News >> "പൂവെരി കാന്തോരെസ്" മുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ ഗീതങ്ങള്‍ പാടി


കുട്ടികളുടെ രാജ്യാന്തര ഗായകസംഘം, 'പൂവെരി കാന്തോരെസ്(Pueri Cantores) മുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി ഗീതങ്ങള്‍ ആലപിച്ചു.

ഡിസംബര്‍ 30-ാം തിയതി ബുധനാഴ്ച സായാഹ്നത്തിലാണ് 12-നും 18-നും വയസ്സിനിടയ്ക്ക് പ്രായമുള്ള ഗായകസംഘത്തിലെ 36 ജര്‍മ്മന്‍കാരായ കുട്ടികള്‍ പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ഗീതങ്ങള്‍ ആലപിച്ചത്. വത്തിക്കാന്‍ തോട്ടത്തില്‍ പാപ്പാ താമസിക്കുന്ന 'മാത്തര്‍ എക്ലേസിയെ' (Mater Ecclesiae) ഭവനത്തിന് സമീപത്തുള്ള വത്തിക്കാന്‍ റേഡിയോയുടെ വലിയ സ്റ്റുഡിയോയിലാണ് കുട്ടുകളുടെ ഗായകസംഘം സംഗീതജ്ഞനും പിയാനിസ്റ്റുമായ മുന്‍പാപ്പായെ ജര്‍മ്മന്‍ ഗീതങ്ങള്‍ പാടി സന്തോഷിപ്പിച്ചത്.

പാപ്പായുടെ സഹോദരന്‍, വൈദികനും സംഗീത സംവിധായകനുമായ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷച്ച് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ എന്നിവരും കുട്ടികളുടെ കരോള്‍ഗാനങ്ങള്‍ കേള്‍ക്കാന്‍ പാപ്പായ്ക്കൊപ്പം സന്നിഹിതരായിരുന്നു.  നാലു കരോള്‍ ഗീതങ്ങള്‍ ജര്‍മ്മന്‍ ഭാഷയില്‍ മനോഹരമായി പാടിയ കുട്ടികളെ പാപ്പാ അഭിനന്ദിച്ചുനന്ദി പറഞ്ഞു. അവരെ ആശീര്‍വ്വദിച്ചു.

ഡിസംബര്‍ 28-മുതല്‍ ജനുവരി 1-വരെയുള്ള 'പൂവെരി കാന്തോരെസിന്‍റെ(Pueri Cantores)  40-ാം അന്തര്‍ദേശീയ സമ്മേളനത്തിനും പഠനശിബിരത്തിനുമായി റോമില്‍ എത്തിയതാണ്  6000-ത്തോളം വരുന്ന കുട്ടികള്‍. അവര്‍ 23 വിവിധ രാജ്യക്കാരാണ്.

വര്‍ഷാന്ത്യ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ചമുന്‍പാപ്പാ ബനഡിക്ടിനുവേണ്ടി കരോള്‍ ഗീതങ്ങള്‍ ആലപിച്ചത്പുതുവത്സര നാളില്‍ പാപ്പായുടെ ദിവ്യബലിയില്‍ സിസ്റ്റൈന്‍ ഗായകസംഘത്തോടു ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചത്... എന്നിങ്ങനെ മറക്കാനാവാത്തതും മധുരിക്കുന്നതുമായ ഓര്‍മ്മകളുമായിട്ടാണ് 'പൂവെരി കാന്തോരെസ്' താന്താങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് മടങ്ങുന്നതെന്ന് സംഘത്തെ നയിക്കുന്ന റിചാര്‍ഡ് റോബിന്‍സ് അറിയിച്ചു.

Source: Vatican Radio