News >> കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടണം: ഇന്‍ഫാം
കൊച്ചി: കാര്‍ഷികമേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സമിതി. കര്‍ഷകര്‍ വിഘടിച്ചുനില്‍ക്കാതെ സംഘടിതരായി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്‍പുതന്നെ പ്രതിസന്ധിയിലാകും: കൊച്ചി പാലാരിവട്ടം പാസ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം വിലയിരുത്തി. സമ്മേളനം മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനംചെയ്തു.
15ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കും. ഇതിനു മുന്നോടിയായി കെസിബിസി പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കും. കാര്‍ഷിക പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 15ന് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും.
കര്‍ഷകദിനത്തിന്റെ
സംസ്ഥാനതല പ്രതിഷേധ പ്രകടനവും സമ്മേളനവും മൂവാറ്റുപുഴ വാഴക്കുളത്തു നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ കേരളയാത്രകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന ജനദ്രോഹനടപടിയാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷത്തെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിസാരവത്കരിക്കുന്നതു ഖേദകരമാണ്. പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കു നിയമസഹായം ഇന്‍ഫാം നല്‍കും.
റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും റബറുത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്. കര്‍ഷകസമരങ്ങളെ അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ വ്യവസായികളുമായി ഒത്തുചേര്‍ന്നു വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുന്നതായി സംശയിക്കുന്നു. ഇത്തരം സ്ഥിരം അടവുനയങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിയണം.
300 കോടിയുടെ റബര്‍ സഹായധന പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിന്റെ മറവില്‍ മുന്‍കാല പ്രാബല്യത്തോടെ ഹെക്ടറിന് 800 രൂപയായി വര്‍ധിപ്പിച്ച ഭൂനികുതി കര്‍ഷകരെക്കൊണ്ടു ഖജനാവിലേക്കടപ്പിച്ചു. വോട്ടുചെയ്യാന്‍ മാത്രമുള്ള ഉപകരണങ്ങളായി കര്‍ഷകര്‍ അധഃപതിക്കരുത്.
കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്നു ഭൂമിയുടെ മൂല്യത്തിനും ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ മറവില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെയും സര്‍ക്കാര്‍ - ബാങ്ക് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ റിയല്‍ എസ്റേറ്റ് മാഫിയകള്‍ രംഗത്തുവരുമ്പോള്‍ സംഘടിച്ചുനീങ്ങാനും പ്രതികരിക്കാനും കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇന്‍ഫാം ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി അധ്യക്ഷതവഹിച്ചു. കാര്‍ഷികമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി. സെബാസ്റ്യന്‍ വിഷയാവതരണവും, കാര്‍ഷിക പ്രതിസന്ധിയിലെ ബദല്‍ സംവിധാനങ്ങളെക്കുറിച്ചു നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് മുഖ്യപ്രഭാഷണവും നടത്തി.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന കണ്‍സ്യൂമര്‍ ഫോറം മെംബര്‍ അഡ്വ.ജോസ് വിതയത്തില്‍, ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ഡോ.എം.സി.ജോര്‍ജ്, ഫാ.ജോസ് മോനിപ്പള്ളി. ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.പോള്‍ ചെറുപിള്ളി, ഫാ.മാത്യു പൊന്നമ്പേല്‍, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട്, ജോസ് പോള്‍, ജോയി പള്ളിവാതുക്കല്‍, സണ്ണി അഗസ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Source : Deepika