News >> ജ്ഞാനസ്നാനദിനം ആഘോഷിക്കുക
നാം ദൈവമക്കളായി തീരുന്ന സുദിനമായതിനാല്‍ നമ്മുടെ മാമ്മോദീസാ ദിനം ഓര്‍മ്മിക്കേണ്ടതും ആഘോഷിക്കേണ്ടതും പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ജനുവരി 10-ാം തിയതിയിലെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്. പാപ്പായുടെ ഈ സന്ദേശസംഗ്രഹം താഴെ ചേര്‍ക്കുന്നു:വിസ്‌മയാജനകമായ ദൈവിക വെളിപ്പെടുത്തലിന് മദ്ധ്യേ യേശു ജോര്‍ദ്ദാന്‍ നദിയില്‍ നില്ക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം നമുക്കായി അവതരിപ്പിക്കുന്നത്. വി. ലൂക്കായുടെ സുവിശേഷം, മുന്നാമദ്ധ്യായം 21-22 വാക്യങ്ങളില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, 'ജനം സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവും വന്ന് സ്നാനമേറ്റു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരുശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവന്‍റെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരവും ഉണ്ടായി; നീ എന്‍റെ പ്രിയ പുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇപ്രകാരം യേശു മിശിഹാ രക്ഷകനും വിമോചകനുമായി പിതാവായ ദൈവം വെളിപ്പെടുത്തുന്നു. ഈ സംഭവം നാല് സുവിശേഷങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- സ്നാപകയോഹന്നാന്‍ ജലംകൊണ്ട് സ്നാനം നല്കിയെന്നതില്‍നിന്ന് യേശു പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നല്കുന്ന സംഭവത്തിലേയ്ക്കുള്ള അവസ്ഥാന്തരം. നമ്മുടെ ക്രിസ്തീയ സ്നാനത്തില്‍ പരിശുദ്ധാത്മാവ് പ്രാധാന നിര്‍മ്മാതാവാണ്, പങ്കുവഹിക്കുന്നവനുമാണ്. ആദ്യപാപത്തെ ജ്വലിപ്പിച്ചില്ലാതാക്കുന്നവന്‍, അങ്ങനെ സ്നാനപ്പെടുന്നവന്‍ ദൈവകൃപയുടെ മനോഹാരിത വീണ്ടെടുക്കുന്നു. അന്ധകാരത്തില്‍ നിന്ന്, അതായത് പാപത്തില്‍ നിന്ന് പരിശുദ്ധാത്മാവ് നമ്മെ മോചിപ്പിക്കുന്നു. അങ്ങനെ നാം സ്നേഹവും സത്യവും സമാധാനവുമായ .. പ്രകാശമണ്ഡലത്തിലേയ്ക്ക് നീങ്ങുന്നു, അതുതന്നെയാണ് പ്രകാശമണ്ഡലം. ജ്ഞാനസ്നാനം എന്തുവലിയ മഹത്വത്തിലേയ്ക്കാണ് നമ്മെ ഉയര്‍ത്തുന്നതെന്ന് ചിന്തിച്ചു നോക്കുക. ദൈവമക്കള്‍ എന്ന് വിളിക്കപ്പെടാന്‍ പിതാവ് എന്തുമാത്രം സ്നേഹമാണ് നല്കിയിരിക്കുന്നതെന്ന് കണ്ടാലും, യഥാര്‍ത്ഥത്തില്‍ നാം അങ്ങനെയാണ് താനും എന്ന് വി. യോഹന്നാന്‍റെ ഒന്നാം ലേഖനം 3.1-ല്‍ പറയുന്നുണ്ട്. അനുസരണമുള്ള ദാസനായ യേശുവിനെ പിന്തുടരാനുള്ള ഉത്തരവാദിത്വവും ദൈവമക്കളായിരിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യേശുവിന്‍റെ പ്രകൃതമായ, മുഖഭാവമായ സൗമ്യതയും എളിമയും ആര്‍ദ്രതയും അതുവഴി നമ്മില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. ഇത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് നമുക്ക് ചുറ്റും നിറയെ അസഹിഷ്ണുതയും, അഹങ്കാരവും നിര്‍ദയതയും നിലനില്‍ക്കുമ്പോള്‍. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നമുക്കത് സാദ്ധ്യമാണ്.നമ്മുടെ ജ്ഞാനസ്നാനദിനത്തില്‍ ആദ്യമായി നമുക്ക് ലഭിച്ച പരിശുദ്ധാത്മാവ് സത്യത്തിലേയ്ക്ക്, സമ്പൂര്ണ്ണമായ സത്യത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുക്കുന്നു. ക്ലേശകരമായതാണ് നമ്മുടെ പാതയെന്നിരുന്നാലും നമ്മുടെ സഹോദരങ്ങളോടുള്ള സന്തോഷകരമായ സ്നേഹത്തിലേയ്ക്കും ഐക്യദാര്‍ഡ്യത്തിലേയ്ക്കും പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. പരിശുദ്ധാത്മാവ് ദൈവികക്ഷമയുടെ മൃദുലത നമുക്ക് തരുന്നു. അദമ്യമായ ദൈവികകാരുണ്യത്തിന്‍റെ ശക്തിയാല്‍ നമ്മെ നിറയ്ക്കുന്നു. പരിശ്ദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്ക് അവന്‍ ജീവിക്കുന്ന സാന്നിദ്ധ്യമാണ്, ജീവദായകമാണ്, നമ്മിലൂടെ പ്രാര്‍ത്ഥിക്കുകയും നമ്മെ ആത്മീയാനന്ദത്താല്‍ നിറയ്ക്കുകയും ചെയ്യുന്നുവെന്ന കാര്യം നാം മറക്കരുത്.ഇന്ന് യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍ ദിവസം, നമ്മുടെ മാമ്മോദീസാദിനത്തേക്കുറിച്ചും ചിന്തിക്കാം. നാമെല്ലാവരും മാമ്മോദീസാ സ്വീകരിച്ചവരാണ്, ഈ ദാനത്തിന് നമുക്ക് നന്ദി പറയാം. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു, നിങ്ങളില്‍ ആര്‍ക്കൊക്കെ തങ്ങളുടെ മാമ്മോദീസാ തിയതി ഓര്‍മ്മയുണ്ട്? തീര്‍ച്ചയായും എല്ലാവര്‍ക്കും അറിയില്ലായിരിക്കും. എന്നാല്‍ നിങ്ങള്‍ തിരിച്ചുചെല്ലുമ്പോള്‍ മാതാപിതാക്കളില്‍നിന്നോ, വല്യമ്മവല്ല്യപ്പന്മാരില്‍നിന്നോ തലതൊട്ടപ്പന്‍, തലതൊട്ടമ്മ എന്നിവരില്‍നിന്നോ ഇടവകയില്‍നിന്നോ അത് കണ്ടെത്തണം. അതറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, എന്തുകൊണ്ടെന്നാല്‍ അത് ആഘോഷിക്കേണ്ട് ഒരു സുദിനമാണ്. കാരണം അത് നാം ദൈവമക്കളായി പുനര്‍ജ്ജനിച്ച ദിവസമാണ്. ഇത് നിങ്ങള്‍ക്കുള്ള ഈയാഴ്ചത്തെ ഹോംവര്‍ക്കാണ്, കൃത്യമായുള്ള മാമ്മോദീസാ തിയതി കണ്ടുപിടിക്കുകായെന്നത്. എല്ലാവരും സ്വസഹോദരങ്ങളായ സഭയിലെ അംഗങ്ങളായും ഒരു പുതിയ മനുഷ്യരാശിയായും, ക്രൈസ്തവരായി ജീവിക്കാനുള്ള പ്രതിബദ്ധതയോടെ, യേശുവുമായുള്ള നമ്മുടെ ബന്ധത്തെ പുനരുറപ്പിക്കുക എന്നതാണ് സ്നാനദിവസം ആഘോഷിക്കുകയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.നമ്മെ ദൈവമക്കളാക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ എല്ലാദിവസവും സ്വീകരിച്ചുകൊണ്ട്, ജ്ഞാനസ്നാനത്തിന്‍റെ സന്തോഷത്തോടും അപ്പസ്തോലിക തീക്ഷണതയോടുംകൂടെ ജീവിക്കുന്നതിനായി, സ്വന്തം പുത്രനായ യേശുവിന്‍റെ ആദ്യശിഷ്യയായ പരി.കന്യകാമറിയം നമ്മെ സഹായിക്കട്ടെ.Source: Vatican Radio