News >> വത്തിക്കാനിലെ പരിപാടികളില്‍ വര്‍ദ്ധിച്ച ജനപങ്കാളിത്തം


വത്തിക്കാനിലെ പേപ്പല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ഡിസംബര്‍ 31-ന് പേപ്പല്‍ വസതിയുടെ കാര്യാലയം പ്രസിദ്ധപ്പെടുത്തിയ 2015-ാമാണ്ടിലെ കണക്കു പ്രകാരം പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പരിപാടി, ത്രികാലപ്രാര്‍ത്ഥന, ആരാധനക്രമ പരിപാടികള്‍, പ്രത്യേക കൂടിക്കഴ്ചകള്‍ എന്നിവയില്‍ 33 ലക്ഷത്തോളംപേര്‍ ആകെ പങ്കെടുത്തു.  ഇത് മുന്‍ വര്‍ഷത്തെക്കാള്‍ അധികമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.  ഓരോ ഇനത്തിലും പങ്കെടുക്കുന്നവരുടെ ശരാശരി കണക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് പേപ്പല്‍ പരിപാടികളിലെ വിശ്വാസികളുടെ പങ്കാളിത്തം വത്തിക്കാന്‍ രേഖാപരമായി ഉറപ്പുവരുത്തുന്നത്.

മുന്‍കൂറായി ബുക്കുചെയ്യുന്നവരെക്കൂടാതെ, ചത്വരത്തിലെ ജനസാന്ദ്രതയും, ഇരിപ്പിടങ്ങളുടെ എണ്ണവും കണക്കിലെടത്തുകൊണ്ടാണ് അനുവര്‍ഷം വത്തിക്കാനിലെത്തി പാപ്പായുടെ പരിപാടികളില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരായ വിശ്വാസികളുടെ സ്ഥിതിവിവരക്കണക്കുകള്‍ പേപ്പല്‍ വസതിയുടെ കാര്യാലയം സൂക്ഷിക്കുന്നത്.

2015 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരം

പൊതുകൂടിക്കാഴ്ച പരിപാടികള്‍      7,04,100

പ്രത്യേക കൂടിക്കാഴ്ചകള്‍                    4,08,760

ആരാധനക്രമ പരിപാടികള്‍                  5,13,000

ത്രികാലപ്രാര്‍ത്ഥനകള്‍                          15,85,000

ആകെ                                                    32,10, 860

വിവിധ രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും, ഇറ്റലിയില്‍ തന്നെയുള്ള ഇടയസന്ദര്‍ശനങ്ങളില്‍ സന്നിഹിതരാകുകയുംചെയ്യുന്ന ജനസഹസ്രങ്ങള്‍ക്കു പുറമെ വത്തിക്കാനിലെത്തുന്ന വിശ്വാസികളുടെ ഒരു വര്‍ഷത്തെ കണക്കാണ് അപ്പസ്തോലിക് പ്രീഫെക്ച്വര്‍ പ്രസിദ്ധപ്പെടുത്തിയത്. പല തരത്തിലുള്ള മാധ്യമ ശൃംഖലകളിലൂടെ പേപ്പല്‍ പരിപാടികള്‍ കാണുകയും ശ്രവിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള വിശ്വാസികളും അല്ലാത്തവരുമായവര്‍ നിരവധിയാണ്.

Source: Vatican Radio