News >> New Bishop for Satna, Rev. Dr. Joseph Kodakallil
മധ്യപ്രദേശിലെ സീറോമലബാര്‍ രൂപതയായ സത്നായുടെ മൂന്നാമത്തെ മെത്രാനായി റവ.ഡോ. ജോസഫ് കൊടകല്ലില്‍ നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയൂടെ പ്രഖ്യാപനം ബുധനാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കൂരിയായിലൂം സത്നാ ബിഷപ് ഹൌസിലും പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു വര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വിരമിച്ച ഒഴിവിലേക്കാണു റവ. ഡോ. ജോസഫ് കൊടകല്ലില്‍ നിയമിതനായത്. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സത്നാ രൂപതാ ആസ്ഥാനത്ത് രൂപത അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലപ്പിള്ളിയുമാണു നിയമനപ്രഖ്യാപനം അറിയിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. സത്നാ രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയകിഴക്കേലും കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും പങ്കെടുത്തു. 1965 ഡിസംബര്‍ 18നു കോതമംഗലം രൂപതയിലെ പോത്താനിക്കാട് ഇടവകയിലാണ് പുതിയ ഇടയന്റെ ജനനം. മേലമ്പാറയിലെ ദീപ്തിഭവന്‍, റീവാ ക്രിസ്തു വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ മൈനര്‍ സെമിനാരി പഠനം നടത്തി റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ തത്വശാസ്ത്രവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1991 ഡിസംബര്‍ 31നു സത്നാ രൂപതയ്ക്കുവേണ്ടി പൌരോഹിത്യം സ്വീകരിച്ചു. മധ്യപ്രദേശിലെ റീവായില്‍ മൂന്നു വര്‍ഷം ഇടവകവികാരിയായി ശുശ്രൂഷ ചെയ്ത ശേഷം വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്നു സത്നാ മൈനര്‍ സെമിനാരിയുടെ റെക്ടറായി മൂന്നു വര്‍ഷം സേവനം ചെയ്തു. പിന്നീട് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു ആരാധനക്രമത്തില്‍ ഡോക്ടറേറ്റ് നേടി. ശേഷം സത്നാ സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയില്‍ അധ്യാപകനായി. 2009ല്‍ സത്നാ രൂപതയുടെ വികാരി ജനറാളായും സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ വികാരിയായും നിയമിക്കപ്പെട്ടു. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്യുന്നതിനിടെയാണു മെത്രാനായുള്ള നിയമനം. പോത്താനിക്കാട് കൊടകല്ലില്‍ പരേതനായ ജോണും മറിയക്കുട്ടിയുമാണു നിയുക്തമെത്രാന്റെ മാതാപിതാക്കള്‍. കോതമംഗലം രൂപതയിലെ വാഴക്കുളം ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ സഹോദരനാണ്. ബേബി, ഡോളി, സോണി എന്നിവരാണു മറ്റു സഹോദരങ്ങള്‍.