News >> വിശുദ്ധ മേരി മേജര്‍ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കപ്പെട്ടു
റോമിലെ നാലു പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ വിശുദ്ധ മേരി മേജര്‍ ബസിലി ക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് പാപ്പാ ദൈവമാതാവിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ജനുവരി ഒന്ന്, വെള്ളിയാഴ്‍ച (01/01/2016) തുറന്നു. റോമിലെ സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30 നായിരുന്നു വിശുദ്ധകവാടം തുറക്കല്‍ ചടങ്ങ് ആരംഭിച്ചത്. കരുണയുടെ അസാധാരണ ജൂബിലിയോടനുബന്ധിച്ചാണ് ഫ്രാന്‍സീസ് പാപ്പാ ഈ വിശുദ്ധ വാതില്‍ തുറന്നത്. ഇതോടെ, വിശുദ്ധ മേരി മേജര്‍ ബസിലിക്കയുള്‍പ്പെടെ, റോമിലെ നാലു പേപ്പല്‍ ബസിലിക്കകളിലെയും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെട്ടു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക, വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ബസിലിക്ക എന്നിവയാണ് റോമിലെ ഇതര പേപ്പല്‍ ബസിലിക്കകള്‍. ഇവയില്‍ റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ബസിലിക്കയുടേതൊഴിച്ച് മറ്റു മൂന്നു ബസിലിക്കകളുടെയും വിശുദ്ധ വാതിലുകള്‍ തുറന്നത് ഫ്രാന്‍സീസ് പാപ്പാ തന്നെയാണ്. വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെയും, റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയുടെയും വിശുദ്ധ കവാടങ്ങള്‍ തുറക്കപ്പെട്ടത് ഒരേ ദിവസം, അതായത് ഡിസംബര്‍ 13-ന് തന്നെ ആയിരുന്നതിനാള്‍ വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കാന്‍ പാപ്പാ തന്‍റെ പ്രതിനിധിയായി പ്രസ്തുത ബസിലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വെയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് വത്തിക്കാനില്‍, വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ കവാടം പാപ്പാ തുറന്നതോടെ തുടക്കം കുറിക്കപ്പെട്ട കരുണയുടെ വിശുദ്ധ വത്സരം ഇക്കൊല്ലം നവമ്പര്‍ 20-ന്, ക്രിസ്തുരാജന്‍റെ തിരുന്നാള്‍ ദിനത്തില്‍ സമാപിക്കും.Source: Vatican Radio