News >> വേദനിക്കുന്ന ലോകത്തിന് ക്രിസ്തുവിന്‍റെ കാരുണ്യാശ്ലേഷം: ഊര്‍ബി എത് ഓര്‍ബി സന്ദേശം


ക്രിസ്തുമസ് ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ 'ഊര്‍ബി എത് ഓര്‍ബി' സന്ദേശം

  1. ആമുഖാശംസ
ക്രിസ്തു നമുക്കായ് പിറന്നു. രക്ഷയുടെ ഈ ദിനത്തില്‍ നമുക്ക് ആനന്ദിക്കാം!  ഈ ദിവസത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറക്കാം. എന്നാല്‍ അനുഗ്രഹം ക്രിസ്തു തന്നെയാണ്. മാനവികതയുടെ ചക്രവാളത്തില്‍ ഉദയംചെയ്ത ദിവ്യതേജസ്സ് ക്രിസ്തുവാണ്. സകല ലോകത്തിനുമായി ദൈവപിതാവ് കരുണാകടാക്ഷം ചൊരിഞ്ഞ ദിനമായിരുന്നു ആദ്യക്രിസ്തുമസ്. ലോകത്ത് ഭീതിയുടെയും ആശങ്കയുടെയും അന്ധകാരമാറ്റിയ ശോഭയാര്‍ന്ന ദിനം! അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും സമാധാനപൂര്‍ണ്ണമായ ഉത്സവദിനമായിരുന്നന്ന്. 'പാവങ്ങളും എളിയവരുമായ സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത' അന്നാണ് ലോകം ആദ്യമായി ശ്രവിച്ചത്! (ലൂക്കാ 2, 10).

രക്ഷകനായ യേശു കന്യകാമറിയത്തില്‍നിന്നും ജാതനായത് അന്നാളിലാണ്. 'പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെ നിങ്ങള്‍ കാണു'മെന്ന തിരുപ്പിറവിയെ സംബന്ധിക്കുന്ന അടയാളം ദൈവികമായിരുന്നു (ലൂക്കാ 2, 12). അനുവര്‍ഷം സഭയില്‍ ആചരിക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ ഈ അടയാളം കാണുവാനും മനസ്സിലാക്കുവാനും ബെതലഹേമിലെ ആട്ടിടയന്മാരെപ്പോലെ നാം പരിശ്രമിക്കേണ്ടതാണ്.  മനുഷ്യാവതാരംചെയ്ത യേശുക്രിസ്തുവില്‍നിന്നും ദൈവസ്നേഹം ഇന്നും സ്വീകരിക്കുമാറ് നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹങ്ങളിലും പുനര്‍ജ്ജനിക്കുന്ന മഹാസംഭവമാണ് ക്രിസ്തുമസ്. 'താന്‍ ഉദരത്തില്‍ പേറുകയും ജന്മംനല്കുകയും ചെയ്തതായിരുന്നെങ്കിലും അത്യുന്നതന്‍റെ പുത്രനും പരിശുദ്ധാത്മാവിനാല്‍ ജാതനുമായ' ആ ശിശുവിന്‍റെ തിരുവവതാരം മറിയത്തോടൊപ്പം സഭയും ക്രിസ്തുമസ്നാളില്‍ പ്രഘോഷിക്കുകയാണ് (മത്തായി 1, 20). രക്ഷകനും ലോകത്തിന്‍റെ പാപങ്ങള്‍ തന്നില്‍ ഏറ്റെടുക്കുന്നവനുമായ ദിവ്യകുഞ്ഞാടാണവിടുന്ന് (യോഹ. 1, 29). ഇടയന്മാരോടു ചേര്‍ന്ന് നമുക്കും ആ ദിവ്യകുഞ്ഞാടിനെ വണങ്ങാം. അനുതാപക്കണ്ണീരാല്‍ ഹൃദയങ്ങള്‍ ശുദ്ധമാക്കി മാംസം ധരിച്ച ദൈവികനന്മയെ നമുക്കാരാധിക്കാം!

അവിടുത്തേയ്ക്കു മാത്രമേ നമ്മെ രക്ഷിക്കാനാകൂ! ഇന്നു ലോകത്ത് പൈശാചികമായ നിരവധി തിന്മകള്‍ക്ക് കാരണമാകുന്ന സ്വാര്‍ത്ഥതയില്‍നിന്നും മനുഷ്യകുലത്തെ സ്വതന്ത്രമാക്കാന്‍ ദൈവികകാരുണ്യത്തിനേ സാധിക്കൂ. മാനുഷികമായി അപരിഹാര്യമായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണുവാനും മനുഷ്യഹൃദയങ്ങളെ മാനസാന്തരപ്പെടുത്തുവാനും ദൈവകൃപയ്ക്കാകും.

  1. പ്രതിസന്ധകള്‍ക്കുമദ്ധ്യേ അവതരിച്ച ദൈവം
ദൈവം ഉള്ളിടത്താണ് പ്രത്യാശ വിരിയുന്നത്. ദൈവം അവതരിക്കുന്നിടത്താണ് സമാധാനം സംജാതമാകുന്നതും. പിന്നെ സമാധാനമുള്ളിടത്ത് വിദ്വേഷത്തിനോ കലഹത്തിനോ ഇടമുണ്ടാകില്ല. എന്നിട്ടും അതിക്രമങ്ങളും സംഘര്‍ഷങ്ങളും നിലനിന്നൊരു ലോകത്തിലാണ് ദൈവം മനുഷ്യനായി അവതരിച്ചത്. അതിനാല്‍ സമാധാനം ഇപ്പോഴും നാം യാചിക്കുകയും നേടുവാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടൊരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു.

മാരകമായ പ്രത്യാഘാതങ്ങളുടെ വൈചിത്ര്യങ്ങള്‍ ഇത്രയുംനാള്‍ വിശുദ്ധനാട്ടിലാകമാനം വിതച്ച ഇസ്രായേല്‍-പലസ്തീന്‍ പ്രതിസന്ധികള്‍ സൗഹൃദസംവാദത്തിന്‍റെ പാതയില്‍, ഇടനിലക്കാരില്ലാതെ പരിഹരിച്ച് രണ്ടു ജനതകളും രമ്യതപ്പെടുന്ന ഉടമ്പടിയില്‍ എത്തിച്ചേരുവാന്‍ ഇടയാവട്ടെ. അതിക്രൂരമായ മാനുഷീക യാതനകള്‍ക്ക് കാരണമായിട്ടുള്ള സിറിയയിലെ സായുധസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാന്‍ ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന ഒത്തുതീര്‍പ്പില്‍ അവര്‍ എത്രയുംവേഗം എത്തിച്ചേരുവാന്‍ ഇടയാവട്ടെയെന്നും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. അതുപോലെ ലിബിയയെ കീറിമുറിക്കുന്ന അതിക്രമങ്ങളെ മറികടക്കുവാന്‍ ഉതകുന്നൊരു സന്ധിചേരല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ അടിയന്തിരമായി അവരെ പിന്‍തുണയ്ക്കണമെന്നും അപേക്ഷിക്കുന്നു. 

അതിക്രമങ്ങള്‍ നടമാടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ഏറെ പീഡനങ്ങള്‍ക്ക് കാരണമാവുകയും, തങ്ങളുടെ ചരിത്ര-സാംസ്ക്കാരിക പൈതൃകങ്ങള്‍ നശിപ്പിക്കപ്പെടുകയുംചെയ്യുന്ന ഇറാക്ക്, ലിബിയ, യെമന്‍ ആഫ്രിക്കയുടെ സഹാറപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നീതി സംലബ്ധമാകാന്‍ അവിടങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധപതിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈജിപ്തിന്‍റെ വ്യോമാതിര്‍ത്തിയിലും, പിന്നെ ബെയ്റൂട്ടിലും, പാരീസിലും, ബമാക്കോയിലും ട്യൂണിസിലുമെല്ലാം അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളുടെ മൃഗീയതയ്ക്ക് ഇരയായവരെ ഇന്നാളില്‍ ദുഃഖത്തോടെ അനുസ്മരിക്കുന്നു. അതുപോലെ വിശ്വാസത്തെപ്രതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങള്‍ സഹിക്കുന്നവരെ ഉണ്ണിയേശു സമാശ്വസിപ്പിക്കുകയും അവര്‍ക്ക് ധൈര്യംപകരുകയും ചെയ്യട്ടെ. കോംഗോ, ബുറൂണ്ടി, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളില്‍ സമാധാനവും ഐക്യവും വളര്‍ത്തി സംവാദത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ ഉറപ്പുള്ള പൊതുജീവിതവും, അനുരജ്ഞനത്തിലൂടെയും പരസ്പര ധാരണയിലൂടെയും നവമായ രാഷ്ട്രനിര്‍മ്മിതിയും യാഥാര്‍ത്ഥ്യമാക്കണമെന്നു പ്രാര്‍ത്ഥിക്കുന്നു.

അഭ്യന്തരകലാപത്തിന്‍റെ പ്രത്യാഘാതങ്ങള്‍ സഹിക്കുന്നവര്‍ക്ക് സമാശ്വാസം പകരുവാനും, സമാധാനം വളര്‍ത്തുവാനും ന്യായമായ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുവാനുള്ള സന്നദ്ധത വളര്‍ത്തി ഉക്രെയ്നില്‍ രാഷ്ട്രീയൈക്യം സൃഷ്ടിക്കണമേയെന്നും അപേക്ഷിക്കുന്നു.

കൊളിംമ്പിയയിലെ ജനതയുടെ പരിശ്രമങ്ങളെ പ്രോജ്ജ്വലിപ്പിച്ചും, അവര്‍ക്ക് പ്രത്യാശപകര്‍ന്നും, സമാധാനപാതയില്‍ മുന്നേറുവാന്‍ ഈ മഹോത്സവത്തിന്‍റെ സന്തോഷം അവര്‍ക്ക് പ്രചോദനമാവട്ടെ!

3. പ്രതിസന്ധികളില്‍ പ്രത്യാശപകരുന്ന ദൈവം

ദൈവമുള്ളിടത്താണ് പ്രത്യാശയുണ്ടാകുന്നത്. പ്രത്യാശയുള്ളിടത്ത് വ്യക്തികളുടെ അന്തസ്സു മാനിക്കപ്പെടുകയും ചെയ്യുന്നു. ബെതലഹേമിലെ ദിവ്യഉണ്ണിയെപ്പോലെ മനുഷ്യാന്തസ്സു നഷ്ടപ്പെട്ട് തണുപ്പും ദാരിദ്ര്യവും പരിത്യക്തതയും അനുഭവിക്കുന്ന ജനസഹസ്രങ്ങള്‍ ഇന്നും ലോകത്തുണ്ട്. നമ്മുടെ സാമീപ്യവും സാന്ത്വനവും സമൂഹത്തില്‍ ഏറെ ദുര്‍ബലരായവര്‍ക്ക് - വിശിഷ്യ ചാവേര്‍ ഭടന്മാരാകേണ്ടിവരുന്ന കുട്ടികള്‍ക്കും, പീഡനങ്ങള്‍ സഹിക്കുന്ന സ്ത്രീകള്‍ക്കും, മനുഷ്യക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഇരയാക്കപ്പെടുന്നവര്‍ക്കും ലഭ്യമാവട്ടെ.

കൊടുംദാരിദ്ര്യവും യുദ്ധവും ഭയന്ന്, എന്നാല്‍ ജീവന്‍ പണയംവച്ചും പലായനംചെയ്യുവാനും, മാനുഷികതയ്ക്ക് ഇണങ്ങാത്ത സാഹചര്യങ്ങളില്‍ പാര്‍ക്കുവാനും, കുടിയേറുവാനും ഇടയാകുന്നവര്‍ക്ക് എപ്പോഴും സഹായവും പരിഗണനയും ലഭിക്കുവാന്‍ ഇടവരട്ടെ. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ഔദാര്യത്തോടെ സ്വീകരിക്കുകയും, അന്തസ്സുള്ളൊരു ഭാവികെട്ടിപ്പടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവരെ സഹായിക്കേണ്ടതുമാണ്. ആതിഥേയ രാഷ്ട്രങ്ങളില്‍ അവര്‍ സമന്വയിക്കപ്പെടുവാനും, അവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുവാന്‍ സന്നദ്ധരാകുന്ന രാഷ്ട്രങ്ങള്‍ക്കും വ്യക്തികള്‍ക്കും ദൈവം പ്രതിസമ്മാനം നല്കട്ടെ.

ദൈവം പിറക്കുന്നിടത്ത് കാരുണ്യം വളരും. ദൈവത്തിനു നമ്മോടുള്ള ആര്‍ദ്രമായസ്നേഹം കണ്ടെത്തേണ്ട ഈ ജൂബിലിവത്സരത്തില്‍ അവിടുന്നു പ്രത്യേകം നമുക്കായി നല്കുന്ന അമൂല്യദാനമാണ് കാരുണ്യമെന്നു സകലരും മനസ്സിലാക്കുവാന്‍ ഇടവരട്ടെ. മനസ്സിന്‍റെ മുറിവുണക്കുകയും തിന്മയെ അതിജീവിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹം ജയിലില്‍ കഴിയുന്നവര്‍ അനുഭവിക്കാന്‍ ഇടയാക്കണമേയെന്നും പ്രാര്‍ത്ഥിക്കാം. രക്ഷയുടെ ഈ ദിനത്തില്‍ നമുക്ക് സന്തോഷിക്കാം. പുല്‍ക്കൂടിനെ ധ്യാനിക്കുമ്പോള്‍ ദൈവത്തിന്‍റെ കാരുണ്യാശ്ലേഷം പ്രകടമാക്കുന്ന പുല്‍ക്കൂട്ടിലെ ദിവ്യശിശുവിന്‍റെ വിരിച്ചകൈകള്‍ നമ്മെയും ആശ്ലേഷിക്കട്ടെ! പിന്നെ "എന്‍റെ സമാധാനം നിങ്ങള്‍ക്ക് തരുന്നു"വെന്ന് മന്ത്രിക്കുന്ന യേശുവിനെ ശ്രവിക്കുന്ന ഏവരിലും "അവിടുത്തെ സമാധാനം നിറയട്ടെ!"  (സങ്കീര്‍ത്തനം 122, 8).

 4. ആശീര്‍വ്വാദവും ഉപസംഹാരവും

ഈ വര്‍ഷത്തെ 'ഊര്‍ബി എത് ഓര്‍ബി' (Urbi et Orbi)  പ്രഭാഷണം ശ്രവിക്കുവാന്‍  വത്തിക്കാനിലെത്തിയവര്‍ക്കും വിവിധ മാധ്യമസൗകര്യങ്ങളിലൂടെ ലോകമെമ്പാടുമായി അത് ശ്രവിച്ചവര്‍ക്കും പാപ്പാ ഫ്രാന്‍സിസ് നന്ദിയര്‍പ്പിക്കുകയും ക്രിസ്തുമസ് മഹോത്സവത്തിന്‍റെ ഹൃദ്യമായ ആശംസകള്‍ നേരുകയുംചെയ്തു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ക്രിസ്തുവിലൂടെ ദൈവം നമ്മില്‍ വര്‍ഷിച്ച സ്വര്‍ഗ്ഗീയകാരുണ്യം ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കണമെന്നും ദൈവത്തിന്‍റെ കരുണ സ്വീകരിക്കുന്ന നാം അത് സഹോദരങ്ങളുമായി തുടര്‍ന്നും പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുമസ്നാളില്‍ താന്‍ ലോകത്തുള്ള സകലര്‍ക്കുമായി നല്കിയ സന്ദേശം ശ്രവിച്ചവര്‍ക്ക് അപ്പസ്തോലികാശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 

Source: Vatican Radio