News >> വിശ്വാസം ഏറ്റം മഹത്തായ പാരമ്പര്യ സ്വത്ത്
തങ്ങളുടെ മക്കള്‍ക്ക് കൈമാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്ന ശ്രേഷ്ഠതമ പാരമ്പര്യസ്വത്ത് വിശ്വാസമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു. യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന പത്താം തിയതി ഞായറാഴ്ച (10/01/16) വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച്, 26 നവജാതശിശുക്ക ള്‍ക്ക് താന്‍ മാമ്മോദീസ നല്കിയ തിരുക്കര്‍മ്മവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി ദൈവത്തിന്‍റെ സഭയോട് ആവശ്യപ്പെടുന്നതെന്ത് എന്ന് മാമ്മോദീസാവേളയില്‍ താന്‍ മാതാപിതാക്കളോടു ചോദിച്ചതും, അവര്‍ വിശ്വാസം എന്ന് പ്രത്യുത്തരിച്ചതും അനുസ്മരിച്ചുകൊണ്ട് പാപ്പാ, കാലത്തിന്‍റെ ഗതിയില്‍, ഒരു ചങ്ങലയെന്നപോലെ, ഒരു തലമുറ മറ്റൊരു തലമുറയ്ക്ക് വിശ്വാസം കൈമാറിപ്പോരുകയാണെന്ന് പ്രസ്താവിച്ചു. ഈ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും, അതിനെ ഊട്ടിവളര്‍ത്തുകയും പൈതൃകസമ്പത്തായി നല്കുകുയും ചെയ്യുന്നതില്‍ ശ്രദ്ധയുള്ളവരായിരിക്കാന്‍ പാപ്പാ മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു. മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയട്ടെയെന്നും, മാതാപിതാക്കളില്‍ നിന്ന് മക്കള്‍ സ്വീകരിക്കുന്ന ഏറ്റം വലിയ പാരമ്പര്യസ്വത്ത് വിശ്വാസമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. വിശന്നു കരയുന്ന ഒരു കുഞ്ഞിന്, എവിടെ വച്ചായാലും, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി ഭക്ഷണം നല്കുകയെന്ന ഒരു ഉപദേശവും പാപ്പാ അമ്മമാര്‍ക്ക് നല്കി. റോമിലെ സമയം ഞായറാഴ്ച രാവിലെ 09:30 ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 02 മണിക്ക്) താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ ജീവനക്കാരുടെ 13 ആണ്‍കുഞ്ഞുങ്ങളെയും അത്രയുംതന്നെ പെണ്‍കുഞ്ഞുങ്ങളെയുമാണ് സ്നാനപ്പെടുത്തിയത്. അനുവര്‍ഷം, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ ഏതാനും നവജാതശിശുക്കള്‍ക്ക് പാപ്പാ മാമ്മോദീസാ നല്കുക പതിവാണ്.Source: Vatican Radio