News >> നവീകരിച്ച അങ്കമാലി കിഴക്കേപള്ളിയുടെ കൂദാശാകര്‍മം പത്തിന്
കൊച്ചി: പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടമുള്ള പ്രസിദ്ധമായ അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളി (കിഴക്കേ പള്ളി)യുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പത്തിന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവീകരിച്ച ദേവാലയത്തിന്റെ കൂദാശാകര്‍മം നിര്‍വഹിക്കും.
1577ല്‍ ശിലാസ്ഥാപനം നടത്തി 1583 ല്‍ ആശീര്‍വദിച്ച പള്ളിയുടെ പൌരാണിക സൌന്ദര്യവും ചരിത്രപരമായ സവിശേഷതകളും നിലനിര്‍ത്തിയാണു നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, അങ്കമാലി ബസിലിക്ക റെക്ടര്‍ റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, അതിരൂപത പിആര്‍ഒ റവ.ഡോ.പോള്‍ കരേടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
34 വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ സുറിയാനി ക്രിസ്ത്യാനികളുടെയും മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടം, പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ 18ന് മദ്ബഹ പൊളിക്കുന്നതിനിടയിലാണു കണ്െടത്തിയത്. മൂന്നു വശവും ചുണ്ണാമ്പു തേച്ച 1.25 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ ആഴവുമുള്ള കബറിടത്തിനു 432 വര്‍ഷത്തോളം പഴക്കമുണ്െടന്നു ചരിത്രകാരന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കല്ലറയുടെ സ്ഥാനവും പഴക്കവും മറ്റും കൃത്യമായും ശാസ്ത്രീയമായും കണ്െടത്താന്‍ ബസിലിക്ക റെക്ടര്‍ കണ്‍വീനറായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാര്‍ ഏബ്രഹാമിന്റെ കബറിടം മദ്ബഹയുടെ വലതുവശത്ത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നവിധം ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.
മോണ്‍ ആന്റണി പാറയ്ക്കലിന്റെ സ്മരണയ്ക്കായി നേരത്തെ ഉണ്ടായിരുന്ന ഗ്രോട്ടോയും നവീകരിച്ചിട്ടുണ്ട്. പത്തിന് ഉച്ചകഴിഞ്ഞു 2.30ന് അങ്കമാലിയിലെത്തുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും മറ്റു മെത്രാന്മാരെയും ദേശീയപാതയില്‍നിന്നു ഇടവകജനങ്ങള്‍ സ്വീകരിക്കും. കൂദാശാകര്‍മത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ എഫ്രേം നരികുളം എന്നിവര്‍ സഹകാര്‍മികരാകും.
മാര്‍ ഏബ്രഹാമിന്റെ കബറിടത്തിനു മുകളിലുള്ള ശിലാഫലകം ഈസ്റ് സിറിയന്‍ കല്‍ദായ സഭയുടെ മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം അനാഛാദനം ചെയ്യും. മെത്രാപ്പോലീത്തമാരായ സേവേറിയോസ് മാര്‍ ഏബ്രഹാം ഏലിയാസ് മാര്‍ അത്തനാസിയോസ് എന്നിവരും പങ്കെടുക്കും.
Source: Deepika