News >> അങ്കമാലി കിഴക്കേ പള്ളി പുനര്‍കൂദാശ ചെയ്തു

സ്വന്തം ലേഖകന്‍

അങ്കമാലി: ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ഏബ്രഹാമിന്റെ കബറിടമുള്ള പ്രസിദ്ധമായ അങ്കമാലി സെന്റ് ഹോര്‍മീസ് പള്ളി (കിഴക്കേ പള്ളി)യുടെ പുനര്‍കൂദാശ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൂദാശകര്‍മം. വിവിധ ക്രൈസ്തവസഭകളുടെ മെത്രാന്മാരും വൈദികരും വിശ്വാസികളും സാക്ഷികളായി. 

സംവാദത്തിലൂടെയും പ്രാര്‍ഥനാപൂര്‍വമായ സഹകരണത്തിലൂടെയും സഭൈക്യചിന്താഗതികളെ പ്രോത്സാഹിപ്പിക്കാന്‍ സഭാശുശ്രൂഷകര്‍ക്കും വിശ്വാസിസമൂഹത്തിനും കടമയുണ്െടന്നു സീ റോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. പുനര്‍കൂദാശ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ സഭകളും ഇന്ന് എക്യുമെനിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സഭൈക്യത്തെക്കുറിച്ചുള്ള ചിന്ത എല്ലാ സഭകളിലും സജീവമാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ സഭകളില്‍ സംജാതമായിരിക്കുന്ന ഈ നവചൈതന്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, നമ്മുടെ പൂര്‍വികര്‍ ആഗ്രഹിക്കാതെ സംഭവിച്ച വിഭജനങ്ങള്‍ മൂലമുണ്ടായ മുറിവുകളെ സുഖപ്പെടുത്തണം. പുതിയ മുറിവുകള്‍ സൃഷ്ടിക്കാതെ ഐക്യത്തിന്റെ പാതയില്‍ നിഷ്ഠയോടെ നീങ്ങുന്നതിനും സഭാശുശ്രൂഷകര്‍ പ്രതിജ്ഞാബദ്ധതയോടെ നീങ്ങണം. സഭാമക്കളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. മാര്‍ത്തോമ്മാമക്കളുടെ സഭാപരമായ ഐക്യം ഈ മക്കളെ ഉള്‍ക്കൊള്ളുന്ന സഭകളെ സംബന്ധിച്ചിടത്തോളം പ്രധാന ദൌത്യമായി സ്വീകരിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധരിക്കപ്പെട്ട ദേവാലയം നമ്മുടെ സഭകളില്‍ നിരന്തരം നടക്കേണ്ട നവീകരണത്തിന്റെ പ്രതീകമായി നിലകൊള്ളണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടി ച്ചേര്‍ത്തു. 

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് അങ്കമാലിയിലെത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും മറ്റു മെത്രാന്മാരെയും ദേശീയപാതയില്‍നിന്ന് ഇടവകജനം സ്വീകരിച്ചു. ദേവാലയത്തിനു മുമ്പില്‍ സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ് പ്രധാന വാതില്‍ വിശ്വാസികള്‍ക്കായി തുറന്നുനല്‍കി. തുടര്‍ന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൂദാശാകര്‍മത്തില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ എഫ്രേം നരികുളം, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ മുഖ്യസഹകാര്‍മികരായി. സംവാദത്തിലൂടെയും പ്രാര്‍ഥനാപൂര്‍വമായ സഹകരണത്തിലൂടെയും സഭൈക്യചിന്താഗതികളെ പ്രോത്സാഹിപ്പിക്കാന്‍ സഭാമക്കള്‍ക്കു കടമയുണ്െടന്നു കര്‍ദിനാള്‍ വചനസന്ദേശത്തില്‍ പറഞ്ഞു.

ദിവ്യബലിയെത്തുടര്‍ന്നു അള്‍ത്താരയിലുള്ള മാര്‍ ഏബ്രഹാമിന്റെ കബറിടത്തിനു മുകളിലുള്ള ശിലാഫലകം ഈസ്റ് സിറിയന്‍ കല്‍ദായ സഭയുടെ മെത്രാപ്പോലീത്ത ഡോ.മാര്‍ അപ്രേം അനാഛാദനംചെയ്തു. മാര്‍ ഏബ്രഹാം മെത്രാപ്പോലീത്തയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭദ്രാസന ദേവാലയമായ കിഴക്കേപള്ളിയെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി റവ.ഡോ.ഇഗ്നേഷ്യസ് പയ്യപ്പിള്ളി എഡിറ്റ് ചെയ്തു തയാറാക്കിയ ഗ്രന്ഥം സേവേറിയോസ് മാര്‍ ഏബ്രഹാം മെത്രാപ്പോലീത്ത പ്രകാശനംചെയ്തു. കൂദാശാകര്‍മത്തില്‍ പങ്കെടുത്ത മെത്രാന്മാര്‍ക്കും ദേവാലയ നിര്‍മാണത്തിലെ സഹകാരികള്‍ക്കും മാര്‍ ആലഞ്ചേരി ഉപഹാരങ്ങള്‍ നല്‍കി. 

എറണാകുളം-അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വീസസ് ആരംഭിക്കുന്ന കാരുണ്യ ഇന്‍ഷ്വറന്‍സ് ആരോഗ്യ സുരക്ഷ പദ്ധതി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനംചെയ്തു. കാരുണ്യവര്‍ഷത്തില്‍ അങ്കമാലി ബസിലിക്ക നടപ്പാക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിനു ധനസഹായം നല്‍കുന്ന കരുണത്താലി, നിര്‍ധനകുടുബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന കാരുണ്യസദനം, ചികിത്സാസഹായം എന്നീ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമായി. 

ബസിലിക്ക റെക്ടര്‍ റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, സഹവികാരിമാരായ ഫാ. ജിനോ ഭരണികുളങ്ങര, ഫാ. ബാസ്റിന്‍ കിഴക്കേറ്റം, കൈക്കാരന്മാരായ തോമസ് തച്ചില്‍, ജോസ് ജോസഫ് ആറ്റുകടവില്‍, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജോയ് മൂഞ്ഞേലി, നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പോള്‍ കോട്ടയ്ക്കല്‍, ജോയ് പാറയ്ക്കല്‍, എഫ്സിസി കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ശാന്തി മരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ജോസ് തെറ്റയില്‍ എംഎല്‍എ, ഇട്ടൂപ്പ് ആലുക്കല്‍ കോറെപ്പിസ്കോപ്പ തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും ആയിരക്കണക്കിനു വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.
Source: Deepika