News >> സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം: കെആര്‍എല്‍സിസി

സ്വന്തം ലേഖകന്‍

കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിന്റെ(കെആര്‍എല്‍സിസി) 27-ാമത് ജനറല്‍ അസംബ്ളി ഇടക്കൊച്ചി ആല്‍ഫ പാസ്ററല്‍ സെന്ററില്‍ സമാപിച്ചു. മതേതരത്വമാണു ലത്തീന്‍ സമുദായത്തിന്റെ അടിസ്ഥാനമൂല്യമെന്നും അതേസമയം, സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ഒന്നിച്ചു മുന്നോട്ടുപോകുമെന്നും സമാപന സന്ദേശത്തില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം പറഞ്ഞു. 

കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനായിരുന്നു. കേരള സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതില്‍ ദ്വിദിന ജനറല്‍ അസംബ്ളി പാസാക്കിയ രാഷ്ട്രീയപ്രമേയം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതീയമായി ജനങ്ങളെ വിഭജിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും സമൂഹത്തെ ഭയാനകമായ പഴയകാലത്തേക്കു തിരിച്ചുകൊണ്ടുപോകും. ഇതിനെതിരെ ശക്തമായ ജാഗ്രത കെആര്‍എല്‍സിസി പുലര്‍ത്തും. 

ജാതിസംവരണം ദേശീയതലത്തിലും സംസ്ഥാനതലത്തിലും തുടരേണ്ടതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ രാഷ്ട്രീയത്തിനതീതമായി ജനകീയ വിഷയങ്ങളിലുള്ള നിലപാടുകളാണു സംസ്ഥാനത്തിന് അനിവാര്യം. ലത്തീന്‍ സമുദായത്തിനു വേണ്ടി കെആര്‍എല്‍സിസി രൂപപ്പെടുത്തിയിട്ടുള്ള പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം നിയമസഭാതെരഞ്ഞെടുപ്പിലും തുടരും.

പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണം. റബര്‍ കര്‍ഷകര്‍ക്കു സമാശ്വാസം നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. മത്സ്യമേഖലയിലെ തൊഴിലാളികളോടുള്ള നിഷ്ക്രിയത്വം അവസാനിപ്പിക്കണം. അധ്യാപക പാക്കേജിനെക്കുറിച്ചു കോടതി നല്കിയ ഉത്തരവ് നടപ്പാക്കണമെന്നും രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെയും ബിഷപ്പുമാരും സാമുദായിക നേതാക്കളും പങ്കെടുത്തു. 

ഇന്നലെ രാവിലെ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ.സ്റാന്‍ലി റോമന്‍, ഡോ.ജോസഫ് കാരിക്കശേരി, ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. ബിഷപ് ഡോ.സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ വചനപ്രഘോഷണം നടത്തി. പാനല്‍ചര്‍ച്ചയില്‍ ഒഎസ്ജെ പ്രൊവിന്‍ഷ്യല്‍ ഫാ.സുനില്‍, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍.പയസ് ആറാട്ടുകുളം, ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ജോസഫ് ജൂഡ്, സിസ്റര്‍ മോളി സിസിആര്‍, ജെസി ജയിംസ് കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി പ്ളാനിംഗ് ബോര്‍ഡ് കണ്‍വീനര്‍ മോണ്‍. ജയിംസ് കുലാസ് മോഡറേറ്ററായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയകാര്യസമിതി ജോയിന്റ് കണ്‍വീനര്‍ ബെന്നി പാപ്പച്ചന്‍ രാഷ്ട്രീയപ്രമേയവും വൈസ് പ്രസിഡന്റ് റവ.ഡോ.പ്രസാദ് തെരുവത്ത് ജനറല്‍ അസംബ്ളിയുടെ തീരുമാനങ്ങളും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച.് പേരേര എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
Source: Deepika