News >> പ്രേഷിത വാരാചരണത്തിനു തുടക്കമായി

കൊച്ചി: മിഷനെ അറിയുക മിഷനറിയാവുക എന്ന ചിന്താവിഷയവുമായി സീറോ മലബാര്‍ സഭ പ്രേഷിതവാരാചരണത്തിനു തുടക്കമായി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. 

സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ സഹായിക്കുന്നതാണു പ്രേഷിതവാരാചരണമെന്ന് അദ്ദേഹം പറഞ്ഞു. മിഷന്‍ പഠനങ്ങളെ അറിഞ്ഞു പ്രാര്‍ഥനയിലൂടെയും ദൈവവിളി പ്രോത്സാഹനങ്ങളിലൂടെയും സാമ്പത്തികമായും പ്രേഷിതരെയും പ്രേഷിതമേഖലകളെയും സഹായിക്കാനാണ് മിഷന്‍ വാരാചരണം. 

എല്ലാ വര്‍ഷവും നടത്തുന്ന സീറോ മലബാര്‍ മിഷന്‍ ഞായര്‍ ആചരണം കൂടുതല്‍ ഫലപ്രദവും അര്‍ഥപൂര്‍ണവും ആകേണ്ടത് ആവശ്യമാണെന്നു സീറോ മലബാര്‍ സിനഡ് വിലയിരുത്തിയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍, ഓഫീസ് സെക്രട്ടറിമാരായ സിസ്റര്‍ ആന്‍സി, സിസ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പങ്കെടുത്തു. ദനഹാ തിരുനാള്‍ ദിനം മുതല്‍ ഒരാഴ്ചയാണു സീറോ മലബാര്‍ സഭയിലെ രൂപതകളിലും ഇടവകകളിലും പ്രേഷിതവാരമായി ആചരിക്കുന്നത്.
Source: Deepika