News >> Prayerful Greetings to the Bishop-Elect of Satna, our 7th Missionary Bishop.

കൊച്ചി: സത്നാ രൂപതയുടെ മഹത്തായ സേവനവഴികളില്‍ ദീര്‍ഘകാലം സഹയാത്രികനായതിന്റെ ആവേശവും അഭിമാനവുമായാണ് റവ. ഡോ. ജോസഫ് കൊടകല്ലില്‍ പുതിയ നിയോഗമേല്‍ക്കുന്നത്. സെമിനാരി പഠനകാലം മുതല്‍ മൂന്നു പതിറ്റാണ്ടിലേറെ സത്നായുടെ മിഷന്‍ പ്രവര്‍ത്തനചൈതന്യം അറിഞ്ഞും അനുഭവിച്ചും പകര്‍ന്നുനല്‍കിയും മുന്നേറിയതിന്റെ തിളക്കം ഇടയവഴികളില്‍ പ്രകാശമാകും. 

സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മേലമ്പാറയിലെ ദീപ്തിഭവനിലാണു സെമിനാരി പഠനം ആരംഭിക്കുന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് 1982 മുതല്‍ സത്നായിലെ റീവായിലുള്ള ക്രിസ്തു വിദ്യാനികേതനിലായിരുന്നു തുടര്‍പരിശീലനം. റാഞ്ചി സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ തത്വശാസ്ത്രവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1991 ഡിസംബര്‍ 31ന് സത്നാ രൂപതയ്ക്കുവേണ്ടി പൌരോഹിത്യം സ്വീകരിച്ചു. ഉന്നതപഠനത്തിനായി പുറത്തു പോയതൊഴിച്ചാല്‍ സെമിനാരി പഠനകാലത്തും പൌരോഹിത്യ ജീവിതത്തിലും ഏറെക്കാലവും സത്നായില്‍ തന്നെയായിരുന്നു. രൂപതയിലെ മൈനര്‍, മേജര്‍ സെമിനാരികളില്‍ അധ്യാപകന്‍, ഇടവക വികാരി എന്നീ ശുശ്രൂഷകള്‍ക്കുശേഷം വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്. 

റീവായില്‍ മൂന്നു വര്‍ഷം ഇടവകവികാരിയായി ശുശ്രൂഷ ചെയ്ത ശേഷം വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. സത്നാ മൈ നര്‍ സെമിനാരിയുടെ റെക്ടറായി മൂന്നു വര്‍ഷം സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ആരാധനക്രമത്തില്‍ ഡോക്ടറേറ്റു നേടി. തുടര്‍ന്ന് സത്നാ സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയില്‍ അധ്യാപ കനായി. 

2009ല്‍ സത്നാ രൂപതയുടെ വികാരി ജനറാളായും സെന്റ് വിന്‍സന്റ് കത്തീഡ്രല്‍ വികാരിയായും ചുമതലയേറ്റു. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്യുന്നതിനിടെയാണു മെത്രാനായുള്ള നിയമനം. 

മധ്യപ്രദേശിലെ സത്നാ, റീവ, സിധീ, പന്ന, ചന്ദ്രപുര്‍, ടീക്കംഗഢ്, സിംഗ്റൌലി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് 1968ല്‍ സ്ഥാപിതമായ സത്നാ രൂപത. ഒമ്പത് ഇടവകകളും പത്തു മിഷന്‍ സ്റേഷനുകളും 15 സബ് സ്റേഷനുകളുമുള്ള രൂപതയില്‍ 52 രൂപതാ വൈദികര്‍ ഉള്‍പ്പെടെ 65 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. വിന്‍സെന്‍ഷ്യന്‍, ക്ളരീഷ്യന്‍ സന്യാസവൈദികരും മലബാര്‍ മിഷണറി ബ്രദര്‍മാരും വിവിധ സന്യാസിനീ സമൂഹങ്ങളും സാമൂഹ്യസേവന, ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും വിദ്യാഭ്യാസരംഗത്തും സജീവമാണ്. മൂവായിരത്തോളം വിശ്വാസികളാണു രൂപതയിലുള്ളത്. 

രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ഏബ്രഹാം ഡി. മറ്റമാണു സെമിനാരി പരിശീലന കാലത്തും തുടര്‍ന്നും റവ. ഡോ. കൊടകല്ലിലിനു പ്രോത്സാഹനം നല്‍കിയത്. 1999 ഡിസംബര്‍ 18നു മാര്‍ മറ്റം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2000 ഏപ്രില്‍ 12നു മാര്‍ മാത്യു വാണിയകിഴക്കേല്‍ മെത്രാനായി അഭിഷിക്തനായി. ഇടവകപ്രവര്‍ത്തനങ്ങളിലും രൂപതയുടെ ഭരണരംഗത്തും പരിശീലന സ്ഥാപനങ്ങളിലും റവ. ഡോ. കൊടകല്ലിലിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ മാര്‍ വാണിയക്കിഴക്കേല്‍ പ്രത്യേകം ശ്രദ്ധിച്ചു. 

തന്റെ ശുശ്രൂഷാവഴികളില്‍ രണ്ടു മെത്രാന്മാരുടെയും പ്രോത്സാഹനവും ഒരിക്കലും വിസ്മരിക്കാനാവാത്തതാണെന്നു നിയുക്ത മെത്രാന്‍ പറഞ്ഞു. സ്നേഹത്തിലും ഒരുമയിലുമുള്ള ഇടയശുശ്രൂഷയാണു സത്നായിലെ പുതിയ നിയോഗമേല്‍ക്കുമ്പോള്‍ മനസിലെന്നും അദ്ദേഹം പറഞ്ഞു. 


Source: http://deepika.com/ucod/