News >> യഥാര്‍ത്ഥ ജ്ഞാനം ഉണ്ണിയേശുവിന്റെ വദനത്തില്‍ ഒളിഞ്ഞുകിടക്കുന്നു
ദനഹാത്തിരുന്നാള്‍ ദിനത്തില്‍ ( ബുധനാഴ്ച (06/01/16) ) ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സാഘോഷമായ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്) ആയിരുന്നു വിശുദ്ധകുര്‍ബ്ബാന ആരംഭിച്ചത്. ആമുഖ പ്രാര്‍ത്ഥനകള്‍ക്കും അനുതാപ ശുശ്രൂഷയ്ക്കും ശേഷം വചനശുശ്രൂഷാ വേളയില്‍ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ (ഏശ:60:1-6, എഫേ. 3:2-6, മത്തായി 2:1-12) വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ വചനവിശകലനം നടത്തി.
പാപ്പായുടെ സുവിശേഷസന്ദേശം: ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു . (ഏശ. 60:1). വിശുദ്ധനഗരമായ ജെറുസലേമിനോട് ഏശയ്യാ പ്രവാചകന്‍ പറയുന്ന ഈ വാക്കുകള്‍ നമ്മുടെ അടഞ്ഞ അവസ്ഥകളില്‍നിന്ന് പുറത്തു കടക്കാനും, നമ്മില്‍നിന്നുതന്നെ പുറത്തു കടക്കാനും, നമ്മുടെ അസ്തിത്വത്തെ പ്രദീപിപ്പിക്കുന്ന വിളക്കിന്‍റെ പ്രഭ തിരിച്ചറിയാനും നമ്മെ ആഹ്വാനം ചെയ്യുന്നു.
നീതിസൂര്യനില്‍ നിന്ന് വെളിച്ചം സ്വീകരിക്കുന്ന സഭആ "പ്രകാശം" കര്‍ത്താവിന്‍റെ മഹത്വം ആകുന്നു. സ്വന്തം വെളിച്ചത്താലാണ് താന്‍ പ്രകാശിക്കുന്നതെന്ന മിഥ്യാബോധം സഭയ്ക്കില്ല. സഭയെ ചന്ദ്രനോടുപമിച്ചുകൊണ്ട് വിശുദ്ധ അമ്പ്രോസ് മനോഹരമായ ശൈലിയില്‍ ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:
സത്യത്തില്‍ ചന്ദ്രനെ പോലെയാണ് സഭ... സഭയും സ്വയം പ്രകാശിക്കുന്നില്ല. ക്രിസ്തുവിന്‍റെ വെളിച്ചത്താലാണ് സഭ പ്രകാശിക്കുന്നത്. അവള്‍ നീതിസൂര്യനില്‍ നിന്നാണ് വെളിച്ചം സ്വീകരിക്കുന്നത്. ആകയാല്‍ ഇപ്രകാരം പറയാന്‍ സാധിക്കും - ഞാനല്ല ജീവിക്കുന്നത്, മറിച്ച്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് . ഇരുളില്‍ പ്രകാശം പരത്തുന്ന യഥാര്‍ത്ഥ വെളിച്ചം ക്രിസ്തുവാണ്. അവിടുന്നില്‍ നങ്കൂരമിട്ടിരിക്കുന്നിടത്തോളം കാലം സഭ അവിടുന്നിനാല്‍ പ്രശോഭിക്കുകയും വ്യക്തികളുടെയും ജനതകളുടെയും ജീവിതത്തെ പ്രകാശമാനമാക്കുകയും ചെയ്യും. ആകയാല്‍ സഭാപിതാക്കന്മാര്‍ സഭയില്‍ "
ഇന്ദു രഹസ്യം"- Mysterium Lunae ദര്‍ശിച്ചു.
സഭയുടെ ദൗത്യം മതപരിവര്‍ത്തനമല്ല നമുക്കു ലഭിച്ചിരിക്കുന്ന വിളിയ്ക്ക് യോഗ്യമാംവിധം പ്രത്യുത്തരിക്കാന്‍ കഴിയുന്നതിന് ഉന്നതത്തില്‍നിന്നുള്ള ഈ വെളിച്ചം നമുക്കാവശ്യമാണ്. നമുക്ക് തിരഞ്ഞെടുക്കാവുന്ന അനേകം കാര്യങ്ങളിലൊന്നോ, ഒരു ഉദ്യോഗമോ അല്ല ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുകയെന്നത്. സഭ പ്രേഷിതയായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം മതപരിവര്‍ത്തനം നടത്തലല്ല. "പ്രേഷിതയായിരിക്കുക"യെന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം ദൈവത്താല്‍ പ്രശോഭിതയായിരിക്കുകയും അവിടത്തെ വെളിച്ചം പ്രതിബിംബിപ്പിക്കുകയും ചെയ്യുകയെന്ന അവളുടെ സ്വഭാവം പ്രകടമാക്കുക എന്നാണ്. ഇതാണ് ശുശ്രൂഷ. മറ്റൊരു വഴിയില്ല. പ്രേഷിതത്വം അവളുടെ വിളിയാണ്. ക്രിസ്തുവിന്‍റെ വെളിച്ചം പ്രസരിപ്പിക്കുകയാണ് അവളുടെ സേവനം. ഈ പ്രേഷിതദൗത്യ നിര്‍വ്വഹണം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന വ്യക്തികള്‍ എത്രയേറെയാണ്. കാരണം അവര്‍ക്ക് ക്രിസ്തുവിനെ ആവശ്യമുണ്ട്. സ്വര്‍ഗ്ഗീയ പിതാവിന്‍റെ വദനം അറിയണമെന്ന ആവശ്യം അവര്‍ക്കുണ്ട്.
ജ്ഞാനികള്‍ ജ്ഞാനികള്‍, ദൈവത്തിന്‍റെ ഭവനത്തില്‍, ഭൂമിയിലെ സകലയിടങ്ങളിലുംനിന്ന് സ്വീകരിക്കപ്പെട്ട മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. വര്‍ഗ്ഗത്തിന്‍റെയും ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും പേരിലുള്ള വ്യത്യാസങ്ങളൊന്നും ഇനി യേശുവിന്‍റെ മുന്നിലില്ല. ഉണ്ണിയേശുവില്‍ നരകുലം മുഴുവന്‍ അതിന്‍റെ ഐക്യം കണ്ടെത്തുന്നു. സകല സ്ത്രീപുരുഷന്മാരുടെയും ഹൃദയങ്ങളില്‍ സന്നിഹിതമായ ദൈവത്തിനായുള്ള ദാഹം മനസ്സിലാക്കുകയും, എന്നത്തെക്കാളുമുപരി വ്യക്തമായി കാട്ടിക്കൊടുക്കുകയും ചെയ്യുകയെന്ന ദൗത്യം സഭയ്ക്കുണ്ട്.ജ്ഞാനികളെപ്പോലെതന്നെ കൃത്യമായ ഉത്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥഹൃദയമുള്ള അസംഖ്യം ആളുകള്‍ നമ്മുടെ ഇക്കാലത്തുമുണ്ട്. ഹൃദയങ്ങളില്‍ പ്രവര്‍ത്തനനിരതമായ പരിശുദ്ധാരൂപി ഇളക്കമുണ്ടാക്കുന്നു. ഈ അസ്വസ്ഥ ഹൃദയമുള്ള അനേകരും ബത് ലഹേമിലേക്കുള്ള വഴി കാട്ടുന്ന നക്ഷത്രത്തെ തേടുകയാണ്.
കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുക ഇവയെല്ലാം നമുക്കൊരു പാഠമാണ്. ജ്ഞാനികളുടെ ആ ചോദ്യം നാമിന്ന് ആവര്‍ത്തിക്കുന്നത് നമുക്കു ഗുണകരമാകും:
എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ് (മത്തായി 2,2). നമ്മുടെ ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച്, നമ്മള്‍, ദൈവം നല്കുന്ന അടയാളങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാണ്. അവ വ്യാഖ്യാനിക്കാനും അങ്ങനെ ദൈവഹിതം മനസ്സിലാക്കാനും കഠിന പരിശ്രമം ആവശ്യമാണെന്ന് നമുക്കറിയാം. ഉണ്ണിയേശുവിനേയും അവിടത്തെ അമ്മയേയും കാണാന്‍ ബത് ലഹേമിലേക്കു പോകാന്‍ നാം ആഹ്വാനം ചെയ്യപ്പെടുന്നു. ദൈവം നമുക്കേകുന്ന വെളിച്ചത്തെ, നമുക്ക് പിന്‍ചെല്ലാം.അത് വളരെ ചെറുതാണ്. കാരുണ്യവും വിശ്വസ്തതയും നിറഞ്ഞ ക്രിസ്തുവദനത്തില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശം. അവിടത്തെ മുന്നില്‍ ഒരിക്കല്‍ നാമെത്തിക്കഴിഞ്ഞാല്‍, അവിടത്തെ നമുക്ക് പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കാം. നമ്മുടെ സ്വാതന്ത്ര്യവും ബുദ്ധിയും സ്നേഹവും അവിടത്തേക്ക് കാഴ്ചകളായര്‍പ്പിക്കാം. യഥാര്‍ത്ഥ ജ്ഞാനം ഈ പൈതലിന്‍റെ വദനത്തില്‍ മറഞ്ഞുകിടക്കുന്നു. ബത് ലഹേമിലെ ഈ താഴ്മയില്‍ സഭയുടെ ജീവിതത്തിന്‍റെ രത്നച്ചുരുക്കം നമുക്കു കണ്ടെത്താം. ഇവിടമാണ് ലോകത്തിലെ സകല മനുഷ്യരെയും തന്നിലേക്കാകര്‍ഷിക്കുകയും സമാധാനത്തിന്‍റെ സരണിയില്‍ ജനതകളെ നയിക്കുകയും ചെയ്യുന്ന വെളിച്ചത്തിന്‍റെ ഉറവിടം.Source: Vatican Radio