News >> എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഉണ്ടാവില്ലെന്ന് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍
എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഉണ്ടാവില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഉദ്ബോധിപ്പിച്ചു.ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍ വടക്കെ ഇറ്റലിയിലെ ഇടവകയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വൈദികനായി താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിചേന്‍സാ രൂപതയിലുള്ള ഇടവകയിലെ ആഘോഷത്തില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ പരോളിന്‍ അവിടെ പുതുതായി പണിതീര്‍ത്ത ഇടവകമന്ദിരത്തിന്‍റെ ആശീര്‍വ്വാദവും നിര്‍വ്വഹിച്ചു.കുടുംബജീവിതത്തിലുണ്ടാകുന്ന അനുദിന പ്രതിസന്ധികളും പ്രയാസങ്ങളും കാണുമ്പോള്‍ നാം പതറിപ്പോകരുത്. പരിപൂര്‍ണ്ണതയുള്ള കുടുംബങ്ങള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ പൂര്‍ണ്ണതയ്ക്കായി നിരന്തരം പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു. ഇരുട്ടും വെളിച്ചവും പോലെ സുഖദുഃഖങ്ങളും, വരുംവരായ്കകളും ഇടകലര്‍ന്നതാണ് കുടുംബജീവിതമെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ മുന്നോട്ടുപോകണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. അനുദിന ജീവിതപരിസരങ്ങളില്‍ സ്നേഹത്തിന്‍റെ ഈ സമ്മിശ്രസ്വഭാവം മനസ്സിലാക്കി ജീവിക്കുവാനും വളരുവാനുമാണ് കുടുംബങ്ങളും ദമ്പതിമാരും പരിശ്രമിക്കേണ്ടത്.ഹൃദയകവാടങ്ങള്‍ സ്നേഹത്തില്‍ ആത്മാര്‍ത്ഥമായി തുറന്നിടുന്ന കുടുംബങ്ങള്‍ക്ക് ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ വളരുവാനും പുരോഗതി കൈവരിക്കുവാനും സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഇടവകജനങ്ങളെ അനുസ്മരിപ്പിച്ചു. കുരിശും ഉയിര്‍പ്പും ക്രിസ്തുവിന്‍റെ സ്നേഹസമര്‍പ്പണമായിരുന്നു. അതുപോലെ, സ്നേഹത്തിലധിഷ്ഠിതമായ ത്യാഗസമര്‍പ്പണംവഴി മാത്രമേ കുടുംബജീവിതത്തിൽ വിജയം കൈവരിക്കുവാന്‍ സാധിക്കൂ എന്ന് കര്‍ദ്ദിനാള്‍ പരോളില്‍ ചൂണ്ടിക്കാട്ടി.കുരിശിന്‍റെയും ഉയിര്‍പ്പിന്‍റെയും അനുഭവങ്ങള്‍ ഇടകലര്‍ന്ന കുടുംബമാണ് സ്നേഹത്തിന്‍റെ ഉറവിടമാകുന്നത്. അവിടെയാണ് സ്നേഹത്തിന്‍റെ മൂല്യം വേരെടുക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി അദ്ധ്വാനിക്കുവാനും, സഹിക്കുവാനുമുള്ള കാഴ്ചപ്പാട് വളരേണ്ടതും കുടുംബത്തിലാണ്. അപരനെ സഹായിക്കുവാന്‍വേണ്ടി വിനയത്തില്‍ കുമ്പിടുകയും കുനിയുകയും ചെയ്യുവാന്‍ കുടുംബത്തിലും കുടുംബജീവിത പരിസരത്തിലും നമുക്കു സാധിക്കണം. അതുപോലെ ക്ഷമിക്കുവാനും പൊറുക്കുവാനും നിരന്തരമായി അഭ്യസിക്കുന്ന ഇടവും കുടുംബംതന്നെയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.ദൈവം വിഭാവനംചെയ്ത കുടുംബത്തിന്‍റെ പ്രതിഛായ സ്നേഹസമര്‍പ്പണത്തിന്‍റേതാണ്. അതിനാല്‍ സ്നേഹത്തിന്‍റെ ഈ ദൈവികസ്വപ്നം സാക്ഷാത്ക്കരിക്കാനാണ് അനുദിനജീവിതത്തില്‍ കുടുംബങ്ങള്‍ പരിശ്രമിക്കേണ്ടതെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പ്രഭാഷണം ഉപസംഹരിച്ചത്. Source: Vatican Radio