News >> റവ. ഡോ.ജോസ് തച്ചിലിന് വൈദികരത്നം ബഹുമതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ റവ. ഡോ. ജോസ് തച്ചിലിനു സീറോ മലബാര്‍ സഭാ സിനഡിന്‍റെ വൈദികരത്നം ബഹുമതി. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിട്ടയേഡ് പ്രഫസറും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി സ്പിരിച്വല്‍ ഡയറക്ടറുമാണ് റവ. ഡോ. തച്ചില്‍. ഭാരതീയ സംസ്കാരവും ക്രിസ്തുദര്‍ശനങ്ങളും സമന്വയിപ്പിച്ചുള്ള പഠന, ഗവേഷണ മേഖലകളില്‍ റവ. ഡോ. തച്ചിലിന്‍റെ സംഭാവനകള്‍ അമൂല്യമാണെന്ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സഭയുടെ 24-ാം സിനഡ് വിലയിരുത്തി. 
നോര്‍ത്ത് കുത്തിയതോട് ഇടവകയില്‍ 1939ല്‍ ജനിച്ച റവ.ഡോ. ജോസ് തച്ചില്‍ 1966ല്‍ പൗരോഹിത്യം സ്വീകരിച്ചു. പറവൂര്‍ കോട്ടയ്ക്കാവ്, ഫോര്‍ട്ടുകൊച്ചി, തേവയ്ക്കല്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, കാക്കനാട്, കപ്രശേരി, പാലാരിവട്ടം, സ്നേഹപുരം ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്.  ഇംഗ്ലീഷ് സാഹിത്യം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ ബിരുദാനന്തരബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. അഞ്ചു ഭാഷകളില്‍ പ്രാവീണ്യമുള്ള റവ. ഡോ. തച്ചില്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എംഎസ്ടി മൈനര്‍ സെമിനാരിയില്‍ അധ്യാപകന്‍ (1972-1973), അതിരൂപതാ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ (1973-1976), കാര്‍മല്‍ഗിരി-മംഗലപ്പുഴ സെമിനാരികളില്‍ അധ്യാപകന്‍, ഡീന്‍ ഓഫ് സ്റ്റഡീസ്, ആനിമേറ്റര്‍, സ്പിരിച്വല്‍ ഡയറക്ടര്‍ (1978-2005), തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ അധ്യാപകന്‍, സ്പിരിച്വല്‍ ഡയറക്ടര്‍ (2005-2015) എന്നീ നിലകളിലും സേവനം ചെയ്തു. വിരമിച്ചശേഷം ആലുവ, തൃശൂര്‍ മേജര്‍ സെമിനാരികളില്‍ ഇന്ത്യന്‍ ഫിലോസഫി വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്യുന്നു.  ബഹുമതി ജൂലൈ മൂന്നിന് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സെന്‍റ് തോമസ് ദിനാഘോഷത്തില്‍ സമര്‍പ്പിക്കും.