News >> ക്ഷമിക്കല്‍ സന്തോഷത്തിലേക്കുള്ള വാതില്‍ തുറക്കുന്നു
മാപ്പേകലിന്‍റെ ശക്തി, ഉള്‍പ്പകയും വൈരനിര്യാതനവും നമിത്തമാകുന്ന ദുഃഖത്തിനുള്ള പ്രത്യൗഷധമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു. റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതിനു ശേഷം പ്രസ്തുത ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ബസിലിക്കയില്‍ തുറക്കപ്പെട്ട വിശുദ്ധ വാതില്‍ കരുണയുടെ വാതിലാണെന്ന് പ്രസ്താവിച്ച പാപ്പാ ആ വാതിലിലൂടെ കടക്കുന്ന ഏതൊരാളും, പൂര്‍ണ്ണ വിശ്വാസത്തോടെ, നിര്‍ഭയം, ദൈവപിതാവിന്‍റെ കരുണാര്‍ദ്രസ്നേഹത്തില്‍ നിമജ്ജനം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. തന്‍റെ പുത്രനെ വധിക്കുകയായിരുന്നവരോട് യേശുവിന്‍റെ മാതൃക പിന്‍ചെന്നു കൊണ്ടും അവിടത്തെ കൃപയാലും ക്ഷമിച്ച ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പൊറുക്കുന്നവളാണ്, മാപ്പേകലിന്‍റെ മാതാവാണ് എന്നുദ്ബോധിച്ച പാപ്പാ, പ്രാപഞ്ചിക മനോഭാവത്തിന് ഏറെ അഗ്രാഹ്യമായ ക്ഷമിക്കുക എന്ന പദം ക്രിസ്തീയ വിശ്വാസത്തിന്‍റെ തനതും മൗലികവുമായ ഫലമാണെന്ന് പ്രസ്താവിച്ചു. ഒരുവന്‍ മപ്പേകാന്‍ അറിയാത്തവനാണെങ്കില്‍ അവന്‍ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയെന്തെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലയെന്നാണര്‍ത്ഥമെന്നു പാപ്പാ പറഞ്ഞു. ക്ഷമിക്കല്‍ സന്തോഷത്തിലേക്കും സ്വച്ഛതയിലേക്കുമുള്ള വാതില്‍ തുറക്കുന്നു വെന്നും കാരണം അത് ആത്മാവിനെ മൃത്യുവിന്‍റെതായ ചിന്തകളില്‍ നിന്നു വിമുക്തമാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മറിച്ച് കൊടും വൈരവും പ്രതികാരവും മനസ്സിനെ കലുഷിതമാക്കുകയും, വിശ്രാന്തിയും സമാധാനവും ഇല്ലാതാക്കിക്കൊണ്ട് ഹൃദയത്തെ പിച്ചിച്ചീന്തുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ "സാളൂസ് പോപൊളി റൊമാനി" (SALUS POPOLI ROMANI) "
റോമന്‍ ജനതയുടെ രക്ഷിക" എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരു സ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള കപ്പേളയിലേക്കു പോകുകയും പ്രസ്തുത കപ്പേളയിലേക്കുള്ള പ്രവേശന കവാടം, വിശുദ്ധ വാതില്‍ തുറന്നതു പോലെ തന്നെ, സ്വയം ഇരുകരങ്ങളാലും തള്ളിത്തുറന്ന് അകത്തു പ്രവേശിച്ച് തിരുസ്വരൂപത്തിനുമുന്നില്‍ പുഷ്പമഞ്ജരി സമര്‍പ്പിച്ച് അല്പ സമയം മൗനപ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും ചെയ്തു. തദ്ദനന്തരം വിശുദ്ധ മേരി മേജര്‍ ബസിലിക്കയ്ക്ക് പുറത്തെത്തിയ പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്യുകയും ദൈവം മാപ്പേകുന്നതിന്‍റെ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നതിന് ദൈവിക കാരുണ്യത്തിനായി ഹൃദയം മലര്‍ക്കെ തുറന്നിടാന്‍ എല്ലാവരേയും ആഹ്വാനം ചെയ്യുകയും എല്ലാവാര്‍ക്കും പുത്തനാണ്ടിന്‍റെ മംഗളങ്ങള്‍ നേരുകയും ചെയ്തു. Source: Vatican Radio