News >> പഠിപ്പുമുടക്കു സമരം അരുത്: ഹൈക്കോടതി

കൊച്ചി: പഠിപ്പുമുടക്കി സമരം അനുവദിക്കേണ്ടതില്ലെന്നു ഹൈക്കോടതി. സമരമോ ധര്‍ണയോ മൂലം വിദ്യാര്‍ഥികള്‍ക്കു ക്ളാസ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമ്പോഴോ സമരക്കാര്‍ അക്രമത്തിനു തയാറാകുമ്പോഴോ പോലീസിന്റെ സഹായം തേടാം. സമരം നിമിത്തം ക്ളാസുകള്‍ നഷ്ടമായതിനാല്‍ പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളായ ലിയോ ലൂക്കോസ്, ആദിത്യ തേജസ് കൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് വി. ചിദംബരേഷിന്റെ ഉത്തരവ്.

കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കോഴ്സുകള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നത് അഭികാമ്യമല്ലെന്നു കോടതി പറഞ്ഞു. പഠിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെങ്കില്‍ അതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതിയായ മാനസിക സമ്മര്‍ദം സൃഷ്ടിക്കും. വിദ്യാര്‍ഥികളുടെ അവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും മറ്റും പേരില്‍ ക്ളാസ് നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. സമരം നടത്തുന്നവര്‍ക്കു സഹപാഠികളുടെ പഠനം തടസപ്പെടുത്താന്‍ അവകാശമില്ലെന്നു നേരത്തെ ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്െടന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 

സമരത്തിലോ ധര്‍ണയിലോ പങ്കെടുക്കേണ്ടവര്‍ തങ്ങളുടെ ക്ളാസ് വേണ്െടന്നുവച്ചു സമരത്തിന് ഇറങ്ങുകയാണ് വേണ്ടത്, അല്ലാതെ പഠിക്കാന്‍ തയാറായി ക്ളാസില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളെ ശല്യപ്പെടുത്തി ക്ളാസ് ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഒരു വിദ്യാര്‍ഥിയെങ്കിലും ക്ളാസില്‍ ഇരിക്കുന്നുണ്െടങ്കില്‍ അയാള്‍ക്കായി ക്ളാസ് എടുക്കുന്നതിന് അധ്യാപകര്‍ക്ക് അവസരം ലഭിക്കണം. ഇങ്ങനെ ക്ളാസ് നടക്കുന്ന സമയം അധ്യയന സമയമായി തന്നെ മാനേജ്മെന്റിനു കണക്കിലെടുക്കാം. ലോ കോളജ് വിദ്യാര്‍ഥികളുടെ പഠനത്തില്‍ ലക്ചര്‍, സെമിനാര്‍, മൂട്ട്കോര്‍ട്ട്് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്കു വിധേയമായാണു പഠനക്രമം നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമരമോ ധര്‍ണയോ മൂലം ക്ളാസ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമ്പോഴോ സമരക്കാര്‍ അതിക്രമത്തിന് ഒരുങ്ങുമ്പോഴോ മറ്റു വിദ്യാര്‍ഥികള്‍ക്കു പരാതിയുമായി പ്രിന്‍സിപ്പിലിനെയോ വകുപ്പ് മേധാവിയെയോ സമീപിക്കാം. ബന്ധപ്പെട്ട അധികൃതര്‍ പോലീസിനു പരാതി നല്‍കിയാല്‍ സമരക്കാരെ പോലീസ് നീക്കം ചെയ്യണം.

അക്കാദമിക പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോളജ് മാനേജ്മെന്റിന് അധികാരം ഉണ്ട്. സമരം, ധര്‍ണ എന്നിവയുടെ പേരില്‍ കോളജിലോ ക്ളാസിലോ ഏതെങ്കിലും വിദ്യാര്‍ഥി പ്രവേശിക്കുന്നതു തടയുന്നതിനു സമരക്കാര്‍ക്ക് അധികാരമില്ല. പഠിക്കാന്‍ തയാറാവുന്നവര്‍ക്കു പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്ന തരത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഉന്നത വിദ്യാഭ്യാസം മൌലികാവകാശമല്ലെങ്കിലും വ്യക്തിവികാസത്തിനു വേണ്ടിയുള്ള മനുഷ്യാവകാശമായി കണക്കാക്കാം. 

ഉന്നത വിദ്യാഭ്യാസരംഗത്തു നിശ്ചിത സമയത്തു പഠനം ഉറപ്പാക്കണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആഴ്ചയില്‍ 26 ക്ളാസുകള്‍ എങ്കിലും നടത്താനാവണം. ഇത്തരത്തില്‍ കണക്കെടുത്താല്‍ ഒരു സെമസ്ററില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക് ചുരുങ്ങിയത് 648 മണിക്കൂര്‍ ക്ളാസ് ഉണ്ടാവണം. ഹര്‍ജിക്കാര്‍ പറയുന്നതു നിയമപഠനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെമസ്ററില്‍ 304 മണിക്കൂര്‍ പോലും ക്ളാസ് ഉണ്ടായിരുന്നില്ല എന്നാണ്. നിയമപഠനത്തിനു മാത്രമല്ല, മറ്റു കോഴ്സുകള്‍ക്കും സമാന സാഹചര്യമാണു നിലനില്‍ക്കുന്നത്. അധ്യാപകര്‍ മികവുറ്റവരാണെങ്കിലും ക്ളാസ് പലപ്പോഴും മുടങ്ങുന്നതു ഗുണകരമല്ല. ബാര്‍ കൌണ്‍സില്‍ ശിപാര്‍ശ ചെയ്യുന്ന അധ്യയന സമയത്തിന്റെ പകുതി മാത്രം ക്ളാസുകളാണു സെമസ്റര്‍ പരീക്ഷയ്ക്കു മുമ്പ് നടന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്.

ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും വിദ്യാര്‍ഥികളുടെ പഠനത്തിനു തടസം സൃഷ്ടിക്കുന്ന ഒന്നും അനുവദിക്കരുതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ഹോസ്റല്‍ സമരവും മറ്റു സമരങ്ങളും കലോത്സവവും മറ്റും മൂലം ക്ളാസുകള്‍ നഷ്ടപ്പെട്ടതിനാല്‍ പരീക്ഷ നീട്ടിവയ്ക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Source: Deepika