News >> കുടുംബങ്ങളെ ഒരുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം: സിനഡ്

കൊച്ചി: പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങളെ ഒരുക്കുന്നതില്‍ വൈദികരും സമര്‍പ്പിതരും കൂടുതല്‍ ശ്രദ്ധയൂന്നണമെന്നു സീറോ മലബാര്‍ സിനഡ് ആഹ്വാനം ചെയ്തു. കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകളുടെ കാരണങ്ങളും പരിഹാരങ്ങളും അജപാലന തലങ്ങളില്‍ അവലോകനം ചെയ്യപ്പെടണം. പുതിയ വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങളെ പ്രാപ്തമാക്കുന്നതിനു വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും നിരന്തര പരിശീലനം ആവശ്യമാണ്. 

കുടുംബങ്ങള്‍ക്കായി റോമില്‍ മാര്‍പാപ്പ വിളിച്ചുചേര്‍ത്ത സിനഡില്‍ സീറോ മലബാര്‍ കുടുംബങ്ങളുടെ പ്രാര്‍ഥനാചൈതന്യവും കെട്ടുറപ്പും ആകര്‍ഷകമായ ആചാരങ്ങളും ആഗോളസഭ അതീവ താത്പര്യത്തോടും പ്രതീക്ഷയോടും കൂടി ശ്രദ്ധിച്ചതായി സിനഡില്‍ പങ്കെടുത്ത മെത്രാന്മാര്‍ പറഞ്ഞു. റോമിലെ സിനഡിന്റെ ഉള്‍ക്കാഴ്ചകളെയും നിര്‍ദേശങ്ങളെയും വിലയിരുത്തിയ സീറോ മലബാര്‍ സിനഡ്, ഇടവകസമൂഹങ്ങള്‍ കുടുംബങ്ങളെ പരസ്പരം സഹായിക്കേണ്ടത് ആവശ്യമാണെന്നു വിലയിരുത്തി. 

വിവാഹത്തിനു മുമ്പും ശേഷവും സഭ നല്‍കുന്ന പരിശീലന പരിപാടി കുടുംബാംഗങ്ങളുടെ ആത്മീയ, ധാര്‍മിക വളര്‍ച്ചയെ വലിയതോതില്‍ സഹായിക്കുന്നുണ്ട്. പ്രായമായവരെ ആദരിക്കാനും കുടുംബങ്ങളുടെ ദൃഢതയ്ക്ക് അവര്‍ നല്‍കുന്ന സംഭാവനകളെ മാനിക്കാനും കുടുംബാംഗങ്ങള്‍ മറക്കരുത്. 

ഭാരതത്തിലെ സീറോ മലബാര്‍ പ്രവാസികള്‍ക്കുവേണ്ടി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലദായകമാകുന്നതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. ഈ രംഗത്തു പരസ്പര സഹകരണത്തിന്റെയും തുറവിയോടുകൂടെയുള്ള സമീപനങ്ങളുടെയും ഫലങ്ങള്‍ കണ്ടുതുടങ്ങുന്നതായി പ്രവാസികള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡിനെ അറിയിച്ചു.

ഇന്ന് (10-01-2016) അങ്കമാലി സെന്റ് ഹോര്‍മീസ് കിഴക്കേപള്ളിയുടെ പുനര്‍കൂദാശാ കര്‍മത്തില്‍ സിനഡിലെ മെത്രാന്മാര്‍ പങ്കെടുക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡ് 12നു സമാപിക്കും.
Source: Deepika