്കുകയും കര്‍ത്താവിന്‍റെ അമ്മയായിത്തീരുകയും ചെയ്തു. അവളിലൂടെ, അവളേകിയ സമ്മതത്തിലൂടെ, കാലസമ്പൂര്‍ണ്ണത വന്നു. നാം ശ്രവിച്ച സുവിശേഷം നമ്മോടു പറയുന്നു "ആ കന്യക എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു" എന്ന്. ലൂക്കാ 2:19. യേശുവിന്‍റെ സ്മരണകളാല്‍ നിറഞ്ഞ പാത്രമായി, ജ്ഞാനത്തിന്‍റെ ഇരിപ്പിടമായി, അവള്‍ നമ്മുടെ മുന്നില്‍ നില്ക്കുന്നു. യേശുവിന്‍റെ പ്രബോധനങ്ങള്‍ ഗ്രഹിക്കാന്‍ നമുക്കവളെ സമീപിക്കാന്‍ സാധിക്കും. നമ്മെ ഇന്നു വ്യക്തിപരമായി സ്പര്‍ശിക്കുന്ന, നമ്മുടെ കുടുംബങ്ങളെ, രാജ്യങ്ങളെ, ലോകം മുഴുവനെയും തൊടുന്ന പ്രശ്നങ്ങളുടെ പൊരുള്‍ ഗ്രഹിക്കുക മറിയം സാധ്യമാക്കിത്തീര്‍ക്കുന്നു. തത്വചിന്തകരുടെ യുക്തിക്കും രാഷ്ട്രീയ ഇടപെടലുകള്‍ക്കും കടന്നുചെല്ലാന്‍ പറ്റാത്തിടത്ത് വിശ്വാസത്തിന്‍റെ ശക്തിക്ക് എത്താന്‍ കഴിയും. ഈ വിശ്വാസ ശക്തി ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ കൃപ സംവഹിക്കുന്നതും, യുക്തിക്കും ഇടപെടലുകള്‍ക്കും എന്നും നൂതന മാര്‍ഗ്ഗങ്ങള്‍ തുറക്കാന്‍ കഴിവുറ്റതുമാണ്.
"മറിയമേ, നീ, അനുഗ്രഹീതയാണ്. എന്തെന്നാല്‍ നീ ലോകത്തിന് ദൈവസൂനുവിനെ നല്കി. അവിടുന്നില്‍ വിശ്വാസിച്ചതിനാല്‍ നീ കൂടുതല്‍ അനുഗ്രഹീതയായി. സകല വിശ്വാസികള്‍ക്കും അമ്മയാകുന്നതിന് നീ വിശ്വാസ നിറവിനാല്‍ ആദ്യം ഹൃദയത്തിലും പിന്നീട് ഉദരത്തിലും യേശുവിനെ ഗര്‍ഭം ധരിച്ചു. അമ്മേ നിനക്ക് സമര്‍പ്പിതമായ ഈ ദിനത്തില്‍ ഞങ്ങളിലും നിന്‍റെ അനുഗ്രഹം ചൊരിയേണമെ. നിന്‍റെ സുതനായ യേശുവിന്‍റെ വദനം - ലോകത്തിനുമുഴുവന്‍ കാരുണ്യവും സമാധാനവും പ്രദാനം ചെയ്യുന്ന യേശുവിന്‍റെ വദനം - ഞങ്ങള്‍ക്കു കാണിച്ചു തരേണമെ. ആമേന്‍"
Source: Vatican Radio